ADVERTISEMENT

തേനുള്ള പൂക്കൾ പൂമ്പാറ്റകൾക്ക് വളരെയിഷ്ടമാണ്. തേൻ മാത്രമല്ല, മുട്ട വിരിഞ്ഞിറങ്ങുന്ന ശലഭപ്പുഴു കഴിക്കുന്ന ഇലകളുള്ള ചെടികളും ചിത്രശലഭങ്ങൾക്ക് ഇഷ്ടമാണ്. ഇത്തരം കുറച്ചു ചെടികൾ കൂടി ഉൾപ്പെടുത്തിയാൽ വീട്ടുമുറ്റത്ത് ചിത്രശലഭങ്ങളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.

കൊതിപ്പിക്കും കൊങ്ങിണിപ്പൂ

onlinemasterpageNew4
ADVERTISEMENT

മുറ്റത്തു മാത്രമല്ല, പറന്പിലും വഴിയിലുമൊക്കെ കാണുന്ന ചെടിയാണ് കൊങ്ങിണി അല്ലെങ്കിൽ അരിപ്പൂച്ചെടി. മഞ്ഞയും ഓറഞ്ചും പൂക്കളുണ്ടാകുന്ന നാടൻ ഇനം കൂടാതെ, പൂന്തോട്ടങ്ങളിലേക്കു യോജിക്കുന്ന മഞ്ഞ, പിങ്ക്, വെള്ള, വയലറ്റ് എന്നിങ്ങനെ പൂക്കളിൽ നിറഭേദങ്ങളുള്ള ഇനങ്ങളുമുണ്ട്. ലന്താന (Lantana) എന്നതാണ് കൊങ്ങിണിയുടെ ശാസ്ത്രീയനാമം. കൊങ്ങിണിപ്പൂക്കളുടെ തേൻ പൂമ്പാറ്റകൾക്ക് പ്രിയങ്കരമാണ്. ചിത്രശലഭങ്ങൾ മാത്രമല്ല, കൊങ്ങിണിയുടെ കായ് തിന്നാൻ പക്ഷികളും വരും. വെയിൽ കിട്ടുന്നിടത്ത് ലന്താന നന്നായി വളരും.

എരിക്ക് തേടിവരും ശലഭങ്ങൾ

onlinemasterpageNew
ADVERTISEMENT

എരിക്ക് (Milk weed) എന്ന ഔഷധച്ചെടി പല വീടുകളിലും ഉദ്യാനങ്ങളിൽ നടാറുണ്ട്. വെള്ളിനിറം കലർന്ന ഇളം പച്ച ഇലകളാണ് എരിക്കിന്. വെള്ള, പിങ്ക്, വയലറ്റ് പൂക്കൾ വിരിയുന്ന ഇനങ്ങളുണ്ട്. എരിക്കിന്റെ ഇലകൾ തിന്നു വളരുന്ന ചില പൂമ്പാറ്റപ്പുഴുക്കൾ ഉണ്ടെന്ന് അറിയാമോ? ‘എരിക്കുതപ്പി’ എന്ന മലയാളം പേരുള്ള ‘കോമൺ ടൈഗർ’ എന്ന ചിത്രശലഭത്തെ ആകർഷിക്കാൻ മുറ്റത്ത് എരിക്ക് നട്ടാൽ മതി. എരിക്കിന്റെ ഇലകളിൽ ചെറിയ തോതിൽ വിഷാംശമുണ്ട്. ഈ ഇല തിന്നു വളരുന്ന ശലഭപ്പുഴുക്കൾ ചിത്രശലഭമാകുന്പോൾ ശത്രുക്കൾ ആക്രമിക്കില്ല. ചിത്രശലഭത്തിന്റെ എരിക്കിനോടുള്ള താൽപര്യത്തിനു പിന്നിൽ ഇതാണ്.

ചെണ്ടുമല്ലിപ്പൂവേ...

onlinemasterpageNew2
ADVERTISEMENT

ഇന്ത്യയിലെ ആഘോഷങ്ങൾക്ക് ചെണ്ടുമല്ലിയുടെ നിറമാണ്. മഞ്ഞ, ഓറഞ്ച് പൂക്കൾ വിരിയുന്ന ചെണ്ടുമല്ലിയില്ലാത്ത ആഘോഷങ്ങളില്ല. തേനുണ്ണുന്ന പൂമ്പാറ്റകൾക്കെല്ലാം പ്രിയപ്പെട്ട പൂവാണിത്. നല്ല സൂര്യപ്രകാശവും വെള്ളം വാർന്നുപോകുന്ന മണ്ണുമുണ്ടെങ്കിൽ ഈ ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാം. ഉണങ്ങിയ പൂക്കളുടെ അറ്റത്ത് വിത്തുണ്ടായിരിക്കും. ഈ വിത്ത് വെറുതെ മണ്ണിൽ വിതറിയാൽ മതി. കൂടുതൽ പരിചരണമൊന്നും ആവശ്യമില്ല.

പൂമ്പാറ്റ പാറിവരും കൃഷ്ണകിരീടം

onlinemasterpageNew5

നാട്ടിൻപുറങ്ങളിൽ കണ്ടിരുന്ന കൃഷ്ണകിരീടം (Pagoda Flower) പൂമ്പാറ്റകളെ ആകർഷിക്കുന്ന ചെടിയാണ്. ചുവപ്പും മഞ്ഞയും പൂക്കൾ തിങ്ങിനിൽക്കുന്ന വലിയ പൂങ്കുലയിൽ നിറയെ തേനുണ്ട്. ഈ തേൻ കുടിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern Birdwing) ഉൾപ്പെടെ മിക്ക ശലഭങ്ങളും എത്താറുണ്ട്. മണ്ണിൽ നേരിട്ടു നടാവുന്ന ചെടിയാണിത്. വേരിൽ പൊട്ടി പുതിയ തൈ ഉണ്ടാകുകയും ചെയ്യും. പ്രത്യേകിച്ച് പരിചരണമൊന്നും ഈ ചെടിക്ക് ആവശ്യമില്ല. മണ്ണിൽ നേരിട്ട് നടുകയാണെങ്കിൽ പ്രത്യേകം നന പോലും നിർബന്ധമില്ല.

ഇലമുളച്ചിയുടെ കൂട്ടുകാർ

onlinemasterpageNew3

വീട്ടുപറന്പുകളിൽ കാണുന്ന ചെടിയാണ് ഇലമുളച്ചി. ഔഷധച്ചെടി എന്ന രീതിയിലും ഇലമുളച്ചിക്ക് റോളുണ്ട്. പിറോ (Pierrot ) കുടുംബത്തിൽപ്പെട്ട ചിത്രശലങ്ങൾ ഇലമുളച്ചിയെയാണ് മുട്ടയിടാൻ തിരഞ്ഞെടുക്കുന്നത്. ഇലയുടെ അരികിൽ തൈകൾ ഉണ്ടാകുമെന്നതാണ് ഈ ചെടിയുടെ പ്രത്യേകത. പച്ചയും ചുവപ്പും കലർന്ന പൂക്കൾ കുലയായി ഉണ്ടാകാറുണ്ട്. ഇതിന്റെ ഇലകളോടു സാദൃശ്യമുള്ള ചുവപ്പ്, മഞ്ഞ പൂക്കൾ ഉണ്ടാകുന്ന കലാഞ്ചിയ കുടുംബത്തിൽപ്പെട്ട ചെടികളും ഈ കുടുംബത്തിൽപ്പെട്ട പൂമ്പാറ്റയെ ആകർഷിക്കുന്നതാണ്.

പൂ വിളിക്കും ചെമ്മുള്ളി

onlinemasterpageNew6

മെക്സിക്കൻ ബട്ടർഫ്ലൈ വീഡ് എന്ന് അറിയപ്പെടുന്ന ചെമ്മുള്ളി (Asclepias curassavica ) എന്ന ചെടി ചിലയിനം ശലഭങ്ങളുടെ ‘ഹോസ്റ്റ് പ്ലാന്റ്’ ആണ്. ചിത്രശലഭങ്ങൾ മുട്ടയിടാൻ തിര‍ഞ്ഞെടുക്കുന്ന ചെടികൾ ആണ് ഹോസ്റ്റ് പ്ലാന്റ്. ശലഭപ്പുഴു ചെടിയുടെ ഇല കഴിച്ചു വളരും. കൂടാതെ, ഈ ചെടിയുടെ പൂക്കളിലെ തേനും പൂമ്പാറ്റകളെ ആകർഷിക്കുന്നു. പൂന്തോട്ടം ഭംഗിയാക്കാൻ ഈ ചെടി സഹായിക്കും.

കിലുകിലുക്കും കിലുക്കിച്ചെടി

onlinemasterpageNew7

ചില ചിത്രശലഭങ്ങളുടെ പ്രിയപ്പെട്ട ചെടിയാണ് ക്രോട്ടിലേറിയ അല്ലെങ്കിൽ കിലുക്കിച്ചെടി (Crotalaria retusa). കിലുക്കിയുടെ പല വകഭേദങ്ങളും ഉണ്ടെങ്കിലും ചിലയിനങ്ങൾ മാത്രമേ ചിത്രശലഭങ്ങളെ ആകർഷിക്കൂ. ഈ ചെടിയുടെ ഇലകളിലുള്ള ചില ആൽക്കലൈഡുകൾ ചിലയിനം ചിത്രശലഭങ്ങളുടെ പ്രത്യുൽപാദനത്തിന് അത്യാവശ്യമാണ്. അതിനുവേണ്ടി ചിത്രശലഭങ്ങൾ കിലുക്കിയുടെ ഇലകളിലെ നീര് ഊറ്റിക്കുടിക്കാൻ എത്തും. കിലുക്കിച്ചെടിയുടെ വിത്ത് ഉപയോഗിച്ച് പുതിയ ചെടി മുളപ്പിക്കാം. ഉള്ളിൽ വിത്ത് കിലുങ്ങുന്ന ‘സീഡ്പോഡ്’ ആണ് കിലുക്കിച്ചെടിയുടെ പേരിനു കാരണം. നല്ല വെയിലുള്ള സ്ഥലത്ത് ധാരാളം വളരും.

സീനിയ എന്ന സൗന്ദര്യം

onlinemasterpageNew8

പണ്ട് മിക്ക വീട്ടുമുറ്റങ്ങളിലും ഉണ്ടായിരുന്ന സീനിയ (Zennia) തേൻ നൽകി ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിൽ മുൻപന്തിയിലാണ്. വെള്ള. മഞ്ഞ, പിങ്ക്, ചുവപ്പ് നിറങ്ങളിലൊക്കെ സീനിയയുടെ പൂക്കൾ വിരിയും. ഈ പൂക്കളുടെ നിറവും പൂമ്പാറ്റകളെ ആകർഷിക്കുന്നുണ്ട്. സീനിയയിൽ പരാഗണം നടത്തുന്നതിൽ പൂന്പാറ്റകൾ വളരെയധികം പങ്കുവഹിക്കുന്നു. പ്രത്യേക സീസൺ എന്നില്ലാതെ എല്ലാ കാലത്തും പൂവിരിയും. നല്ല വെയിലും വെള്ളവും കിട്ടിയാൽ സീനിയ വളരെ വർഷങ്ങൾ പൂന്തോട്ടത്തിൽ നന്നായി നിൽക്കുകയും ചെയ്യും.

അരുമയായ അരളി

onlinemasterpageNew9

വെള്ള, പിങ്ക്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് ഉദ്യാനത്തിന്റെ അഴകുകൂട്ടുന്ന അരളി (Nerium oleander) ചെടിയുടെ ഇലകളിലാണ് ‘കോമൺക്രോ’ എന്ന ചിത്രശലഭം മുട്ടയിടുന്നത്. ശലഭപ്പുഴു വിരിഞ്ഞാൽ ഈ ചെടിയുടെ ഇലകൾ തിന്ന് വളരും. അരളിച്ചെടിയുടെ ഇലകളിലുള്ള വിഷാംശം ചിത്രശലഭത്തെ ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നുണ്ട്.

അരളി, എരുക്ക്, ചെമ്മുള്ളി പോലുള്ള ചെടികളിൽ വിഷാംശമുള്ളതിനാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ ഇവയുടെ സാന്നിധ്യം ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഈ ചെടികളുടെ ഇലയോ പൂവോ കറയോ അകത്തുചെല്ലുന്നത് അപകടകാരണമാകാം.

Creating a Butterfly-Friendly Garden:

Butterfly gardens are beautiful and beneficial. Butterflies are attracted to nectar-rich flowers and host plants, making it easy to create a vibrant butterfly garden.