ചെറിയ പ്ലോട്ടിൽ സ്ഥലം ലാഭിക്കുന്ന വീട്, മികച്ച വീടിനുള്ള ഗോൾഡ് അവാർഡ് നേടിയ വീടിന്റെ വിശേഷങ്ങൾ... Award Winning Home
Mail This Article
റെസിഡൻസ് വിഭാഗത്തിൽ രണ്ട് വീടുകൾ ഗോൾഡ് പങ്കിട്ടെടുത്തു. അതിൽ ഒന്നാണ് ഫൈൻഡർ സ്റ്റുഡിയോയിലെ ലെവിൻ പി. ജോയ്, എസ്. നവീൻ എന്നിവർ ഡിസൈൻ ചെയ്ത ‘സ്ലാൻഡ് വോള്യം’ എന്ന പ്രോജക്ട്. ആർക്കിടെക്ട് ടീം ഈ വീടിന്റെ രൂപകൽപനാ യാത്ര പങ്കു വയ്ക്കുന്നു. ‘‘വർഷങ്ങളായി കേരളത്തിനു പുറത്ത് ജീവിക്കുന്നവർ. അവർക്ക് നാട്ടിൽ അധികം പൈസ ചെലവാക്കാതെ വിശ്രമജീവിതത്തിനു തണലേകുന്ന ഒരു വീട്. ഈ ആവശ്യം മനസ്സിലിട്ടാണ് വീടിന്റെ രൂപകൽപന ആരംഭിച്ചത്. ഞങ്ങളുടെ മറ്റ് പ്രോജക്ടുകൾ കണ്ടിഷ്ടപ്പെട്ടാണ് ശ്രീരാഗ് ഞങ്ങളെ സമീപിക്കുന്നത്.
ശ്രീരാഗിന്റെ കുടുംബം വർഷങ്ങളായി ഗോവയിലായിരുന്നു. മാതാപിതാക്കളുടെ വിശ്രമജീവിതത്തിനു കൂടി ഉതകുന്ന എർത്തി ടോണിലുള്ള ഗോവൻ വൈബുള്ള വീട് തേടി വന്ന ശ്രീരാഗ് ബെംഗളൂരുവിൽ പ്രോഡക്ട് ഡിസൈനറായി ജോലി നോക്കുകയാണ്. വീടിന്റെ നിർമാണപ്രക്രിയകളിൽ ശ്രീരാഗിന്റെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
7.5 സെന്റ് മുഴുവനായും ഉപയോഗിക്കാൻ ആദ്യം തന്നെ തീരുമാനിച്ചു. വലതു വശത്തുള്ള വരാന്തയും സിറ്റിങ് സ്പേസും കിട്ടണമെന്ന് നിശ്ചയിച്ചിരുന്നു. കാട്ടിക്കൂട്ടലുകൾ ഒഴിവാക്കി ഫൂട്പ്രിന്റ് കുറയ്ക്കാനുള്ള തീരുമാനവും കൈകൊണ്ടിരുന്നു. റോഡിന്റെ നിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിലാണ് പ്ലോട്ട്. ഇടതുവശത്ത് വീട്ടിലേക്കായി ചെറിയ വഴിയുണ്ട്. അത് പാർക്കിങ്ങിനായി എടുത്തു.
പ്ലോട്ടിന്റെ ഘടനയനുസരിച്ച് രണ്ടു ലെവലായാണ് വീട് രൂപകൽപന ചെയ്തത്. ലിവിങ് റൂമിൽ നിന്ന് 45 സെമീ ഉയരത്തിലാണ് ബാക്കിയിടങ്ങൾ. ഡബിൾ ഹൈറ്റിലാണ് വീട് ഒരുക്കിയത്. രണ്ടു നിലകൾക്കിടയിലായി 2.2 മീറ്റർ ഉയരത്തിൽ, സ്റ്റെയറിന്റെ മിഡ് ലാൻഡിങ്ങിൽ സ്റ്റഡി സ്പേസ് സജ്ജീകരിച്ചു. ഒരിഞ്ചു പോലും കളയാതെ ഇടങ്ങൾ കാര്യക്ഷമമായി ക്രമീകരിക്കുക എന്നതിലാണ് ശ്രദ്ധിച്ചത്.
മേൽക്കൂരയുടെ പ്രത്യേകത
തുടർച്ചയായി ലഭിച്ച ചെരിഞ്ഞ മേൽക്കൂരയുടെ വലുപ്പമാണ് ഇവിടുത്തെ പ്രധാന ആർക്കിടെക്ചറൽ ഘടകം. ഒരു ജ്യാമിതീയ രൂപം പോലെയാണ് മേൽക്കൂരയുടെ ഫ്രെയിം. ഇത് വീടിന്റെ പൊതു ഇടങ്ങളിൽ തുടർച്ചയായി ഡബിൾ ഹൈറ്റ് വ്യാപ്തി അനുഭവിപ്പിക്കാൻ സഹായിക്കുന്നു. ഭാരം കുറഞ്ഞ സ്റ്റീൽ പൈപ്പ് കൊണ്ടാണ് മേൽക്കൂരയുടെ ഫ്രെയിം നിർമിച്ചത്. രണ്ടുപാളികളായി ഓട് നൽകിയത് ചൂട് കുറയ്ക്കുന്നു.
ഗോവൻ സ്പർശങ്ങൾ
ഗോവൻ ജീവിതത്തിന്റെ ഘടകങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു. എന്നാൽ ഗോവൻ ആർക്കിടെക്ചർ അതേപടി പകർത്താൻ ശ്രമിച്ചതേയില്ല. തീരദേശങ്ങൾ എന്ന നിലയിൽ രണ്ടിടങ്ങളിലേയും കാലാവസ്ഥാ പ്രത്യേകതകൾ കണക്കിലെടുത്തു. ഉദാഹരണത്തിന് കനത്ത മഴ, ഈർപ്പം, വരാന്ത, പാറ്റിയോ, കോർട്‌യാർഡ്/പാറ്റിയോ പോലെ അകവും പുറവും ബന്ധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം രൂപകൽപനയെ സ്വാധീനിച്ചു. ടീൽ, പച്ച നിറങ്ങളുടെ കോംബിനേഷനിലാണ് വീട് ഒരുക്കിയത്. മുന്നിലെ തൂണുകളിൽ വളരെ സൂക്ഷ്മമായി കൊളോണിയൽ സ്പർശമേകി.
കാലാവസ്ഥയോടിണങ്ങി
എവിടെയൊക്കെ തുറക്കണം, എവിടെയൊക്കെ അടയ്ക്കണം എന്നത് കാലാവസ്ഥയ്ക്കനുസൃതമായി എടുത്ത തീരുമാനങ്ങളാണ്. വടക്കു വശത്തേക്കുള്ള ഓപ്പണിങ്ങുകൾ വിശാലമാക്കി. കിഴക്കും പടിഞ്ഞാറുമുള്ള മതിൽ ഉയർത്തി നൽകി വെയിലിനെ തടുത്തു. വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കാനായി ഇവിടെ ജാളികൾ നൽകി. വീടിനിരുവശത്തുമായി വരാന്തയും കോർട്‌യാർഡും നൽകി. നിലവിലുണ്ടായിരുന്ന കിണറിനെ ചുറ്റിയാണ് കോർട്‌യാർഡ് നൽകിയത്. ഇന്റീരിയറിന്റെ തുടർച്ചയെന്നോണമാണ് ഇവയെ കൈകാര്യം ചെയ്തത്.
സന്തോഷം നൽകുന്ന ഇടമൊരുക്കണം എന്ന ലക്ഷ്യം നിറവേറ്റാൻ സാധിച്ചു എന്നതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങൾ.’’
Ar. Levin P. Joy, Ar. S. Naveen
Studio: Finder Studio, Trivandrum
E mail: hello@finderstudio.in
Materials: ഭിത്തി– ഇഷ്ടിക, ജനലും വാതിലും–തടി, ഫ്ലോറിങ്– കോട്ട സ്റ്റോൺ, ജയ്സാൽമീർ സ്റ്റോൺ, മേൽക്കൂര–ഓട്, സ്റ്റെയർ–കോൺക്രീറ്റ്, തടി, മെറ്റൽ, കിച്ചൺ കൗണ്ടർടോപ്–ഗ്രാനൈറ്റ്
Project Details: Plot: 7.5 cent Area: 1800 sqft Owner: ശ്രീരാഗ് മാധവൻ Location: തൃശൂർ
