ADVERTISEMENT

പ്രധാനറോഡിൽ നിന്ന് അല്പം അകത്തേക്കു നീങ്ങി എട്ട് സെന്റ്. കാടുപിടിച്ചു കിടക്കുന്നതിനാൽ ആ സ്ഥലം വിറ്റുകള‍ഞ്ഞാലോ എന്നായിരുന്നു സഹോദരങ്ങളായ രാഹുലും വിമലും ആദ്യം ചിന്തിച്ചത്. എന്നാൽ അവിടെ ‘വീക്കെൻഡ് ഹോം’ നിർമിക്കാം എന്ന ആലോചനയിലാണ് ചർച്ചകൾ അവസാനിച്ചത്.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളായ രാഹുലും വിമലും അച്ഛൻ തുടങ്ങിവച്ച കൺസ്ട്രക്‌ഷൻ കമ്പനി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. അതുകൊണ്ടുതന്നെ, വീക്കെൻഡ് ഹോം നിർമാണം ആരെ ഏൽപ്പിക്കും എങ്ങനെ വേണം എന്നതിനെക്കുറിച്ചൊന്നും വ്യാകുലപ്പെടേണ്ട കാര്യമില്ലായിരുന്നു.

TSR2

കിളിക്കൂട് പോലൊരു വീട്
അൽപം ചരി‍ഞ്ഞുകിടക്കുന്ന പ്ലോട്ട് ആയതിനാൽ മണ്ണിട്ട് നിരപ്പാക്കേണ്ടിവന്നു. ഒരു അപാർട്മെന്റിന്റെ ലാളിത്യത്തോടു കൂടിയ വീട് എന്ന ചിന്തയിലാണ് ഡിസൈൻ തയാറാക്കിയത്. നിർമാണശേഷമുള്ള പരിചരണം കൂടി കണക്കിലെടുത്താണ് മറ്റുള്ളവർക്ക് വീടുകൾ നിർമിച്ചു കൊടുക്കാറുള്ളതെന്ന് വിമൽ പറയുന്നു. എന്നാൽ സ്വന്തം വീട് ആയതിനാൽ പരിചരണമെന്ന പരിമിതിക്കുള്ളിൽ നിൽക്കാതെ ചില സ്വാതന്ത്ര്യങ്ങളെടുത്തു. അങ്ങനെ കണ്ടു പരിചയിക്കാത്ത സ്പാനിഷ് ശൈലിയിൽ മൂന്ന് മാസം കൊണ്ട് ‘റെവെ കാസ’ എന്ന വീക്കെൻഡ് ഹോം തയാറായി.

TSR
ADVERTISEMENT

പോണ്ടിച്ചേരിയിൽ കാണുന്ന ചില വീടുകളായിരുന്നു തങ്ങളുടെ പ്രചോദനം എന്ന് വിമൽ പറയുന്നു. ആർച്ച് കവാടത്തോടു കൂടിയ പടിപ്പുരയാണ് വീടിന്റെ പുറമേനിന്നുള്ള കാഴ്ച. നീളൻ സിറ്റ്ഔട്ടിന്റെ ഒരുവശത്ത് സ്വിമ്മിങ് പൂൾ. വീക്കെൻഡ് ഹോം ആയതിനാൽ സ്ഥിരമായി ഒരു കാർപോർച്ച് നിർമിച്ചിട്ടില്ല. പുല്ല് പിടിപ്പിച്ച മുറ്റത്ത് കാർ കയറ്റിയിടാം, അല്ലാത്ത സമയത്ത് ഈ പുൽത്തകിടി ബാഡ്മിന്റൺ കോർട്ട് ആയും ഉപയോഗിക്കാം.

TSR7

ത്രീ–ഇൻ–വൺ ഹാൾ
ഇരുവശങ്ങളിലും ഇൻബിൽറ്റ് ഇരിപ്പിടങ്ങളോടു കൂടിയ സിറ്റ്ഔട്ടിൽ പൂന്തോട്ടവും നീന്തൽക്കുളവുമൊക്കെ കണ്ട് റിലാക്സ് ചെയ്തിരിക്കാം. അകത്ത് ഒരു ഹാൾ ലിവിങ്, ഡൈനിങ്, അടുക്കള എന്നിങ്ങനെ ഭാഗിച്ചിരിക്കുന്നു. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്.

TSR4
ADVERTISEMENT

ഫർണിച്ചർ കൊണ്ട് ഏരിയകളെ വേർതിരിക്കുന്ന ടെക്നിക് ആണ് ഇവിടെ സ്വീകരിച്ചത്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് സോഫയാണ്. ഡൈനിങ്ങും ഓപ്പൺ കിച്ചണും തിരിക്കാൻ കോൺക്രീറ്റ് കൊണ്ടു നിർമിച്ച ബെഞ്ച് ഉണ്ട്. കിച്ചൺ കൗണ്ടറിന്റെ മറുവശം ഡൈനിങ്ങിലേക്കുള്ള ബെഞ്ച് ആക്കിമാറ്റി. ബെഞ്ചിന് നീലനിറത്തിലുള്ള ഓക്സൈഡ് കൊണ്ടാണ് ഫിനിഷ് നൽകിയത്. തടിപ്പലക ഭിത്തിയിലേക്ക് കയറ്റി ഉറപ്പിച്ചാണ് ഡൈനിങ് ടേബിളിന്റെ നിർമാണം. പറമ്പിൽ നിന്നിരുന്ന പേര മരത്തിന്റെ തടി ട്രീറ്റ് ചെയ്താണ് മേശയ്ക്ക് കാൽ നിർമിച്ചത്.

TSR3

കിടപ്പുമുറികൾ രണ്ടും വളരെ വലുതല്ല. എന്നാൽ അത്യാവശ്യസൗകര്യങ്ങൾ എല്ലാമുണ്ടുതാനും. ഒരു കിടപ്പുമുറിയോടു ചേർന്നു മാത്രമാണ് ബാത്റൂം ഉള്ളത്. സ്വിമ്മിങ് പൂൾ ഉള്ളതിനാൽ പുറത്ത് ഒരു കോമൺ ബാത്റൂമും നിർമിച്ചു.

TSR6
ADVERTISEMENT

പഴയ തടിക്ക് നീലനിറം
കൺസ്ട്രക്‌ഷൻ കമ്പനി നടത്തുന്നവരെ സംബന്ധിച്ച് തടിയുടെ കാര്യത്തിൽ ക്ഷാമമേ ഉണ്ടാകില്ല. പഴയ വീടുകൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഉപേക്ഷിച്ച ജനലുകളും വാതിലുകളും മറ്റ് തടിഭാഗങ്ങളുമെല്ലാം ഇവിടെ പുനരുപയോഗിക്കുകയായിരുന്നു.

TSR5

തടിക്ക് പല നിറങ്ങളും ഫിനിഷുമായതിനാൽ അവയ്ക്കൊരു ഏകീകൃതസ്വഭാവം നൽകാനാണ് ഇളം നീല നിറം നൽകിയത്. വീടിന് തനിമ നൽകാൻ ജനൽ–വാതിലുകളുടെ നിറം സഹായിച്ചു. ഫർണിച്ചറിനു മാത്രം തടിയുടെ ഫിനിഷ് നിലനിർത്തി.
ഒന്നോ രണ്ടോ ഓട് പൊട്ടിയാൽ മാറ്റാനുള്ള പണിക്കാരും സൗകര്യവുമുണ്ട് എന്നതുകൊണ്ടാണ് ഓട് മേഞ്ഞ മേൽക്കൂര തിരഞ്ഞെടുത്തത്. വീടിനുള്ളിൽ ചൂടില്ലാത്തതിനു പ്രധാന കാരണം മേൽക്കൂരയാണ്.

Area: 1000 sqft  Owner:  രാഹുൽ & വിമൽ  Location: അത്താണി, തൃശൂർ
Design:  Rahul construction, വടക്കാഞ്ചേരി,തൃശൂർ  Email: info@rahulconstructions.com