ബിഗ് ബോസ് താരം നാദിറയുടെ പുതിയ വീടിന്റെ വിശേഷങ്ങൾ... സ്വന്തം ഡിസൈനിൽ മൂന്ന് സെന്റിലെ 1450 sqft വീട് Big Boss Fame Nadira’s New Home
Mail This Article
ഒട്ടേറെ വീടുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വീടിനോട് ഇഷ്ടവും ബഹുമാനവും കൂടുതലുണ്ട്. കാരണം, വീട്ടുകാരോടും നാട്ടുകാരോടും പടവെട്ടി സ്വന്തം സ്വത്വം വീണ്ടെടുത്ത ഒരുവളുടെ വിജയത്തിന്റെ അടയാളപ്പെടുത്തലാണ് ഈ വീടെന്നതു തന്നെ. ബിഗ്ബോസ് മത്സരാർഥി എന്ന നിലയിൽ പ്രശസ്തയായ നാദിറ മെഹ്റിൻ അഭിനേത്രി, മോഡൽ, ന്യൂസ് റീഡർ എന്നീ മേഖലകളിലും കഴിവു തെളിയിച്ചയാളാണ്.
‘‘എന്റെ അറിവിൽ കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്വന്തമായി സ്ഥലം വാങ്ങി വീടു വച്ചവർ അപൂർവമാണ്. 23 വയസ്സിൽ ബിഗ്ബോസിലൂടെയാണ് ഞാൻ പ്രശസ്തിയിലേക്ക് എത്തുന്നത്. മൂന്നു വർഷങ്ങൾക്കിപ്പുറം വീട് സ്വന്തമാക്കാനായി എന്നത് വലിയ നേട്ടമായി കരുതുന്നു,’’ നാദിറ സന്തോഷം മറച്ചു വയ്ക്കുന്നില്ല.
കാറ്റ്, വെളിച്ചം, വെള്ള നിറം
‘‘പാരമ്പര്യമായി സ്വത്തോ ഒന്നും അവകാശപ്പെടാനില്ലാത്ത, താഴ്ന്ന നിലയിൽ നിന്ന് പഠിച്ച് ഉയർന്നുവന്നയാളാണ് ഞാൻ. വീട് എന്ന സ്വപ്നമുണ്ടായിരുന്നു. പക്ഷേ, എന്റെ 35കളിലാണ് അതു സാധിക്കുക എന്നാണ് കരുതിയത്. ഒരു രൂപ പോലും കടമില്ലാതെ തിരുവനന്തപുരം നഗരഹൃദയത്തിൽ വീട് വയ്ക്കുക എന്നത് നിസ്സാരകാര്യമല്ല.
ഈ വീട് പെട്ടെന്നങ്ങ് സംഭവിക്കുകയായിരുന്നു. ഇവിടെ പ്ലോട്ട് വിൽക്കാനുണ്ടെന്ന് പറയുന്നതു മാത്രമേ ഓർമയുള്ളൂ. ‘രണ്ട് സെന്റിലെ വീട്’ പോലെയുള്ള വിഡിയോകൾ കാണുന്നത് എന്റെ ഹോബിയായിരുന്നു. കേട്ടപ്പോൾ മൂന്ന് സെന്റില്‍ അത്യാവശ്യം നല്ലൊരു വീടു വയ്ക്കാമല്ലോ എന്നു കരുതി. മൊത്തമായി കോൺട്രാക്ട് കൊടുക്കാതെ സ്വന്തമായി ഓരോന്നും പണിയിക്കുകയായിരുന്നു.
കാറ്റും വെളിച്ചവുമുള്ള വെള്ള വീട് എന്നത് മനസ്സിൽ ഉറപ്പിച്ചിരുന്നു. എനിക്ക് ഇരുട്ട് പേടിയാണ്. വെളിച്ചം നിറയ്ക്കുന്ന വെള്ളനിറത്തോടുള്ള ഇഷ്ടത്തിനു കാരണം അതാണ്. ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ഓപ്പൺ ആയി ഒരുക്കിയത് വലുപ്പം കൂടുതൽ തോന്നിക്കാനാണ്. പച്ച നിറത്തില്‍, അജ്‌രക് പ്രിന്റുള്ള ടൈലോടു കൂടിയ ചെറിയ അടുക്കളയാണ്. വലുപ്പം കൂടുതൽ തോന്നിക്കാനാണ് വലിയ ടൈൽ കൊടുത്തത്. ഞങ്ങളുടെ നാലംഗ കുടുംബത്തിന് ഈ അടുക്കള മതി. വർക്ക്‌ഏരിയയുള്ളതിനാൽ പണി മുഴുവൻ അവിടെത്തന്നെ നടക്കും. തടിയിൽ തീർത്ത ഡബിൾ ഹൈറ്റിലുള്ള ഫ്ലോട്ടിങ് ഗോവണിയാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഗോവണിയുടെ അടിയിൽ ഒരു സാധനം പോലും വയ്ക്കരുതെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്.
അത്യാവശ്യം വലുപ്പമുള്ള നാല് കിടപ്പുമുറികളാണ്. താഴത്തെ മാസ്റ്റർ ബെഡ്റൂം ഗോൾഡൻ തീമിലാണ്. അതിഥികൾ വരുമ്പോൾ ഉപയോഗിക്കാനുള്ള സൗകര്യത്തിന് അതിന് പ്രത്യേകം ബാത്റൂം നൽകി. ഭാവിയിൽ വേണമെങ്കിൽ അറ്റാച്ഡ് ആക്കാനും സാധിക്കും. അനിയത്തിയുടെ മുറി പിങ്ക് തീമിലാണ്. ചുമരുകൾ വെള്ളയായതിനാൽ ഫർണിഷിങ്ങിലും ആക്സസറികളിലുമാണ് നിറങ്ങൾ കൊണ്ടുവന്നത്.
ഫോൾസ് സീലിങ് നൽകിയില്ല. സീലിങ് നൽകിയാൽ ചെലവു കൂടും; മുറികളുടെ ഉയരവും കുറയും. എനിക്ക് ഡിം ലൈറ്റ് ഇഷ്ടമല്ല. അതിനാൽ ലൈറ്റിങ്ങിനായി സീലിങ് നൽകേണ്ട എന്നുവച്ചു. പകരം പൈപ്പിങ് ചെയ്ത് സീലിങ്ങിൽ ലൈറ്റ് നൽകിയതോടെ മുറികൾക്കുള്ളിൽ നിറയെ വെളിച്ചമായി. മേയറും മന്ത്രിയുമടക്കം പല പ്രമുഖരും ഗൃഹപ്രവേശനത്തിനെത്തിയപ്പോൾ അഭിമാനവും സന്തോഷവും തോന്നി.’’
നാദിറയുടെ മാത്രമല്ല, സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കരുതി നാദിറയെ സ്നേഹിക്കുന്ന എല്ലാവരുടെയും സന്തോഷമാണ് ഈ വീട്.
സുനിത നായർ
ചിത്രങ്ങൾ: ഹരികൃഷ്ണൻ
