ഹൃദയപൂർവം മിനിമൽ; സംവിധായകൻ അനൂപ് സത്യന്റെ 1300 ചതുരശ്രയടിയിൽ മിനിമലിസ്റ്റിക് രീതിയിലുള്ള വീട് Anoop's Himachal-Inspired Sustainable Home in Kochi
Mail This Article
അനൂപിന്റെ മനസ്സിൽ ഒരിക്കൽ കുടിയേറിയതാണ് ഹിമാചൽപ്രദേശിലെ വീടുകളിൽ കാണുന്ന ഉയരം കൂടിയ ബാൽക്കണികൾ. പണ്ടൊരിക്കൽ അവിടെ യാത്ര പോയപ്പോൾ വഴി തെറ്റി കയറിച്ചെന്ന് മാഗിയും ചായയും കഴിച്ച െകാച്ചുവീടിന്റെ ചുറ്റുമുണ്ടായിരുന്ന ബാൽക്കണി. രണ്ടു മുറികളുള്ള ആ വീട്ടിൽ ആറു പേർ സന്തോഷത്തോടെ ജീവിക്കുന്നതു കണ്ടപ്പോൾ ‘ഒരാൾക്ക് താമസിക്കാൻ ഇത് ധാരാളം’ എന്ന തോന്നലും ഹൃദയത്തിൽ കൊണ്ടു.
എങ്കിലും ഒരിക്കലും വീട് വയ്ക്കുമെന്നു പോലും ചിന്തിക്കാതിരുന്ന അനൂപ് ഒടുവിൽ സ്വന്തമായി ഒരു ‘സസ്റ്റൈനബിൾ ഹോം’ തന്നെ ഒരുക്കി.
അച്ഛനും കുടുംബ ചിത്രങ്ങളുടെ പ്രിയങ്കരനുമായ സംവിധായകൻ സത്യൻ അന്തിക്കാടിനും കുടുംബത്തിനും കൊച്ചി തമ്മനത്തുണ്ടായിരുന്ന 35 സെന്റിലാണ് പച്ചപ്പും ബാൽക്കണിയുമുള്ള ഒരു കൊച്ചു വീട് അനൂപ് ഒരുക്കിയത്. ഇങ്ങനൊരു കുടുംബസ്വത്ത് കൊച്ചിയിൽ എവിടെയാണെന്നു പോലും മക്കൾക്ക് െഎഡിയ ഇല്ലായിരുന്നു. ‘‘സത്യത്തിൽ, െകാച്ചിയിൽ താമസിക്കാൻ വന്നപ്പോൾ വാടക കൊടുക്കാൻ വയ്യാതെയാണ് വീട് വയ്ക്കാം എന്നു തോന്നിയത്,’’ അനൂപ് കള്ളച്ചിരി ചിരിക്കുന്നു. വെറുതെ കാടുപിടിച്ചും നാട്ടുകാരുടെ മാലിന്യങ്ങൾ ഏറ്റുവാങ്ങിയും കിടക്കുകയായിരുന്നു ഇൗ പ്ലോട്ട്. മൂന്ന് വർഷത്തോളം സ്ഥലം വൃത്തിയാക്കാൻ മുൻകൈ എടുത്തു. മാലിന്യം തള്ളുന്നവരെ പിടിക്കാൻ അനൂപ് വച്ച ബോർഡ് പോലും സൂപ്പർഹിറ്റ് ആയി.
‘‘ആർക്കിടെക്ചറിനോട് എന്നും ഒരിഷ്ടമുണ്ടായിരുന്നു. ശ്രീലങ്കയിൽ യാത്ര ചെയ്തപ്പോൾ താമസിച്ച മിനിമലിസ്റ്റിക് വീടുകൾ, പ്രകൃതിയോടിണങ്ങിയ വീടുകൾ, ചെറിയ ഇടങ്ങൾ നന്നായി വിനിയോഗിക്കുന്നത്... ഇതെല്ലാം ഇഷ്ട വിഷയങ്ങളായിരുന്നു.’’ അതുകൊണ്ടായിരിക്കാം അത്തരമൊരു വീട് വയ്ക്കാൻ പ്രപഞ്ചം പോലും അനൂപിനൊപ്പം നിന്നത്.
വലിയൊരു സ്വപ്നം, ചെറിയ തോതിൽ
സുഹൃത്തും ബെംഗളൂരുവിൽ ആർക്കിെട്കടുമായ അപർണയോട് സൗഹൃദ സംഭാഷണമായി തുടങ്ങിയ ചർച്ചയിലാണ് വീടിന്റെ തുടക്കം. ബാക്കി സ്ക്രിപ്റ്റ് അപർണ പറയും.
‘‘ചെലവും സമയവും ഏറ്റവും ചുരുക്കി, ഒരു ബെഡ്റൂം മാത്രമുള്ള വീടായിരുന്നു അനൂപിന്റെ മനസ്സിൽ. കുറച്ച് പൊക്കത്തിലുള്ള ബാൽക്കണി വേണം വീടിന് എന്നായിരുന്നു പ്രധാന ആഗ്രഹം. മനസ്സിൽ വന്ന ചിന്തകൾ അപ്പോൾത്തന്നെ ഒരു സ്കെച്ച് ആയി അനൂപിനയച്ചു. അത് അനൂപിനും കുടുംബത്തിനു മുഴുവനും ഇഷ്ടപ്പെട്ടതിനാൽ പച്ചക്കൊടി കിട്ടി.
ഒറ്റനിലയിൽ പൊക്കമുള്ള ബാൽക്കണി വേണമെങ്കിൽ താഴത്തെ ഏരിയ ഉപയോഗശൂന്യമാവും എന്ന കണക്കുകൂട്ടലിലാണ് ഇരുനിലയിലേക്കത്തിയത്. എന്നാൽ, താഴത്തെ നിലയിൽ ചെറിയൊരു കിടപ്പുമുറിയും ടോയ്‌ലറ്റും ഗാരേജും സ്റ്റോർ റൂമും മാത്രമാണ് കൊടുത്തിരിക്കുന്നത്. പിന്നെ, കഫേ സ്റ്റൈലിൽ തുറന്ന ഒാപ്പൺ ഡൈനിങ് സ്പേസും.
ബെഡ് ഇടാനുള്ളത്ര സ്പേസ് പോലും ഇല്ല ബെഡ്റൂമിൽ. പകരം വലുപ്പമുള്ള േബ വിൻഡോ കൊടുത്തു. ബെഡ്റൂം പണിയുന്നതിനു മുമ്പ്, ഇൗ ബേ വിൻഡോയാണ് പണിതത് എന്നതാണ് രസം. ബേ വിൻഡോയിൽ നിന്ന് ചെറിയ ഒരു എക്സ്റ്റൻഷനുമുണ്ട്. ആർക്കെങ്കിലും രാത്രി കിടക്കണമെങ്കിൽ മാത്രം ഉപയോഗിക്കാനാണ് ഇൗ കുഞ്ഞൻ കിടപ്പുമുറി. എന്നാൽ ബേ വിൻഡോയുടെ മൂന്നു വശത്തും ഗ്ലാസ് ആയതിനാൽ പുറത്തെ മുറ്റത്തെ കാഴ്ചകൾ ഇവിടെ താരാട്ടുപാടും.
ബാൽക്കണിക്കൊരു വീട്
പുറത്തെ മെറ്റൽ ഗോവണി വഴി മുകളിലെത്താം. ഇവിടെയാണ് അനൂപിന്റെ താവളം. ഒരു ലിവിങ് ഏരിയ, ഒരു ബെഡ്റൂം, വീതി കുറഞ്ഞ കിച്ചൺ, ബാത്റൂം എന്നിവയാണ് മുകൾനിലയിൽ അനൂപിനു വേണ്ടിയുള്ളത്. കൂടാതെ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന കാന്റിലിവർ ചെയ്ത ബാൽക്കണിയും. ലിവിങ്ങിൽ നിന്നും ബെഡ്റൂമിൽ നിന്നും പുറത്തേക്കുള്ള ബാൽക്കണി തമ്മിൽ ഒരു ഇടനാഴി പോലെ ബന്ധിച്ചിട്ടുണ്ട്. ഇവിടെയാണ് അനൂപിന്റെ എഴുത്തും ഇരിപ്പുമെല്ലാം.’’ അപർണ പറയുന്നു. സ്വാഭാവികമായും അനൂപിന്റെ ഇഷ്ട ഇടവും മുറ്റത്തേക്കു തുറക്കുന്ന ബാൽക്കണി തന്നെ.
മുകളിൽ പണി നടക്കുന്ന മൂന്ന് മാസം അനൂപ് താഴത്തെ ‘ടൈനി’ റൂമിലായിരുന്നു വാസം. മണ്ണ് മാഫിയക്കാരെ മുതൽ ആശാരിയെ വരെ കണ്ടെത്തി കോൺട്രാക്ട് പണി നടത്തിയത് താൻ തന്നെയാണെന്ന് അനൂപ്. എല്ലാം മിനിമം ചെലവിൽ നടത്തിയെടുക്കുകയും ചെയ്തു. മുഴുവൻ സമയവും വീടു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... ‘‘ഹോട്ട് ബേബ്സിനെപ്പറ്റി പോലും ചിന്തിച്ചിട്ടില്ല,’’ തമാശക്കാരൻ!
‘ഹൃദയപൂർവ’ത്തിന്റെ അവസാന സ്ക്രിപ്റ്റ് എഴുതിയത് ഇവിടെ വച്ചാണ്. പോരാത്തതിന് മുഴുവൻ എഡിറ്റിങ്ങും. ‘‘അച്ഛൻ ആദ്യമായി ലുങ്കിയുടുത്ത് വന്നിരുന്ന് എഡിറ്റിങ് കണ്ടത് ഇവിടെ വച്ചാ’’െണന്ന്് കളിപറയുന്നു അനൂപ്. അടുത്ത മോഹൻലാൽ പടത്തിന്റെ സ്ക്രിപ്റ്റിലാണ് ഇൗ ബാച്‌ലർ സംവിധായകനിപ്പോൾ.
ഇവിടെയുണ്ടായിരുന്ന മാവും പ്ലാവും കൂടാതെ അമ്പതോളം മരങ്ങൾ ഇപ്പോൾത്തന്നെ അനൂപ് നട്ടുകഴിഞ്ഞു. മരങ്ങൾ വളർന്നുവരുമ്പോൾ മുൻപ് ചിന്തിച്ചിട്ടുപോലുമില്ലാത്ത സന്തോഷമാണ് തോന്നുന്നതെന്ന് അനൂപ് പറയുന്നു. പണ്ട് വീട്ടിൽ അമ്മ ചെയ്യുന്ന പോലെ മാങ്ങയും ചക്കയുമൊക്കെയാണ് അതിഥികൾക്കു കൊടുക്കുന്നതുപോലും!
ലാലേട്ടന് ഇത് അനൂപിന്റെ ‘ട്രീ ഹൗസ്’ ആണ്. ബാൽക്കണിയിലെ അനൂപിന്റെ പടം കണ്ട് ‘‘ഇവിടിരുന്നാണോ നീ എഡിറ്റ് ചെയ്യുന്നത്’’ എന്നാണ് ലാലേട്ടന്റെ അദ്ഭുതം!
