മടിയൻമാർക്കും നടാം ഈ ചെടി ; പരിപാലനം കുറവാണ് ബ്രൊമീലിയാഡ്സിന് Easy Bromeliad Care Tips
Mail This Article
ഇലകളും പൂക്കളും ഒരുപോലെ ഭംഗി, വെള്ളം ശേഖരിച്ചുവയ്ക്കാനാകും, മുറ്റത്ത് വെയിൽ ഇല്ല എന്ന് സങ്കടപ്പെടുന്നവർക്കും വളർത്താം ബ്രൊമീലിയാഡ്സ് എന്ന ചെടിയെക്കുറിച്ചാണ് പറയുന്നത്. ബ്രൊമീലിയാഡ്സിന്റെ പല ഇനങ്ങൾ ശേഖരിക്കുന്നതിലാണ് ചെടിപ്രേമികൾക്ക് ഹരം. കാര്യമായ പരിചരണമൊന്നും വേണ്ട എന്നതുതന്നെയാണ് ഈ ചെടിയുടെ ഹൈലൈറ്റ്.
വേരിൽ പിടിപ്പിക്കാം
വെയിൽ ആവശ്യമില്ല എന്നതുകൊണ്ട് മരത്തണലിലോ സിറ്റ്ഔട്ടിലോ കോർട്‌യാർഡിലോ ഒക്കെ വയ്ക്കാം.
ആഴത്തിൽ പോകുന്ന വേരുകളല്ല ഈ ചെടിക്ക്. അതുകൊണ്ടുതന്നെ ചട്ടിയിൽ വയ്ക്കുന്നതിലും നല്ലത് വേരിനു ചുറ്റും കൊക്കോപിത്തോ പായലോ പൊതിഞ്ഞ് ഉണങ്ങിയ മരത്തണ്ടിലോ വേരിലോ പിടിപ്പിക്കുന്നതാണ്. കനം കുറഞ്ഞ കമ്പിയോ ചരടോ ഉപയോഗിച്ച് വേരിൽ ഘടിപ്പിക്കാം. കൂട്ടമായി പിടിപ്പിക്കുന്നതു ഭംഗി കൂട്ടും.
ഇലകളുടെ ഉള്ളിൽ വെള്ളം പിടിച്ചുവയ്ക്കുന്നതിനാൽ ചെടിയുടെ കൂമ്പിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നത് നല്ലതാണ്. വളം വല്ലപ്പോഴും കൊടുത്താൽ മതി. ഓർക്കിഡിന്റെ വളമോ പിണ്ണാക്ക് വളമോ ഒക്കെ ആകാം.
ബ്രൊമീലിയാഡ്സിന്റെ ചിലയിനങ്ങളിൽ അതീവമനോഹരമായ പൂക്കൾ ഉണ്ടാകും. പൂക്കൾ മൂന്നോ നാലോ മാസം വരെ പൊഴിയാതെ നിൽക്കും.
വിവരങ്ങൾക്കു കടപ്പാട്: ലതിക സുതൻ,
പ്രപഞ്ച ഗാർഡൻ, ഇരിങ്ങാലക്കുട
