വി–ഗാർഡിന്റെ കാവൽക്കാരി ; ഷീല കൊച്ചൗസേപ്പ് വീട് ആസ്വദിക്കുന്നതിൽപ്പോലും ഒരു ചിട്ടയുണ്ട് Timeless Elegance: Sheela Kochouseph Chittilappilly's Classic Abode
Mail This Article
മുപ്പത്തഞ്ച് വർഷം പ്രായമായ ചിറ്റിലപ്പിള്ളി വീടിന്, വീട്ടുകാരിയും വി സ്‌റ്റാർ ക്രിയേഷൻസ് ചെയർമാനും എംഡിയുമായ ഷീല കൊച്ചൗസേപ്പിനെ പോലെ മങ്ങാത്ത കുലീനത. ക്ലാസ്സിക് ശൈലിയുടെ ഭംഗി ഒരു കാലത്തും നഷ്ടപ്പെടില്ല എന്നു വിശ്വസിക്കുന്ന ഷീലയുടെ വീട് അതിനൊരുദാഹരണമാണ്.
വീട്ടിലേക്ക് കടക്കുമ്പോൾ ഭംഗിയായി വെട്ടിയൊരുക്കിയ പുൽത്തകിടിക്കിടയിലൂടെ ഡ്രൈവ് വേ. ചെടികളും മരങ്ങളും ബോൺസായിയും നിറഞ്ഞ മുറ്റത്ത് ഗാർഡൻ ചെയറുകൾ ഒരു ഭാഗത്ത്, തണലൊരുക്കുന്ന പച്ചപ്പിൻ കൂടാരത്തിനകത്ത് മറ്റൊരു ഇരിപ്പിടം... ആകപ്പാടെ കണ്ണിനും മനസ്സിനും കുളിർമ തോന്നും. മതിലിനപ്പുറത്ത് കൊച്ചി നഗരത്തിന്റെ ഓട്ടപ്പാച്ചിൽ നമ്മൾ മറന്നു പോകും.
ലളിതമാവണം, വീട്
അതാണ് ഷീലയുടെ ആദ്യ ഇഷ്‌ടം. കടും നിറങ്ങളോ ആഡംബര അലങ്കാരങ്ങളോ ചിറ്റിലപ്പിള്ളി വീടിന്റെ ലാളിത്യത്തെ ഹനിക്കുന്നില്ല. എന്നാൽ കണ്ണെത്തുന്നിടത്തെല്ലാം കൗതുകങ്ങൾ വിസ്മയമൊരുക്കുന്നു.
വീടിന് ചേരുന്നത് വെള്ള നിറമാണെന്ന് ഷീല. താൻ ഒരു ഇന്റീരിയർ ഡിസൈനർ വിദഗ്ധ അല്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്ന് അവർ പറയും - പ്രിന്റുള്ള ഫാബ്രിക് കർട്ടനാണെങ്കിൽ സോഫയ്ക്ക് പ്ലെയിൻ തുണി വേണം, തിരിച്ചും. വെള്ളയിൽ പച്ച പൂക്കളുള്ള നേരിയ കർട്ടനിലൂടെ പുറത്തെ മുറ്റവും ചെടികളും വെളിച്ചവും ലിവിങ്ങിനെ ഇവിടെ പ്രസന്നമാക്കുന്നു. "കട്ടിയുള്ള തുണികൾ ലിവിങ് റൂമിൽ ഇടുന്നതിനോട് താല്പര്യമില്ല, അത് സ്വകാര്യത വേണ്ടിയ ബെഡ്റൂമിനാണു ചേരുന്നത്, " അവർ പറയുന്നു. ‘‘ഒരുപാട് മെറൂണും ഗോൾഡും പ്രിന്റും ഒക്കെ ചേർന്ന ബഹളമയമായ ഇന്റീരിയർ എനിക്കു പറ്റില്ല. ഇളം ബ്ലൂ, ഇളം പച്ച, ഫ്ലഷ് പിങ്ക് ഫർണിഷിങ്ങാണ് ഇഷ്ടം.’’
ഒരു റൂമിൽ ഒരു പെയിന്റിങ്
ഒാരോ മുറിയിലും ഒാരോ പെയിന്റിങ് വയ്ക്കുന്നത് ഭംഗിയായിരിക്കും. വീടിനകത്ത് പെയിന്റിങ് വയ്ക്കാൻ വേണ്ടിയാണ് താൻ പെയിന്റിങ് പഠിക്കാൻ പോയത് എന്നാണ് ഷീല പറയുന്നത്. വാങ്ങാൻ ചെല്ലുമ്പോൾ ഭയങ്കര വിലയാണ്. ‘‘45 വയസ്സു കഴിഞ്ഞാണ് പെയിന്റിങ് തുടങ്ങിയതു തന്നെ. ഒായിൽ പെയിന്റിങ് ആണ് ആദ്യം പഠിച്ചത്. കോവിഡ് സമയത്ത് ഒാഫിസ് കുറച്ചു മാസങ്ങൾ അടച്ചിട്ടപ്പോൾ തനിയെ ആണ് വാട്ടർകളർ ചെയ്തു പഠിച്ചത്,’’ ഷീലയിലെ ഉത്സാഹി മനം തുറന്നു.
ഇൗ വീട്ടിലെ ഗോവണിയുടെ ലാൻഡിങ്ങിലെ സ്പേസ്, ഷീലയുടെ സ്റ്റുഡിയോ ആണ്. വലിയ ഗ്ലാസ് ഭിത്തികൾക്കുള്ളിൽ പൂർണമായതും അല്ലാത്തതുമായ പെയിന്റിങ്ങുകൾ വീട്ടുകാരിയുടെ ഡിസൈൻ മോഹങ്ങൾക്ക് തെളിവായി ഇരിക്കുന്നു. ലിവിങ് റൂമിലെ വലിയ പൂക്കൾ സുന്ദരമായി ചുമരിെന അലങ്കരിക്കുന്നു. ഫോയറിൽ പരമ്പരാഗത വേഷമണിഞ്ഞ സ്ത്രീയാണെങ്കിൽ ഫാമിലി ഏരിയയിൽ മനോഹരമായ യേശുക്രിസ്തുവാണ് പെയിന്റിങ്ങിൽ.
പൂക്കളുടെ ഭംഗി
പെയിന്റിങ് പോലെ പ്രധാനമാണ് ഫ്ലവർ അറേഞ്ച്െമന്റും ഷീലയ്ക്ക്. ഒാരോ മുറിയിലും ഫ്രഷ് അല്ലെങ്കിൽ ഡ്രൈ അറേഞ്ച്മെന്റ് സൗകര്യം പോലെ അവർ ചെയ്യാറുണ്ട്.
നിറങ്ങളുടെ ഒരു തീം പിന്തുടരുന്നതും നല്ലതാണെന്ന അഭിപ്രായമുണ്ട് ഷീലയ്ക്ക്. നീലയാണെങ്കിൽ അതിന്റെ കൂടെ ഗ്രേ ചേരും, വൈറ്റ് ചേരും. ഫ്ലഷ് പിങ്കിന്റെ കൂടെ ആന്റിക് ക്രീം, അങ്ങനെ കോംബിനേഷനുകൾ നല്ലതാണ്..... മലയാളികൾക്ക് ഫാഷൻ പുതുമകൾ പറഞ്ഞുതന്ന സ്റ്റാർ ലേഡിക്ക് ആശയങ്ങൾക്ക് പഞ്ഞമില്ല.
ബ്ലൂ പോട്ടറിയും വൈറ്റും ചേർന്ന ഒരു മുറി എത്ര ഭംഗിയായിരിക്കും! . വീടിനകത്തു മുഴുവൻ ഷീലയുടെ യാത്രകളിൽ ശേഖരിച്ചിട്ടുള്ള കൗതുകങ്ങൾ ആണുള്ളത്. പല രാജ്യങ്ങളിൽ നിന്നുള്ള സുവനീറുകൾ. പക്ഷേ, ‘‘ഇനിയിപ്പോൾ വയ്ക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് ഞാൻ വാങ്ങൽ നിർത്തി,’’ പകുതി കാര്യമായും പകുതി തമാശയായും ഷീല പറയുന്നു.
ചെടികളുടെ ലോകം
ഗാർഡനിങ്ങിൽ പ്രത്യേക ശ്രദ്ധ
ചിറ്റിലപ്പിള്ളി വീടിന്റെ സ്ട്രക്ചറൽ കാര്യങ്ങൾ മുഴുവനും ഭർത്താവും വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ എംഡിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കാണെങ്കിലും ഫർണിഷിങ് കലാപരിപാടികൾ ഷീല ഏറ്റെടുക്കുന്നു. ഒരിക്കലും ഫാഷൻ പോകാത്ത ക്ലാസ്സിക് ശൈലിയാണ് തനിക്കെന്നും പ്രിയമെന്ന് അവർ പറയും. ഒാടിട്ട വീടിന്റെ ശൈലി കേരളത്തിൽ എന്നും ഉണ്ടാവും. ബാത്റൂമും കിച്ചണും ഇടയ്ക്ക് പുതുക്കിയതൊഴിച്ചാൽ ഇൗ വീടിന് വലിയ മാറ്റങ്ങളൊന്നുമില്ല. ഡൈനിങ്ങിൽ നിന്ന് ഒരു ഫ്രഞ്ച് വിൻഡോയും ഗാർഡനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു വിചാരിക്കാറുണ്ട്..
‘‘ചെറുപ്പം മുതലേ ഗാർഡനിങ് ഇഷ്ടമായിരുന്നു. അതിപ്പഴും അങ്ങനെത്തന്നെ. പച്ചക്കറികളും ഫ്രൂട്ട് ചെടികളും ഉണ്ട്. സ്വിമ്മിങ് പൂൾ ഉപയോഗിക്കാതായപ്പോൾ അതിൽ മണ്ണിട്ട് പച്ചക്കറി നട്ടിരിക്കുകയാണിപ്പോൾ, ’’ഷീല പറയുന്നു.
‘‘ഏതു വീടും അല്പം കലാബോധത്തോടെ നോക്കിയാൽ ഭംഗിയാക്കാൻ സാധിക്കും,’’ഷീലയ്ക്ക് ഉറപ്പ്. ‘‘അതുപോലെ നശിപ്പിക്കാനുമാവും,’’ അവർ ഒാർമപ്പെടുത്തുന്നു.
