കൊച്ചിയിലുണ്ടൊരു ‘മഥുര’, ഡോക്ടർ ദമ്പതികളുടെ പുഴയോരത്തെ വീട് പതിവു കാഴ്ചകളിൽ നിന്ന് വ്യത്യസ്തതയേകുന്നു Blending Tradition and Modernity
Mail This Article
മുന്നിൽ ശാന്തമായൊഴുകുന്ന പുഴ. പടവു കയറി തുളസിത്തറയും കടന്ന് വീടിനുള്ളിലേക്ക് കയറുമ്പോൾ നേരെ കാണുന്നത് വലിയ കൃഷ്ണവിഗ്രഹം. ഗൃഹാതുരമായ ഈ കാഴ്ച ഏതെങ്കിലും ഗ്രാമീണാന്തരീക്ഷത്തിലാണെന്ന് കരുതിയാൽ തെറ്റി. എറണാകുളത്ത് തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനിൽ നിന്ന് രണ്ട് മിനിറ്റ് നടന്നാൽ മതി ‘മഥുര’യിലെത്താം. ഡോക്ടർ ദമ്പതികളായ മനോജിന്റെയും മായയുടെയും വീട് ആധുനിക ഭംഗി തുളുമ്പുമ്പോഴും ചില പരമ്പരാഗത കാഴ്ചകളും കരുതി വയ്ക്കുന്നു.
ഇതിനു മുൻപും ശേഷവും പല പ്ലോട്ടുകളും കണ്ടെങ്കിലും ഈ 25 സെന്റ് ഡോക്ടർ മനോജിന്റെ മനസ്സിലുടക്കി നിന്നു. അങ്ങനെ ഇതുറപ്പിച്ചു. വിശാലമായ പറമ്പും വീടും ശീലിച്ച ഡോക്ടർക്ക് ഫ്ലാറ്റിലെ വിരസജീവിതം മടുത്താണ് വീടു പണിയാനൊരുങ്ങിയത്. വീടിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രണ്ടു പേർക്കുമുണ്ടായിരുന്നു. വാസ്തു നിയമങ്ങൾ പൂർണമായി പാലിച്ച് നിർമിക്കുന്ന വീടിന് പല ആർക്കിടെക്ടുമാരെയും കണ്ടെങ്കിലും തൃപ്തിയായില്ല. ഒടുവിൽ ഗ്രീൻ ആർക്കിടെക്ട്സിലെ ആർക്കിടെക്ട് കൃഷ്ണകുമാർ രംഗത്തെത്തി.
പുഴയും പച്ചപ്പും കണ്ട്
പുഴയോടു ചേർന്നായതിനാൽ ഷീറ്റ് പൈൽ ഫൗണ്ടേഷൻ ചെയ്തു. കന്റെംപ്രറി ശൈലിയിലാണ് എക്സ്റ്റീരിയർ. പ്ലോട്ടിലെ മരങ്ങൾ നിലനിർത്തിയതോടൊപ്പം ലാൻഡ്സ്കേപ്പിങ് ചെയ്തു മനോഹരമാക്കി. പുഴയും പച്ചപ്പും വീടിനുള്ളിലെവിടെയിരുന്നും ആസ്വദിക്കാനാകണം എന്നതായിരുന്നു പ്രധാന ആവശ്യം. അതിനായി വലിയ ജനാലകൾ നൽകി. 5.4 മീറ്റർ വീതിയിലുള്ള പ്രധാന വാതിൽ ഒറ്റ മരത്തിൽ ചെയ്തെടുത്തതാണ്. ട്രിപ്പിൾ ഹൈറ്റിലാണ് ലിവിങ് ഏരിയ.
താഴത്തെ നിലയിലെ മുറികളിൽ നിന്നെല്ലാം പുഴ കാണാം. രണ്ടാമത്തെ നിലയിൽ ബാൽക്കണികൾ വഴി പുഴയുടെ കാഴ്ച ഉറപ്പിച്ചു. വീടിനുള്ളിൽ കോർട്‌യാർഡ് നൽകി ചെടികൾ വയ്ക്കുന്നതിനേക്കാൾ പുറത്തെ ചെടികൾ വീടിനുള്ളിലിരുന്ന് ആസ്വദിക്കുക എന്നതാണ് ഡോക്ടറുടെ നയം. പരിപാലനത്തിനും എളുപ്പം അതാണ്.
പ്രകൃതിദത്ത നിർമാണവസ്തുക്കൾ
തടി, വെള്ള, പച്ച എന്നീ നിറങ്ങളുടെ കോംബിനേഷനിലാണ് ഇന്റീരിയർ. തടിപ്പണിയുടെ 80 ശതമാനവും തേക്കു കൊണ്ടാണ്. ബാക്കി മഹാഗണിയും. തേക്ക് മരമായി തന്നെ വാങ്ങുകയായിരുന്നു. കഴിവതും പ്രകൃതിദത്ത നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഫോള്‍സ് സീലിങ് വേണ്ട എന്നതും വീട്ടുകാരുടെ തീരുമാനമായിരുന്നു. മുറികൾക്കെല്ലാം 11 അടി ഉയരമുണ്ട്. മൂന്നു നിലയായതിനാൽ ലിഫ്റ്റും നൽകി.
ഫ്ലോറിങ് വീടിന്റെ ഭംഗിയിൽ പ്രധാന പങ്കുവഹിക്കുന്നു. വെള്ള നിറത്തിലെ ഗ്രാനൈറ്റ് തേടി നടന്ന് ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. അത് വീടിനാകമാനം വെളിച്ചവും വലുപ്പവും തോന്നിക്കാൻ സഹായിക്കുന്നു. മുകളിലെ നിലയിൽ ടൈൽ, കിടപ്പുമുറികളിൽ തടി, സിറ്റ്ഔട്ടിൽ ലപ്പോത്ര ഗ്രാനൈറ്റ് എന്നിങ്ങനെയാണ് ഫ്ലോറിങ്.
ബെഡ്റൂം സ്റ്റൈലിങ്
അഞ്ച് കിടപ്പുമുറികളാണ്. താഴത്തെ നിലയിൽ മാതാപിതാക്കൾക്കുള്ള മുറി. അതിനു പുറത്തായി വള്ളിച്ചെടികൾ പടർത്തിയ ഗ്രിൽ നൽകിയിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ മാസ്റ്റർ ബെഡ്റൂമും കുട്ടികളുടെ ബെഡ്റൂമും നൽകി. സ്വകാര്യതയ്ക്കും ഒത്തൊരുമയ്ക്കുമായി ഈ മൂന്നു കിടപ്പുമുറികളും അടുത്തു തന്നെ വേണമെന്ന് നിർബന്ധമായിരുന്നു. മകളുടെ കിടപ്പുമുറിയോടു ചേർന്ന് സ്വകാര്യ ബാൽക്കണി ഒരുക്കി. ഓരോ കിടപ്പുമുറിക്കും ഫർണിഷിങ്ങിലൂടെ ഓരോ നിറം തീമായി നൽകി. ബാത്റൂമുകളിൽ അതേ നിറത്തിലെ ടൈൽ നൽകുകയും ചെയ്തു. ഈ മൂന്ന് അറ്റാച്ഡ് ബാത്റൂമുകളിലും സ്കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇത് വെള്ളം പെട്ടെന്നുണങ്ങി വൃത്തിയായിരിക്കാൻ സഹായിക്കും.
അങ്കമാലി അപ്പോളോ ആഡ്‌ലക്സ് ആശുപത്രിയിലെ ഗ്യാസ്ട്രോസർജറി വിഭാഗം തലവനാണ് മനോജ് അയ്യപ്പത്ത്. മായ പീതാംബരൻ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും. കൂടാതെ, കൊച്ചിയിൽ സ്വന്തമായി ക്ലിനിക്കുമുണ്ട്. എന്നാൽ ഈ തിരക്കുകളെല്ലാം ‘മഥുര’യിൽ അവർ മറക്കുന്നു. അത് പുഴയും മരങ്ങളും കിളികളും നായ്ക്കുട്ടികളായ മൈലോയും മാക്കും എല്ലാം ചേർന്നൊരുക്കുന്ന വേറൊരു ലോകമാണ്.
Area: 6300 sqft Owner: ഡോ. മനോജ് അയ്യപ്പത്ത് & ഡോ. മായ പീതാംബരൻ Location: തൃപ്പൂണിത്തുറ Design: Green Architects, കൊച്ചി
Materials: ഭിത്തി– സിമന്റ് ഇഷ്ടിക, ജനലും വാതിലും– തേക്ക്, ഫ്ലോറിങ്– ഗ്രാനൈറ്റ്, തേക്ക്, ടൈൽ, കിച്ചൺ കാബിനറ്റ്– തേക്ക്, ഗ്ലാസ്, കിച്ചൺ കൗണ്ടർടോപ്– ഗ്രാനൈറ്റ്, ഗോവണി– തടി, ഗ്ലാസ്, വാഡ്രോബ്–തേക്ക്
Interior Design- Ar. Binjo, Ar. Divya,
Design Joint, Kochi
Photo- Relish Kurian
