ADVERTISEMENT

ഗൃഹാതുരത ഉണർത്തുന്ന, ഗ്രാമഭംഗി തുളുമ്പുന്ന കൊല്ലങ്കോട്. അവിടെ കേരളീയ ഭംഗിയിൽ ഒരു വീട്. ആഹാ! ആനന്ദലബ്ധിക്കിനിയെന്തു വേണം? പരമ്പരാഗത ശൈലിയിലുള്ള വീട് വേണമെന്ന് വീട്ടുകാരൻ അനുരാഗിന് നിർബന്ധമായിരുന്നു. അതു മാത്രമല്ല, പഴയ തറവാട് പുതുക്കിയാണ് ഈ വീട് നിർമിച്ചതെന്നു പറഞ്ഞാലും തെറ്റില്ല.

onlineimage

150 വർഷം പഴക്കമുള്ള തറവാട്ടിലെ മൂന്നു മുറികൾ മാത്രം നിലനിർത്തി ബാക്കി പൊളിച്ചു പുതിയതായി പണിയുകയായിരുന്നു. പുതിയത്, പഴയത് എന്നിങ്ങനെ രണ്ടായി വേർതിരിച്ചു കാണാതെ ഈ വീടിനെ ഒരു തുടർച്ചയായി കാണാനാണ് ആർക്കിടെക്ട് മാളവിക ശ്രമിച്ചത്. 2500 ചതുരശ്രയടിയാണ് പുതിയ ഭാഗത്തിന്റെ വിസ്തീർണം. പഴയ മുറികളും കൂടി ചേരുമ്പോള്‍ മൂവായിരം ചതുരശ്രയടിയോളമാകും. ഒറ്റ നിലയാണ് വീട്.

ADVERTISEMENT

നടുമുറ്റമെന്ന കണ്ണി

പഴയ കെട്ടിടത്തേയും പുതിയതിനേയും തമ്മിൽ സമർഥമായി കൂട്ടിയിണക്കുന്ന സെൻ‌ട്രൽ കോർട്‍യാർഡ് ആണ് വീടിന്റെ ഹൃദയം. കേരളീയ നിർമാണശൈലിയുടെ പ്രധാന ഘടകമായ നടുമുറ്റം വീടിന്റെ പരമ്പരാഗത ഭംഗിക്ക് മാറ്റേകുന്നു. അതോടൊപ്പം വീടിനുള്ളിൽ വായു സഞ്ചാരവും വെളിച്ചവും ഉറപ്പാക്കുന്ന കോർട്‌യാർഡ് ആധുനിക ജീവിതശൈലിയുടെ ഘടകങ്ങൾ വിളക്കിച്ചേർക്കുകയും ചെയ്യുന്നു. പാലക്കാടൻ ചൂടിന് ശമനം വരുത്താനും നടുമുറ്റം സഹായകമാണ്. ഈ കോർട്‌യാർഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

onlineimage3
ADVERTISEMENT

ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, അടുക്കള എന്നിവയാണ് പുതിയതായി പണിതത്. ഫോർമൽ ലിവിങ്, സിറ്റ്ഔട്ട്, അറ എന്നിവയാണ് നിലനിർത്തിയത്. മുകളിലേക്ക് ഒരു സ്റ്റെയറും സ്റ്റെയർ റൂമും കൂടി പഴയ മുറികളുടെ ഭാഗമായുണ്ട്. എല്ലാ മുറികളും കോർട്‌യാർഡിനു ചുറ്റുമായി ക്രമീകരിച്ചു.

വലിയ ജനാലകൾ

onlineimage5
ADVERTISEMENT

മാവിൻതോട്ടത്തിന് നടുവിലാണ് വീട് എന്നതിനാൽ പുറത്തെ കാഴ്ച ആസ്വദിക്കാൻ വലിയ ജനാലകൾ നൽകി. പഴയ വീട്ടിൽ ചെറിയ ജനാലകളായിരുന്നതിന്റെ പ്രയാസങ്ങൾ വീട്ടുകാർ പങ്കുവച്ചിരുന്നു. ട്രെഡീഷണൽ ശൈലിയിൽ അഴികളുള്ള ജനാലകളാണ് പുതിയതായി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പഴമയുടെ അംശങ്ങൾ നിലനിർത്തി. എന്നാൽ വീട് ഒത്തിരി പഴയതായി തോന്നരുത് എന്നും വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.

പുനരുപയോഗത്തിന്റെ പാഠങ്ങൾ

പഴയ സാമഗ്രികൾ ഇവിടെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂരയിലെ ഓട് പഴയ വീട് പൊളിച്ചപ്പോഴുള്ളത് പുനരുപയോഗിച്ചതാണ്. പഴയ മച്ച് ഉൾപ്പെടെയുള്ള തടി ഇവിടെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തേക്കും വീട്ടിയുമാണ് ഇവിടെയുള്ളത്. പഴയ തൂണുകൾ തികയാതെ വന്നപ്പോൾ പുതിയതായി പണിയിച്ചു. ജനലുകളും വാതിലുകളും പഴയ തടി കൊണ്ടാണ് പണിതത്. പഴയ വാതിലുകൾ മുറികളിൽ പാനലിങ്ങിനായി ഉപയോഗിച്ചു.

onlineimage4

ഫർണിച്ചർ ആണ് ഇവിടെ എടുത്തുപറയേണ്ട മറ്റൊരു ഘടകം. കസ്റ്റമൈസ് ചെയ്തു നിർമിച്ച ഫർണിച്ചർ വേറിട്ടഡിസൈൻ മികവ് കൊണ്ട് ശ്രദ്ധേയമാണ്. തേക്കിൻ തടിയിൽ പണിത ഇവ പരമ്പരാഗത Ð ആധുനിക ശൈലികളുടെ സമന്വയമാണ് കാഴ്ച വയ്ക്കുന്നത്.

കുമ്മായം പൂശിയ ഭിത്തിയും ചാരുപടിയും തടി കൊണ്ടുള്ള തൂണുകളും ചരി‍ഞ്ഞ മേൽക്കൂരയുമെല്ലാം കേരളീയ നിർമിതിയുടെ ഭംഗി വിളിച്ചോതുന്നു. പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികള്‍ കൊണ്ടാണ് വീട് പണിതത്. കോൺക്രീറ്റ് ഫ്ലോറിങ് തറയ്ക്ക് തനതായ ഭംഗിയേകുന്നു. അടുക്കള പോലെയുള്ള ഇടങ്ങളിൽ ടൈലും ഉപയോഗിച്ചിട്ടുണ്ട്. എർത്തി ടോണിലാണ് വീട് ഒരുക്കിയത്. വെള്ളÐതടി ഫിനിഷ് കോംബിനേഷനാണ് വീട്ടിലാകമാനം. കെട്ടിലും മട്ടിലും കൃത്രിമത്വമേതുമില്ലാതെ പ്രകൃതിദത്തമായി ഉരുവെടുത്തതാണ് ഈ വീട്.

ചിത്രങ്ങൾ: കെ. ആന്റണി ജോബി

Area: 2500 sqft, Plot: 1 Acre, Owner: എ. എൻ. അനുരാഗ് & ഷിമ, Location: കൊല്ലങ്കോട്, പാലക്കാട്, Design: ആർക്കിടെക്ട് ടി.എസ്. മാളവിക, Smaall Architects, പാലക്കാട്, Email: malavika1999mvk@gmail.com

Materials: ഭിത്തി– ഇഷ്ടിക, ജനലും വാതിലും– പഴയ തടി, ഫ്ലോറിങ്– സിമന്റ്, ടൈൽ, കിച്ചൺ കാബിനറ്റ്– മൾട്ടിവുഡ്, പഴയ തടി, കിച്ചൺ കൗണ്ടർ ടോപ്–ഗ്രാനൈറ്റ്, വാഡ്രോബ്– തടി