ഇലകൾ വെയിലേറ്റു മഞ്ഞച്ചതല്ല; ഈ ചെടി ഇതുവരെ കണ്ടിട്ടില്ലേ?
Mail This Article
തെളിഞ്ഞ സ്വർണ മഞ്ഞ ഇലകളോടുകൂടിയ ഈ ചെടി അടുത്തിടെയാണ് നമ്മുടെ ഉദ്യാനങ്ങളുടെ ശ്രദ്ധാകേന്ദ്രമായിത്തീർന്നത്.
ഗോൾഡൻ ലെഗ്യൂം (Desmodium gangeticum) ധാരാളം സൂര്യപ്രകാശം വേണ്ട ചെടിയാണ്. സൂര്യപ്രകാശം കൂടുതൽ ആവശ്യമുള്ളതുപോലെത്തന്നെ ധാരാളം വെള്ളവും കൊടുക്കണം, പ്രത്യേകിച്ച് ചട്ടിയിൽ വളർത്തുമ്പോൾ. ചട്ടിയിലാണ് നടുന്നതെങ്കിൽ കൊക്കോപിത്ത് പോലെ വെള്ളം പിടിച്ചുനിർത്തുന്ന പോട്ടിങ് മിക്സ് ഉപയോഗിക്കുന്നതു നല്ലതാണ്. വളർച്ചയ്ക്ക് വളം ആവശ്യമില്ലെങ്കിലും നൈട്രജൻ ചേർന്ന വളങ്ങൾ ഇടയ്ക്കൊക്കെ കൊടുക്കുന്നത് ഇലകളുടെ നിറവും ഭംഗിയും നിലനിർത്താൻ സഹായിക്കും. ചാണകപ്പൊടിയോ മറ്റു ജൈവവളങ്ങളോ മതിയാകും. എൻപികെ മിശ്രിതവും ഗുണം ചെയ്യും.
ബ്രൗൺ തളിരിന്റെ ഭംഗി
10 അടിക്കു മീതെ ഉയരത്തിൽ വളരുന്ന ചെടിയാണിത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കമ്പുകൾ വെട്ടി നിർത്തുന്നതാണ് ഭംഗി. ബ്രൗൺ ഷേഡ് ഉള്ള തളിരിലകൾ കാണാനും നല്ല ഭംഗിയാണ്. പൂന്തോട്ടത്തിന്റെ ‘സെന്റർ പ്ലാന്റ്’ ആയി നടാൻ യോജിച്ച ചെടിയാണ് ഗോൾഡൻ ലെഗ്യൂം. ചെറിയ പൂക്കളും കായ്കളും ഉണ്ടാകുമെങ്കിലും ഇലകളാണ് ഈ ചെടിയുടെ ആകർഷണം. കമ്പ് നട്ടോ വിത്തിൽ നിന്നോ പുതിയ ചെടികൾ ഉണ്ടാക്കാം.
പൊതു ഇടങ്ങളിലും ഡിവൈഡറുകളിലുമൊക്കെ ഭംഗിയായി വളരുന്ന ചെടിയാണിത്. വീടുകളിൽ ഡ്രൈവ്‌വേകളിലും ഗേറ്റിനു പുറത്തുമൊക്കെ വളർത്താം.
