ADVERTISEMENT

പൂന്തോട്ടനിർമാണവും ചെടി പരിപാലനവുമൊക്കെ സോഷ്യൽ മീഡിയയിൽ റീൽസ് ഇടുന്നവർ എത്രയാണ്! ചെടികളോടും കൃഷിയോടുമുള്ള താൽപര്യം കൂടിയതുമാത്രമാണോ അതിനു കാരണം?

പൂന്തോട്ടത്തിലെയും പച്ചക്കറിത്തോട്ടത്തിലെയും പണികൾ ഇപ്പോൾ പണ്ടത്തെപ്പോലെ ചെളി പുരണ്ടതല്ല എന്നതാണ് ഈ റീൽസ് പ്രളയത്തിന്റെ ഒരു കാരണം. മണ്ണോ വളമോ നേരിട്ട് തൊടുക പോലും ചെയ്യാതെ നല്ല പൂന്തോട്ടം ഉണ്ടാക്കാനാകും. അതിനുള്ള സംവിധാനങ്ങൾ വിപണിയിലുണ്ട്. എന്തിനും ഏതിനും സഹായിക്കുന്ന ഗാർഡൻ ടൂൾസിനെക്കുറിച്ചാണ് പറയുന്നത്. ചെറിയ കുട്ടികൾക്കു പോലും എടുത്ത് ഉപയോഗിക്കാവുന്ന ഭാരമേയുള്ളൂ എന്നത് ഇത്തരം ഉപകരണങ്ങളെ പ്രിയങ്കരമാക്കുന്നു. ഓൺലൈൻ സൈറ്റുകളിൽ നിന്നു പോലും താങ്ങാവുന്ന വിലയ്ക്ക് കിട്ടുകയും ചെയ്യും. എല്ലാ വീടുകളിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗാർഡൻ ടൂൾസ് പരിചയപ്പെടാം .

ADVERTISEMENT

മണ്ണ് കോരി (Hand trowel)

ഇളകിക്കിടക്കുന്ന മണ്ണോ വളമോ കോരിയെടുക്കാനുള്ള ഉപകരണമാണിത്. മണ്ണും വളങ്ങളും ഇളക്കിച്ചേർക്കാനും ചട്ടിയിൽ നിറയ്ക്കാനും കോരി സഹായിക്കും. ഇത് ഉപയോഗിച്ചാൽ കയ്യിൽ മണ്ണ് തട്ടുന്നത് കുറയ്ക്കാം. തടി അല്ലെങ്കിൽ പ്ലാസ്റ്റിക് കൈപ്പിടിയോടു കൂടിയ ഉപകരണമാണ്.

ADVERTISEMENT

ഫോർക്ക് (Hand fork)

ഡൈനിങ് ടേബിളിൽ ഉപയോഗിക്കുന്ന ഫോർക്കിന്റെ അല്പം വലിയ രൂപമാണിത്. ഇരുമ്പ്, സ്റ്റീൽ ഫോർക്കുകൾ വിപണിയിലുണ്ട്. ഉറച്ചു കിടക്കുന്ന മണ്ണോ വളമോ ഇളക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വളമിടുന്നതിനു മുൻപ് ചെടിയുടെ ചുവട്ടിലെ മണ്ണിളക്കാൻ ഉപയോഗിക്കാം. മുറ്റത്തെ പുല്ല് പറിച്ചെടുക്കാനും ഫോർക്ക് ഉപകരിക്കും.

ADVERTISEMENT

കത്രിക (Pruning shears)

tools10

ചെടികൾ വെട്ടിയൊതുക്കാനും ആകൃതിവരുത്താനും വാടിയ പൂക്കളുടെ തണ്ട് മുറിച്ചു കളയാനുമെല്ലാം ഇത് ഉപകരിക്കും. പ്രൂണിങ് കത്രികകൾ പല വലുപ്പത്തിലുള്ളവയുണ്ട്. ചെടികളുടെ തലപ്പ് പ്രൂൺ ചെയ്യാനുള്ളത് അല്പം വലിയ കത്രികയാണ്. വാടിയ പൂക്കൾ കളയാൻ ചെറിയ കത്രിക മതി.

കൈക്കോട്ട് (Spade)

ചെറിയൊരു കൈക്കോട്ട് തീർച്ചയായും കരുതിയിരിക്കണം. ആഴത്തിൽ മണ്ണിളക്കാൻ ഇത് സഹായിക്കും. ഒരു വശത്ത് ഗാർഡൻ ഫോർക്കും മറുവശത്ത് കൈക്കോട്ട് പലകയും വരുന്നയിനം സ്പേഡ് വിപണിയിൽ ഉണ്ട്. പൂന്തോട്ടത്തിലെ ചെറിയ ആവശ്യങ്ങൾക്ക് ഇതുമതി.

ഗ്ലൗസ് (Garden gloves)

ഗാർഡൻ ഗ്ലൗസ് മണ്ണിൽ നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. നഖത്തിനിടയിൽ മണ്ണിരിക്കുന്നതും കൈ തട്ടുന്നതും പൊട്ടുന്നതുമൊക്കെ ഗ്ലൗസിന്റെ ഉപയോഗം കൊണ്ടു തടയാം. കിളയ്ക്കുമ്പോഴും ചെടികൾ പ്രൂൺ ചെയ്യുമ്പോഴുമൊക്കെ കൈ സുരക്ഷിതമായിരിക്കാനും ഗ്ലൗസിന്റെ ഉപയോഗം സഹായിക്കും. മണ്ണിലൂടെ പകരുന്ന രോഗങ്ങൾ പലതും ഒഴിവാക്കാനും ഗ്ലൗസ് സഹായിക്കും.

വീൽബാരോ (Wheelbarrow)

tools9

ചക്രമുള്ള ചെറിയ ഉന്തുവണ്ടിയാണിത്. പൂന്തോട്ടം വൃത്തിയാക്കുമ്പോൾ ബാക്കിയാകുന്ന ഇലകളും മണ്ണും എടുത്തുമാറ്റാനും ചട്ടിയിലുള്ള ചെടികൾ സ്ഥാനം മാറ്റാനുമെല്ലാം ഇത് ഉപയോഗിക്കാം. തേങ്ങ പെറുക്കാനും ഭാരമുള്ള വസ്തുക്കൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുമുൾപ്പെടെ ഒട്ടേറെ ഉപയോഗങ്ങൾ ഇതിനുണ്ട്.

കമ്പുവെട്ടി (Loppers)

tools8

ഉയരത്തിലുള്ള മരങ്ങളുടെ പോലും കമ്പ് മുറിക്കാൻ ഇത്തരം കത്രികകൾ സഹായിക്കും. ആവശ്യാനുസരണം നീളം കൂട്ടാനും കുറയ്ക്കാനും കഴിയും എന്നതാണ് ലോപ്പറിന്റെ സാധ്യത. താഴെ നിന്ന് കത്രിക നിയന്ത്രിക്കുകയുമാകാം. വണ്ണം കൂടിയ കമ്പ് മുറിക്കാൻ ഇത് ഉപകരിക്കില്ല.

സ്റ്റൂൾ (Garden stool)

ഇരുന്ന് പുല്ലു പറിക്കാനും ചെടികൾക്ക് വളമിടാനുമൊക്ക ഒരു ഗാർഡൻ സ്റ്റൂൾ ഉള്ളതു നല്ലതാണ്. പ്ലാസ്റ്റിക് അല്ലെങ്കിൽ തടി സ്റ്റൂൾ ഇതിനായി ഉപയോഗിക്കാം.

ഹോസ് (Watering hose)

ചെടികൾ നനയ്ക്കാൻ ഹോസ് അത്യാവശ്യമാണ്. നോസ് കൂടിയുള്ള ഹോസ് ആണ് നനയ്ക്കാൻ കൂടുതൽ സൗകര്യപ്രദം. ആവശ്യം കഴിഞ്ഞാൽ ഹോസ് ചുറ്റിവയ്ക്കാൻ ഒരു ഹോൾഡറും കരുതേണ്ടതാണ്. നന ആവശ്യമില്ലാത്ത സമയത്ത് ഹോസ് വെറുതെ മണ്ണിൽക്കിടന്ന് നശിച്ചുപോകാൻ സാധ്യതയുണ്ട്.

സ്പ്രെയർ (Sprayer)

tools4

കീടനാശിനി തളിക്കാൻ, ഇലകളിൽ വെള്ളം തളിക്കാൻ ഒക്കെ സ്പ്രേയർ അത്യാവശ്യമാണ്. പല വലുപ്പത്തിൽ സ്പ്രേയർ ലഭിക്കും. പച്ചക്കറിക്കൃഷിയൊക്കെ കൂടുതൽ അളവിൽ ഉണ്ടെങ്കിൽ വലിയ സ്പ്രേയർ വേണ്ടിവരും. ചെടികൾക്ക് മരുന്നടിക്കാൻ ചെറിയ സ്പ്രേ മതി. സ്പ്രേ ഹെഡ്, സ്ട്രോ എന്നിവ മാത്രം വാങ്ങി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പിയിലിട്ടും ഉപയോഗിക്കാം.

ഗാർഡൻ ബൂട്ട് (Garden boot)

ഗാർഡനിൽ നടക്കുമ്പോൾ കാലുകൾ പൂർണമായി മൂടുന്നതാണ് സുരക്ഷിതം. ഇതിനായി ഒരു ജോഡി ഗാർഡൻ ബൂട്ട് വാങ്ങുന്നത് നല്ലതാണ്. ചട്ടികൾ എടുത്തുമാറ്റുമ്പോൾ ഇഴ ജന്തുക്കൾ ആക്രമിക്കാതിരിക്കാനും കൊതുക് ശല്യം കുറയ്ക്കാനും ബൂട്ട് സഹായിക്കും.

ട്രേ (Mixing tray)

ചട്ടികളിൽ നിറയ്ക്കാനുള്ള മണ്ണും കംപോസ്റ്റും കൂട്ടിയിളക്കാനും വളം എടുക്കാനുമൊക്കെ ഒരു സിമന്റ് ചട്ടി അല്ലെങ്കിൽ പ്ലാസ്റ്റ്ക് ട്രേ കൂടി ഗാർഡൻ ടൂൾസിന്റെ ഭാഗമാക്കണം.

വാട്ടറിങ് കാൻ (Watering can)

tools

പുതിയതായി നട്ട ചെടികൾ, തൈകൾ ഒക്കെ ഹോസ് ഇട്ട് നനയ്ക്കാൻ കഴിയില്ല. പകരം വെള്ളം മൃദുവായി വീഴ്ത്തുന്ന വാട്ടറിങ് കാൻ ഉണ്ടെങ്കിൽ ചെടിക്ക് പരുക്കുപറ്റാതെ നനയ്ക്കാം. മൃദുവായ പൂക്കളും മൃദുവായ തളിരുകളുമുണ്ടാകുന്ന ചെടികൾ നനയ്ക്കാനും വാട്ടറിങ് കാൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ലീറ്റർ വെള്ളം ഉൾക്കൊള്ളുന്നതുമുതൽ ലഭിക്കും. 200 രൂപ മുതൽ ചെലവു വരും.

കംപോസ്റ്റ് ബിൻ (Compost bin)

ചെടികളുടെ ചുവട്ടിലെ കളയും കരിയിലകളും ചെടികൾ പ്രൂൺ ചെയ്ത ഇലകളും കമ്പുകളുമൊക്കെ ഒരു ബിന്നിൽ ഇട്ടുവച്ച് കംപോസ്റ്റ് ആക്കുന്നതു നല്ലതാണ്. ഇതിൽ കുറച്ചു ചാണകം കൂടി ഇട്ടുകൊടുത്താൽ ചെടിക്കു വേണ്ടി പുറത്തുനിന്ന് വളം വാങ്ങേണ്ടിവരില്ല. ഇലകൾ അഴുകിയുണ്ടാകുന്ന ദ്രാവകത്തിലേക്ക് ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. പച്ചക്കറിക്കു വളമായും ഇത് ഉപയോഗിക്കാം.

റേക്ക് (Rake)

tools5

മുറ്റത്ത് അല്ലെങ്കിൽ ഗാർഡനിൽ വീഴുന്ന ഇലകൾ നീക്കം ചെയ്യാൻ മെറ്റൽ വിരലുകളോടു കൂടിയ റേക്ക് ഉള്ളതു നല്ലതാണ്. അല്പം വലിയ പുല്ല് വളർന്നത് നീക്കം ചെയ്യാനും ഇതു സഹായിക്കും. ചെറിയ രീതിയിൽ മണ്ണ് ഇളക്കാനും റേക്ക് ഉപയോഗിക്കാം. പുല്ല് വിരിച്ച ഗാർഡൻ ആണെങ്കിൽ പുല്ലിന് കേടു സംഭവിക്കാതെ റേക്ക് ഇലകൾ എടുത്തുമാറ്റും. ഇനി മുറ്റത്തെ പുല്ല് പറിക്കാനും റേക്ക് ഉപയോഗിക്കാനും. മുറ്റം ലെവൽ ആക്കാനും മണ്ണിലെ കട്ടകൾ ഇളക്കാനുമെല്ലാം ഈ ഉപകരണം പ്രയോജനപ്പെടുത്താം.