ADVERTISEMENT

മഴവില്ലിന്റെ ഭംഗിയാണ് കടലാസ്പൂക്കൾക്ക്. മഴക്കാലത്ത് പച്ചപ്പിലേക്ക് ഒതുങ്ങുമെങ്കിലും വേനലെത്തിയാൽ നിറങ്ങളുടെ കത്തിപ്പടരലാണ്. കടലാസ് പൂക്കളുടെ പൂരം കാണണമെങ്കിൽ തൃശൂർ ജില്ലയിലെ ചൂണ്ടലിൽ എത്തണം. ഡിസംബർ മുതൽ മഴക്കാലമെത്തുംവരെ ചൂണ്ടലിലെ ‘കടലാസ് പൂ’ നഴ്സറിയിൽ വർണങ്ങളുടെ വസന്തമാണ്. തൃശൂർ–കുന്നംകുളം റോഡിലൂടെ പോകുന്ന മിക്കവരും ഈ കാഴ്ച കാണാനും മൊബൈലിൽ പകർത്താനും ‘കടലാസ് പൂ’വിനു മുന്നിൽ വണ്ടിനിർത്തും. നഴ്സറിയുടെ ഉടമസ്ഥരായ ഡയസ് ജേക്കബും പ്രിയയും നഴ്സറിയുടെ വിഡിയോയോ ഫോട്ടോയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടില്ലെങ്കിലും ‘കടലാസ് പൂ’ അന്വേഷിച്ച് കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത്.

Kadalaspoo7

കടലാസ് പൂവിനൊരു നഴ്സറി

ADVERTISEMENT

കടലാസ് പൂവിനു മാത്രമായി നഴ്സറി എന്ന ചിന്തയിലേക്ക് ഡയസും പ്രിയയും അവിചാരിതമായാണ് എത്തിയത്. യാത്രകളും മറ്റ് ഇഷ്ടങ്ങളുമായി വിശ്രമജീവിതം നയിക്കാനാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ചൂണ്ടലിലെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് കാട്ടുപന്നിയെ തുരത്താൻ സഹായിക്കുന്ന മുള്ളുള്ള ചെടി എന്ന നിലയിലാണ് ബൊഗെയ്ൻവില്ല വാങ്ങാൻ പോയത്. കണ്ട് കണ്ട് കടലാസ്പൂക്കളുമായി പ്രണയത്തിലായിയെന്ന് പ്രിയ.

Kadalaspoo9
പ്രിയയും ഡയസും പൂക്കൾക്കൊപ്പം

‘‘ അലങ്കാരച്ചെടികളുടെയും പഴച്ചെടികളുടെയും നല്ലൊരു ശേഖരം തന്നെയുണ്ട് ഞങ്ങൾക്ക്. ചെടി പരിപാലനത്തിന്റെ അടിസ്ഥാനം അറിയാം. കാടുപിടിച്ചു കിടക്കുന്ന സ്ഥലം കടലാസ് ചെടികളുടെ നഴ്സറിയാക്കിലോ എന്നു ചിന്തിച്ചത് ചെടികളോടുള്ള ഇഷ്ടം കൊണ്ടാണ്. ആ ഉദ്ദേശ്യത്തോടെയായി പിന്നീടുള്ള നഴ്സറി സന്ദർശനങ്ങളും ചെടിവാങ്ങലും, ’’ പ്രിയ പറയുന്നു.

Kadalaspoo5
ADVERTISEMENT

പുതിയ ഇനങ്ങൾ തേടി

സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ചെടികൾ എത്തുന്നത്. ഏജന്റുമാരിൽ നിന്നാണ് ഇവർ നഴ്സറിയിലേക്ക് ആവശ്യമായ ബൊഗെയ്ൻവില്ല വാങ്ങുന്നത്. ഓരോ വർഷവും പുതിയ ഇനങ്ങൾ തേടി ചെടിപ്രേമികൾ എത്തും. അവരെ തൃപ്തിപ്പെടുത്താൻ ഏകദേശം 500 വ്യത്യസ്തയിനങ്ങൾ ഇത്തവണ നഴ്സറിയിൽ എത്തിച്ചിട്ടുണ്ട്. ഏജന്റുമാരിൽ നിന്നു വാങ്ങുന്ന ചെടികൾ ഗ്രാഫ്റ്റ് ചെയ്താണ് കൂടുതൽ ചെടികൾ ഉണ്ടാക്കുന്നത്.

ADVERTISEMENT

ഇലകളുടെയും പൂവിനു ചുറ്റുമുള്ള ബ്രാക്കറ്റുകളുടെയും വലുപ്പം, ആകൃതി, നിറം, ടെക്സ്ചർ ഇതൊക്കെയാണ് ചെടികളുടെ ഇനം തിരിച്ചറിയാൻ സഹായിക്കുന്നത്.

ബ്രാക്കറ്റുകളുടെ ഭംഗി

Kadalaspoo6

പൂക്കളുടെ ചുറ്റുമുള്ള ബ്രാക്കറ്റുകളുടെ നിറവും ആകൃതിയും ടെക്സ്ചറുമെല്ലാമാണ് ബൊഗെയ്ൻവില്ലയുടെ ഭംഗി. വെള്ള, അല്ലെങ്കിൽ പിങ്ക് നിറമുള്ള ചെറിയ പൂക്കൾ പൊതുവേ ശ്രദ്ധയാകർഷിക്കാറില്ല.

വെള്ള, മഞ്ഞ, ഓറഞ്ച്, പിങ്ക്, മജന്ത, പീച്ച്, ചുവപ്പ് എന്നീ നിറങ്ങളുടെ ഏറ്റക്കുറച്ചിലുകളും നിറഭേദങ്ങളുമാണ് പ്രധാനമായി കടലാസ് പൂക്കളുടെ ബ്രാക്കറ്റുകൾക്കുള്ളത്. ഇലയിലും ബ്രാക്കറ്റുകളിലും വേരിഗേഷൻ (ഒന്നിലധികം നിറങ്ങൾ) ഉള്ള ഇനങ്ങൾക്ക് വളരെയധികം ആരാധകരുണ്ട്. വളർച്ച വളരെ പതുക്കെയുള്ള (slow growth) ഇനങ്ങളാണ് ഡിമാൻഡ് കൂടുതലുള്ള മറ്റൊരിനം. ചെറിയ ചട്ടിയിൽ വളർത്താവുന്ന ഈ ചെടികൾ കാഴ്ചയിൽ ചെറിയ രീതിയിൽ ബോൺസായിയുടെ പ്രതീതിയുണർത്തും. ബോൺസായ് നിർമാണത്തിനും കടലാസ് ചെടികൾ ധാരാളം ഉപയോഗിക്കുന്നുണ്ട്.

ഗ്രാഫ്റ്റിങ്ങിന്റെ ഭംഗി

Kadalaspoo

വ്യത്യസ്ത നിറങ്ങളിലുള്ള ബ്രാക്കറ്റോടു കൂടിയ ചെടികൾ ഗ്രാഫ്റ്റ് ചെയ്ത് ഒറ്റ ചെടിയിൽ പിടിപ്പിക്കുന്നത് ട്രെൻഡ് ആണ്. ഒരേ ചെടിയിൽ വ്യത്യസ്ത നിറമുള്ള പൂക്കൾ പതിവായി ഉണ്ടാകുമെന്നതാണ് ഗുണം.

ഏതെല്ലാം ചെടികൾ എങ്ങനെ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിക്കണം എന്നത് ഗവേഷണം ചെയ്യുന്നതും ഗ്രാഫ്റ്റിങ് ചെയ്യുന്നതും പ്രിയയാണ്. ഒരേ കുടുംബത്തിൽപ്പെട്ട വ്യത്യസ്ത നിറങ്ങളുള്ള ചെടികളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. നിറങ്ങളുടെ കോംബിനേഷനും പൂക്കളുടെ കാലയളവുമൊക്കെ കണക്കിലെടുക്കാറുണ്ട്.

ഓരോ ഇനം ബൊഗെയ്‌ൻവില്ലയ്ക്കും പ്രത്യേകം പേരുണ്ട്. സഫയർ, ഓറഞ്ച് ലിപ്സ്റ്റിക്, പിങ്ക് പാച്ച്, ടാങ്ക് ലോംഗ് റെഡ്, ഇവ, സക്കൂറ, സാൽമൺ, ഗോൾഡൻ പിക്ചർ, ട്വിസ്റ്റഡ് ഫോർമോസ്, ബട്ടർ കപ്പ്, വജീദ് റെഡ്... ഇങ്ങനെ ചെടികൾ ശേഖരിക്കുന്നവർക്ക് ഓരോ ഇനവും തിരിച്ചറിയാനാകും.

Kadalaspoo3

വർഷത്തിൽ നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ബൊഗെയ്‌ൻവില്ലയുടെ സമയം. മഴക്കാലത്ത് ചെടികൾ ചീഞ്ഞുപോകാതെ നോക്കണം. പരിചരണം കുറഞ്ഞ സമയത്താണ് ഇപ്പോൾ ഡയസിന്റെയും പ്രിയയുടെയും യാത്രകൾ മിക്കതും. ബാക്കി സമയം കടലാസ് വർണങ്ങൾക്കൊപ്പം.

CONTACT: Kadalas Poo Plant Nursery, Choondal , Kerala

kadalaspoo4@gmail.com

Discovering New Bougainvillea Varieties:

Bougainvillea flowers are known for their vibrant colors. This nursery in Choondal, Thrissur offers a stunning display of these 'paper flowers' especially during the summer season.