മൂന്നൂറ് വർഷം പഴക്കമുള്ള താടിക്കാരൻ തറവാടിന്റെ മുറ്റത്തുള്ളത് അഞ്ചും പത്തുമല്ല, 1800 ചെടിച്ചട്ടികളാണ്. ഈ മുറ്റം ഇങ്ങനെ ഭംഗിയാക്കി നിർത്താൻ വീട്ടുകാരൻ വിൻസെന്റ് താടിക്കാരൻ കുറച്ചൊന്നുമല്ല പാടുപെടുന്നത്. വർഷാവർഷം ആക്രമിക്കുന്ന വെള്ളപ്പൊക്കത്തെ വെല്ലുവിളിച്ചാണ് കൊടുങ്ങല്ലൂർ മതിലകത്തിനടുത്ത് എടത്തുരുത്തിയിലുള്ള താടിക്കാരൻ തറവാടിന്റെ നിൽപ്.

Thaadikkaran2

വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തു കയറുന്ന ആരുടെയും ശ്രദ്ധയാകർഷിക്കുക പുൽത്തകിടിയാണ്. മൂന്നു മാസം കൂടുമ്പോൾ വെട്ടി ഭംഗിയാക്കി സൂക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വീട്ടുകാർ ചെയ്യാറില്ല. ലോണിനിടയിൽ ഇരിപ്പിടങ്ങളും ഗ്രോട്ടോയുമെല്ലാം സ്ഥാപിച്ച് ഹാർഡ്സ്കേപ്പിന്റെ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പുൽത്തകിടിയുടെ ഭംഗി ‘ഏരിയൽ വ്യൂ’യിൽ ആസ്വദിക്കാൻ ഒരു ഏറുമാടവും ഒരുക്കിയിട്ടുണ്ട്. പുൽത്തകിടിയെ കൂടുതൽ ഭംഗിയാക്കുന്നത് ഇടയിൽ വച്ച ആമ്പൽക്കുളങ്ങളും ടെറാക്കോട്ട തടങ്ങൾക്കുള്ളിൽ മണ്ണിൽ തന്നെ നട്ട പൂച്ചെടികളുമാണ്.

Thaadikkaran3
ADVERTISEMENT

ചെടികൾക്കു വേണ്ടി മറ്റു വിളകളെ തഴഞ്ഞിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. ലോണിനിടയിൽ തെങ്ങും പഴച്ചെടികളും ജാതിയുമെല്ലാം പൂന്തോട്ടത്തിന്റെ ഭംഗി കളയാതെ തന്നെ പരിപാലിച്ചിട്ടുണ്ട്.

Thaadikkaran4

പുഷ്പിക്കുന്ന ചെടികളും വള്ളിച്ചെടികളും ഇലച്ചെടികളുമെല്ലാം അടങ്ങുന്നതാണ് മുറ്റത്തെ പൂന്തോട്ടവും വെർട്ടിക്കൽ ഗാർഡനും. മുറ്റത്തും നടുമുറ്റത്തുമായി 1000 ചെടിച്ചട്ടികളിലാണ് ചെടികൾ വച്ചിരിക്കുന്നത്. ഇതിൽ റോസും ആന്തൂറിയവും ഇലച്ചെടികളുമെല്ലാമുണ്ട്. മതിലിലെ 800 ചട്ടികളിൽ വെർട്ടിക്കൽ ഗാർഡനുമുണ്ട്. വിവിധതരം ഇലച്ചെടികൾ കൂട്ടമായി വച്ച് വെർട്ടിക്കൽ ഗാർഡൻ ആകർഷകമാക്കിയിരിക്കുന്നു. വീടിനകത്തും പറ്റാവുന്നിടത്തുമെല്ലാം ചെടികൾ വച്ചിട്ടുണ്ട്.

Thaadikkaran1
ADVERTISEMENT

മുറ്റത്തിന്റെ പിൻതുടർച്ചയെന്നോണം നടുമുറ്റവും പുൽത്തകിടിയും ഇലച്ചെടികളും വച്ച് ഭംഗിയാക്കിയിരിക്കുന്നു. മണി പ്ലാന്റും ഫ്ലെയിം വയലറ്റുമെല്ലാം നടുമുറ്റത്തിനു ചുറ്റും ഹാങ്ങിങ് പ്ലാന്ററുകളിലാണ് ക്രമീകരിച്ചരിക്കുന്നത്.

പൂച്ചെടികൾ മാത്രമല്ല കൃഷിയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് വിൻസെന്റ് താടിക്കാരൻ. വാഴ, പച്ചക്കറികൾ, മീൻ, താറാവ്, കോഴി, മുയൽ, അലങ്കാരപക്ഷികൾ എന്നിവയെല്ലാം ഇവിടെയുണ്ട്. മീൻകുളം പൂന്തോട്ടത്തിന്റെ ഭാഗമെന്നോണം തന്നെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. വീട്ടിലെ മീൻ, കോഴി, താറാവ് എന്നിവയിൽ നിന്നു കിട്ടുന്ന വളവും വീട്ടിൽ തന്നെ തയാറാക്കുന്ന മറ്റു ജൈവവളങ്ങളും കമ്പോസ്റ്റുമാണ് ചെടികൾക്കെല്ലാം നൽകുന്നത്.

Thaadikkaran6
ADVERTISEMENT

പൂന്തോട്ടവും പച്ചക്കറിക്കൃഷിയും ശാരീരികമായും മാനസികമായും സാമ്പത്തികപരമായും സന്തോഷം തരുമെന്ന് വിൻസെന്റ് താടിക്കാരൻ സ്വന്തം അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.