ഡൽഹിയിലെ ‘തണൽ’ പാലക്കാട് എത്തിയപ്പോൾ, ഈ വീടിന് പറയാൻ കഥകളേറെ Blending Tradition and Modernity
Mail This Article
മുപ്പത് വർഷമായി ഡൽഹിയിൽ താമസമാക്കിയ വിനോദ് രാജഗോപാലനും ഉഷയ്ക്കും നാട്ടിൽ വീടുവയ്ക്കാൻ മോഹമുദിക്കുന്നു. അങ്ങനെയാണ് അവർ പാലക്കാട് ‘ഡിസൈൻ പരമ്പര’യിലെ ആർക്കിടെക്ട് ബിബിലാലിനെ സമീപിക്കുന്നത്. വർഷങ്ങളായി ശേഖരിച്ചിട്ടുള്ള ഫർണിച്ചറും അലങ്കാര വസ്തുക്കളും പുതിയ വീട്ടിൽ വയ്ക്കാനിടം വേണം എന്നതായിരുന്നു പ്രധാന ആവശ്യം. കലകളെയും കലാകാരന്മാരെയും സ്നേഹിക്കുന്നതിനാൽ അത്തരത്തിലുള്ള ധാരാളം ശേഖരം അവരുടെ പക്കലുണ്ടായിരുന്നു.
തണൽ എന്നായിരുന്നു ഡൽഹിയിലെ വീടിന്റെ പേര്. പാലക്കാട്ടെ പുതിയ വീടിന്റെ പേരും അതു തന്നെയായിരിക്കും എന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. പുതിയ സ്ഥലത്തേക്കും വീട്ടിലേക്കും ജീവിതം പറിച്ചു നടുമ്പോൾ പ്രത്യേകിച്ചു മാറ്റമൊന്നും അനുഭവപ്പെടാതിരിക്കാൻ ഫർണിച്ചറെല്ലാം പഴയതു തന്നെ നൽകി. മാത്രമല്ല, സുസ്ഥിര നിർമാണ ശൈലിയോട് വീട്ടുകാർക്ക് താൽപര്യമുള്ളതായും ആർക്കിടെക്ടിനു മനസ്സിലായി.
പാലക്കാട്ടെ അഗ്രഹാര തെരുവിൽ ബാല്യം ചെലവിട്ട വീട്ടുകാർക്ക് ഗൃഹാതുരതയുടെ സ്പർശം സമ്മാനിച്ചാണ് എക്സ്റ്റീരിയർ രൂപകൽപന. അഗ്രഹാര തെരുവുകളിൽ നിരനിരയായ ഓടിന്റെ കാഴ്ചയെ അനുസ്മരിപ്പിക്കും വിധം പല നിരപ്പിൽ ഓടുകൾ നൽകി വീടിന്റെ മേൽക്കൂരയൊരുക്കി.
18 സെന്റിൽ ചുറ്റോടു ചുറ്റും ലാൻഡ്സ്കേപ് വേണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ചെടികളുടെ ശേഖരം കണ്ടെയ്നറിൽ നാട്ടിലേക്കു കൊണ്ടുവന്നു. അതോടെ അവിടെ ടെറസിൽ വളർന്ന ചെടികൾ ഇവിടെ മണ്ണിൽ വേരുകളാഴ്ത്തി. വീടിനു മുന്നിൽ പൂവുള്ള ചെടികൾ നൽകി. പിന്മുറ്റത്ത് മിയാവാക്കി ശൈലിയിൽ ഉദ്യാനം ഒരുക്കി. മരങ്ങളും ചെടികളും ഇടകലർത്തി നിർമിച്ച ഈ ഉദ്യാനത്തിൽ ഒരു സെന്റിൽ 80 ചെടികളോളം വരുന്നു. ഫലവൃക്ഷങ്ങളും പിന്നിലുണ്ട്. വീടിനു മുന്നിലും പിന്നിലും പച്ചപ്പ് നൽകാൻ ശ്രദ്ധിച്ചു.
സ്വകാര്യത ഉറപ്പാക്കിയാണ് മുറികളുടെ വിന്യാസം. പൊതുഇടങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അഞ്ചാറു പേർക്കിരിക്കാൻ പാകത്തിനാണ് സിറ്റ്ഔട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെയിരുന്നാൽ മുന്നിലെ പൂന്തോട്ടം ആസ്വദിക്കുകയുമാകാം. 100 വർഷത്തോളം പഴക്കമുള്ള പന കൊണ്ടുള്ള തൂൺ ആണ് സിറ്റ്ഔട്ടിന്. 20 വർഷമായി വീട്ടുകാർ വാങ്ങി സൂക്ഷിച്ചിരുന്നതാണ് ഇത്.
ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ പരസ്പരബന്ധിതമായി ഒരേ രേഖയിൽ വരുന്നു. അതിനു ശേഷം ഒരു ഇടനാഴിയും കോർട്‌യാർഡുമാണ്. ഇടനാഴിയിൽ നിന്ന് കിടപ്പുമുറികളിലേക്ക് പ്രവേശിക്കാവുന്ന വിധത്തിലുളള രൂപകൽപന സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കുന്നു.
ഡൈനിങ്ങിൽ നിന്നുള്ള പാറ്റിയോയിൽ ഇരുന്നാൽ പിന്മുറ്റത്തിന്റെ ഭംഗി ആസ്വദിക്കാം. ഇവിടെ ജാളി നൽകി മോടി കൂട്ടിയിട്ടുണ്ട്. പുറത്ത് ടോയ്‍ലറ്റ് വേണമെന്ന ആവശ്യപ്രകാരം ഇവിടെ നൽകിയിട്ടുണ്ടെങ്കിലും എക്സ്പോസ്ഡ് ബ്രിക് വർക് നൽകി ഭംഗിയേകിയിരിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ടോയ്‌ലറ്റ് തിരിച്ചറിയില്ല. തറയോട് പാകിയ പാറ്റിയോയിലേക്ക് റാംപ് വഴി ഇറങ്ങാം. വാഷ് ഏരിയ അകത്തു വേണ്ട എന്ന വീട്ടുകാരുടെ ആവശ്യപ്രകാരം അതും ഇവിടെയാണ് നൽകിയത്.
ലിവിങ് റൂം, കോറിഡോർ, മതിൽ എന്നിങ്ങനെ ജാളിയുടെ ഉപയോഗം പലയിടത്തും കാണാം. മുന്നിലെ എലിവേഷനിൽ ആറ് മീറ്റർ വീതിയുള്ള ജാളി നൽകിയിട്ടുണ്ട്. സ്വകാര്യതയ്ക്ക് വളരെയധികം സഹായിക്കുന്നുവെന്നതാണ് ജാളിയെ സ്വീകാര്യമാക്കുന്നത്. മുകളിലെ ടെറസിൽ ഇരിക്കുമ്പോൾ വീട്ടുകാർക്ക് പുറത്തെ കാഴ്ച കാണാം; എന്നാൽ പുറത്തുനിന്ന് അകത്തേക്ക് കാണാൻ സാധിക്കില്ലതാനും.
കോൺക്രീറ്റ് ഫിനിഷിലുള്ള സീലിങ് ഉൾപ്പെടെ നാച്വറൽ ഫിനിഷിലാണ് ഇന്റീരിയര്‍ ഒരുക്കിയത്. ഡൽഹിയിലെ ഇസ്ലാമിക് ആർക്കിടെക്ചറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആർച്ചുകൾ നൽകിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആധുനികതയുടെയും ഗ്രാമീണതയുടെയും മനോഹര സമന്വയമാണ് ‘തണൽ’.
ചിത്രങ്ങൾ: പി. പി. സഞ്‍ജയ്
Area: 2980sqft Owner: വിനോദ് രാജഗോപാലൻ & ഉഷ Location: ആയക്കാട്, പാലക്കാട്
Design: Design Parampara, പാലക്കാട് Email: designparampara@gmail.com
Materials:
ഭിത്തി: ഇഷ്ടിക, ജനൽ: യുപിവിസി, വാതിലുകൾ: സ്റ്റീൽ, സ്റ്റെയർകേസ്: സ്റ്റീലും തടിയും, ഫ്ലോറിങ്: വിട്രിഫൈഡ് ടൈൽ, റൂഫ്: ഒാട്, കിച്ചൺ കൗണ്ടർടോപ്പ്: 15 എംഎം ടൈൽ സ്ലാബ്, കിച്ചൺ കാബിനറ്റ്: ഡബ്ല്യുപിസി, വാഡ്രോബ്: മറൈൻ പ്ലൈവുഡ്
