ADVERTISEMENT

വളരെ വൈകിപ്പോയി...! വീട് ഡിസൈൻ ചെയ്യിക്കാനായി എത്തിയ നൈനാൻ തര്യനോടും മീനയോടും ആർക്കിടെക്ട് ബെന്നി കുര്യക്കോസ് ആദ്യം പറഞ്ഞത് ഇതാണ്. നൈനാൻ തര്യന് അന്ന് 63 വയസായിരുന്നു പ്രായം. അമേരിക്കയിലും ചെന്നൈയിലുമൊക്കെയായി ഔദ്യോഗികജീവിതം പൂർത്തിയാക്കി മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. ജന്മനാടായ അങ്കമാലി മൂക്കന്നൂരിൽ വീടുവയ്ക്കാനായിരുന്നു പദ്ധതി.

onlinemasterpageNew12

ജാതിയും മാംഗോസ്റ്റീനും നിറഞ്ഞു നിൽക്കുന്ന എട്ട് ഏക്കറിലായിരുന്നു നൈനാന്റെ തറവാട്. 110 വർഷമായിരുന്നു പഴക്കം. ഇതു പുതുക്കിയെടുക്കുന്നതിനെപ്പറ്റി ആദ്യം ആലോചിച്ചിരുന്നു. പലയിടത്തും കാര്യമായ കേടുപാട് സംഭവിച്ചിരുന്നതിനാൽ ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് പുതിയ വീട് പണിയാൻ തീരുമാനിക്കുന്നത്.

onlinemasterpageNew13
ADVERTISEMENT

രണ്ടുപേർക്കും പ്രായം 60 കഴിഞ്ഞു. മക്കൾ രണ്ടുപേരും വിദേശത്ത്. സാധാരണ വീട് ഈ പ്രായത്തിൽ ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ എന്ന് ആർക്കിടെക്ട് തുറന്നു പറഞ്ഞു. വിശ്രമജീവിതം ആനന്ദകരമാക്കാൻ സഹായിക്കുന്ന രീതിയിലുള്ള, ഓൾഡ് ഏജ് ഫ്രണ്ട്‌ലിയായ വീടാകും നല്ലത് എന്നായിരുന്നു അഭിപ്രായം. വിദേശത്തുള്ള മക്കൾക്കും കൊച്ചുമക്കൾക്കും വീട്ടിലേക്ക് എത്താൻ തോന്നണം. അതിന് വീടൊരു കോൺക്രീറ്റ് കാടാകരുത്. ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയെ ചേർത്തുപിടിക്കുമ്പോൾ കൈവരുന്ന ‘റിസോർട് ഫീൽ’ അവർക്ക് ഇഷ്ടപ്പെടും. രണ്ടുപേരുടെയും കാലശേഷം മക്കൾ നാട്ടിലേക്ക് വരുന്നില്ല എങ്കിൽ വീടിനെ ഹോംസ്‌റ്റേയോ റിസോർട്ടോ ആയി എളുപ്പത്തിൽ പരിവർത്തനപ്പെടുത്താം. വീടൊരു ബാധ്യതയാകില്ല. എന്നുമാത്രമല്ല, നല്ലൊരു വരുമാനമാർഗമാകുകയും ചെയ്യും.

onlinemasterpageNew16

നൈനാനും മീനയും ഇതിനോട് പൂർണമായും യോജിച്ചു. അങ്ങനെയാണ് 4800 സ്ക്വയർഫീറ്റ് വലുപ്പമുള്ള ഒറ്റനില വീട് പിറവിയെടുക്കുന്നത്.

ADVERTISEMENT

തടികൊണ്ടുള്ള വീട് പൊളിച്ചു വിൽക്കാൻ ശ്രമിച്ചപ്പോൾ പറഞ്ഞ കൂടിയ വില ഒന്നര ലക്ഷം രൂപ! പഴയ തടിവീട് വിൽക്കാൻ പദ്ധതിയിടുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ് പിന്നീട് സംഭവിച്ചത്: പുതിയ വീടിന്റെ വാതിൽ, ജനൽ, ഫർണിച്ചർ, ഫ്ലോറിങ് തുടങ്ങിയവയ്ക്കായി കൊള്ളാവുന്ന തടിയെല്ലാം ഉപയോഗിക്കാം എന്ന് തീരുമാനിച്ചു. എന്നിട്ട് വീട്ടുകാരുടെ മേൽനോട്ടത്തിൽ തന്നെ വീട് പൊളിച്ചു. അപ്പോൾ പുനരുപയോഗത്തിനായി ലഭിച്ചത് ഏകദേശം 20 ലക്ഷം രൂപയുടെ തടി!

onlinemasterpageNew17

ബാത്റൂം അടക്കം എല്ലാ മുറികളിലും വീൽചെയറിൽ എത്താം എന്നതാണ് ‘ഓൾഡ് ഏജ് ഫ്രണ്ട്‌ലി’ ഡിസൈനിന്റെ സവിശേഷത. പ്രധാന വാതിലിലുൾപ്പെടെ ഒന്നിനും പടി നൽകിയില്ല. വീൽചെയർ കടക്കാൻ ആവശ്യത്തിനു വലുപ്പം എല്ലായിടത്തും നൽകി.

ADVERTISEMENT

ബാത്റൂമിൽ നിരപ്പുവ്യത്യാസത്തിലൂടെ ഡ്രൈഏരിയ, വെറ്റ് ഏരിയ വേർതിരിക്കുന്ന പതിവും ഒഴിവാക്കി. കട്ടിലിനു നാലുചുറ്റും വീൽചെയറിൽ സഞ്ചരിക്കാൻ പാകത്തിന് സ്ഥലം ഒഴിച്ചിട്ടു. ചുമരുകളിൽ‌ വാഡ്രോബ് നൽകാതെ ‘വോക്ക്–ഇൻ‌–വാ‍ഡ്രോബ്’ പ്രത്യേകമായൊരുക്കി.

onlinemasterpageNew15

അവധി സമയത്ത് മാതാപിതാക്കളെയും കൂട്ടി ഏതെങ്കിലും വിദേശരാജ്യത്തേക്ക് ഉല്ലാസയാത്ര. ഇതായിരുന്നു മുൻപ് മക്കൾക്ക് താൽപര്യം. എന്നാൽ പുതിയ വീട് വന്നതോടെ സ്ഥിതി മാറി. അവധി കിട്ടിയാലുടൻ എല്ലാവരും വീട്ടിലേക്ക് എത്തും. മക്കൾ നാട്ടിലില്ലാത്തപ്പോൾ പോലും അവരുടെ സുഹൃത്തുക്കൾ താമസിക്കാനെത്തും.

onlinemasterpageNew14

ചുറ്റുമുള്ള മരങ്ങളെല്ലാം അതേപോലെ നിലനിർത്തിയും വരാന്തയും നടുമുറ്റവും ഉൾപ്പെടെ പൊതുഇടങ്ങൾക്ക് പ്രാധാന്യം നൽകിയ ഡിസൈനിന് വീട്ടുകാരും വീട്ടിൽ വന്നു താമസിച്ചവരും നൽകുന്നത് നൂറിൽ നൂറ് മാർക്ക്.

ഭാവിയിൽ വേണമെങ്കിൽ റിസോർട്ട് അല്ലെങ്കിൽ ഹോംസ്റ്റേ ആയി എളുപ്പത്തിൽ പരിവർത്തനപ്പെടുത്താൻ കഴിയും വിധമാണ് വീടിന്റെ ഡിസൈൻ.

വീട് മുഴുവനായി അല്ലാതെ ഓരോ കിടപ്പുമുറികൾ വീതമായും താമസക്കാർക്ക് നൽകാം. ഓരോ കിടപ്പുമുറിക്കും സ്വകാര്യത ലഭിക്കും വിധമാണ് മൂന്ന് കിടപ്പുമുറികളുടെയും സ്ഥാനം. പൊതുഇടങ്ങളും അതനുസരിച്ചു ക്രമീകരിച്ചു. വീടിനു നടുവിലുള്ള ഫാമിലി ലിവിങ് സ്പേസിലേക്ക് പ്രധാന വാതിലിലൂടെയല്ലാതെ നേരിട്ട് പ്രവേശിക്കാനുമാകും.

രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ബാത്റൂമിന്റെ വലുപ്പം, സാനിറ്ററിവെയർ എന്നിവയെല്ലാം നിശ്ചയിച്ചത്. അതുകാരണം വിദേശികൾക്കും ഇവിടത്തെ താമസം ഇഷ്ടപ്പെടും. ആർക്കിടെക്ട് ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും കണ്ട് പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വീട്ടുകാരെ സമീപിച്ചിരുന്നു.

അമേരിക്കയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ബന്ധുവിന്റെ കുട്ടി വീട്ടിലേക്ക് കടന്നയുടൻ പറഞ്ഞ വാക്കുകളിൽ വീടിന്റെ മുഴുവൻ ചിത്രവും തെളിയും:

‌‘ഐ ലവ് ടു ലിവ് ഹിയർ’. എനിക്ക് ഈ വീട്ടിൽ താമസിക്കാൻ കൊതിയാകുന്നു.

English Summary:

Old age friendly house designs prioritize accessibility and comfort for seniors. This single-story Kerala home design focuses on creating a resort-like atmosphere suitable for both retirement and potential conversion to a homestay or resort.