ഗന്ധം... കോരിത്തരിപ്പിക്കുന്ന സുഗന്ധം... മുല്ലപ്പൂമ്പൊടി ഏറ്റുകിടന്നാൽ കല്ലിനു പോലും സുഗന്ധമുണ്ടാകുമെന്നല്ലേ?! അപ്പോൾ മുറ്റത്ത് ഒരു മുല്ലയെങ്കിലും ഇല്ലാതിരിക്കുന്നതെങ്ങനെ? ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടിയാണ് മുല്ല. നല്ല വെയിൽ, നന, നീർവാർച്ചയുള്ള മണ്ണ്... ഇത്രയുമുണ്ടെങ്കിൽ മുല്ല എളുപ്പത്തിൽ പിടിപ്പിച്ചെടുക്കാം. മൂത്ത തണ്ട് മുറിച്ചുനട്ട് പുതിയ ചെടിയുണ്ടാക്കാം.
മുല്ല അല്ലെങ്കിൽ ജാസ്മിൻ എന്ന പേരിൽ അറിയപ്പെടുന്ന ചെടികളെ ഈ ലക്കത്തിൽ പരിചയപ്പെടാം. ഈ ചെടികൾ എല്ലാം കേരളത്തിലുള്ള ഒട്ടുമിക്ക നഴ്സറികളിലും ലഭ്യമാണ്. 50Ð100 രൂപ മുടക്കിൽ തൈകൾ ലഭിക്കും.
നാടൻ മുല്ല: വള്ളിയായി പടരുന്ന നാടൻ മുല്ലയുടെ പൂക്കൾക്ക് നല്ല സുഗന്ധമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വേന ൽ മഴ പെയ്യുമ്പോഴാണ് മുല്ലവള്ളിയിൽ ഏറ്റവുമധികം പൂക്കൾ വിരിയുന്നത്. ഒരു സെറ്റ് ഇതളുകൾ മാത്രം ഉള്ളതും രണ്ടോ മൂന്നോ അടരായി ഇതളുകൾ ഉള്ളതുമായ ഇനങ്ങൾ ഉണ്ട്.

കുറ്റിമുല്ല: വിപണിയിൽ ലഭിക്കുന്ന മുല്ലപ്പൂ കുറ്റിമുല്ലയിൽ വിടരുന്നതാണ്. നല്ല സുഗന്ധമുള്ള പൂക്കൾ എന്നും ഉണ്ടാകും. കുറ്റിമുല്ല കൃഷി ചെയ്തു സാമ്പത്തികലാഭവും നേടാം. പ്രൂണ്‍ ചെയ്യുമ്പോൾ വരുന്ന പുതിയ തളിരുകൾക്കുള്ളിൽ മൊട്ടുകൾ ഉണ്ടാകും. ബാൽക്കണിയിൽ ചട്ടിയിൽപ്പോലും വളർത്താനാകും എന്നതാണ് കുറ്റിമുല്ലയുടെ ഗുണം.
വള്ളിമുല്ല: നീളൻ ഇതളോടു കൂടിയ അതീവസുഗന്ധമുള്ള തൂവെള്ളപ്പൂക്കൾ നിത്യവും തരുന്ന മുല്ലയാണ് വള്ളിമുല്ല. പേര് പോലെതന്നെ വള്ളിയായി ചാഞ്ഞുകിടക്കും. പ്രധാന ശിഖരത്തിന്റെ ഇരുവശങ്ങളിലേക്കും വളരുന്ന എല്ലാ കമ്പിലും കുലകളായി മൊട്ടും പൂക്കളും ഉണ്ടാകും. ഇടയ്ക്ക് വെട്ടിനിർത്തുന്നത് പൂക്കൾ കൂടാൻ സഹായിക്കും. തമിഴ്നാട്ടിൽ ഏറ്റവുമധികംവളർത്തുന്ന മുല്ലകളിൽ ഒന്നാണിത്.

ശ്രീലങ്കൻ മുല്ല: മറ്റ് മുല്ലകളിൽ നിന്നു വ്യത്യസ്തമാണ് ശ്രീലങ്കൻമുല്ല. കാര്യമായ സുഗന്ധമില്ല എന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. വെള്ളപ്പൂക്കളുടെ ഉള്ളിൽ മഞ്ഞ കേസരമുണ്ട്. നല്ല ഉയരത്തിൽ പോകുന്ന കമ്പുകളിൽ എല്ലാ സീസണിലും പൂക്കളുണ്ടാവും.

മണിമുല്ല: ഇപ്പോഴത്തെ ട്രെൻഡ് ആണ് മണിമുല്ല. ഇല കാണാതെ കുലകളായി പൂക്കും എന്നതാണ് മണിമുല്ലയെ ആകർഷകമാക്കുന്നത്. വള്ളിച്ചെടിയാണ്. പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്. ടെറസിലേക്കോ ആർച്ചിലേക്കോ കാർപോർച്ചിനു മുകളിലേക്കോ ഒക്കെ കയറ്റിവിടാം.

മരമുല്ല: പേരുപോലെത്തന്നെ മരമായി വളരുന്ന ചെടിയാണ് മരമുല്ല. അതീവഹൃദ്യമായ സുഗന്ധമുള്ള പൂക്കൾ ഈ ചെടിയിൽ മിക്ക സമയത്തും ഉണ്ടാകും. ചട്ടിയിലും നീർവാർച്ചയുള്ള മണ്ണിലും നടാം. ബോൺസായ് ആക്കി നിർത്താം. ബോൺസായ് അല്ലെങ്കിൽപോലും വെട്ടി ആകൃതി വരുത്തിയാൽ തളിരിനോടൊപ്പം പൂക്കളും ഉണ്ടാകും. കുറ്റിയായി വളർത്താവുന്ന ‘മധുകാമിനി’ എന്ന ഇനം നഴ്സറിയിൽ ലഭ്യമാണ്.

പിച്ചകം: എയ്ഞ്ചൽവിങ് ജാസ്മിൻ എന്ന പേരിൽ അറിയപ്പെടുന്ന പിച്ചകത്തിന് അതീവഗന്ധമാണ്. വയലറ്റ് കലർന്ന തണ്ടുകൾ പിച്ചകം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കും. മൊട്ടുകൾക്കും വയലറ്റ് കലർന്ന വെള്ള നിറമാണ്. ബലമില്ലാത്ത കമ്പുകൾ വള്ളിപോലെ തോന്നിക്കും. അതുകൊണ്ടുതന്നെ താങ്ങ് കൊടുത്തു വളർത്തേണ്ടിവരും.

സൂചിമുല്ല: വള്ളിയായി വളരുന്ന ഈ ചെടിയിൽ വിരിയുന്ന പൂക്കളുടെ ഇതൾ സൂചി പോലെ മെലിഞ്ഞിരിക്കുന്നതിനാലാണ് സൂചിമുല്ല എന്ന് അറിയപ്പെടുന്നത്. സൂചിയുടെ ആകൃതിയിലാണ്. മറ്റു മുല്ലകൾക്കു വേണ്ട കാലാവസ്ഥയും പരിചരണവുമേ ആവശ്യമുള്ളൂ.

പവിഴമുല്ല: പവിഴമല്ലി എന്നും വിളിക്കുന്ന കോറൽ ജാസ്മിൻ പൂക്കൾ സുഗന്ധത്താൽ ആരെയും ആകർഷിക്കും. ഓറഞ്ച് നിറമുള്ള തണ്ട് ആണ് ഈ പൂവിനെ വ്യത്യസ്തമാക്കുന്നത്. അതീവ സുഗന്ധമുണ്ട്. സന്ധ്യയ്ക്കു വിരിയുന്ന പൂക്കൾ രാവിലെ മുറ്റത്തു പൊഴിഞ്ഞു കിടക്കുന്ന കാഴ്ച പോലും ഹൃദ്യമാണ്. മരമായി വളരും ഈ ചെടി. വിത്തിൽ നിന്നുണ്ടാകുന്ന തൈ നട്ടും പുതിയ ചെടി ഉണ്ടാക്കാം. ചെടി പിടിച്ച് പൂവിട്ടുതുടങ്ങിയാൽ നന പോലും ആവശ്യമില്ല.

ബ്രൈഡൽ ബൊക്കെ: ബ്രൈഡൽ മുല്ല എന്നും അറിയപ്പെടുന്നു. കുലയായി വിരിയുന്ന പൂക്കൾ സുഗന്ധത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇടയ്ക്കിടെ പ്രൂൺ ചെയ്തു കൊടുക്കണം, നല്ല വെയിലും വെള്ളവും വേണം, ഇത്രയൊക്കെയേ ബ്രൈഡൽ മുല്ലയ്ക്കു വേണ്ടൂ. വർഷത്തിൽ ഏതുകാലത്തും പൂക്കൾ തരും.

ഗന്ധരാജൻ: കേപ് ജാസ്മിൻ എന്ന് അറിയപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായ ഗന്ധരാജൻ തന്നെ. കുറ്റിച്ചെടിയായി നിൽക്കും. ഗന്ധരാജന്റെ ഹൈബ്രിഡ് ഇനങ്ങൾ ചട്ടിയിൽ ബാൽക്കണിയിൽ വച്ചും സുഗന്ധം നുകരാം എന്ന സൗകര്യമുണ്ട്.
