വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കണോ? വലിയ മുതൽമുടക്കില്ലാതെ പരിപാലിക്കാവുന്ന ഈ 5 ചെടികൾക്ക് ഇടം നൽകാം... 5 Plants to Attract Positivity and Prosperity
Mail This Article
മനസ് കലുഷിതമായിരിക്കുമ്പോൾ പച്ചപ്പിലേക്ക് നോക്കാൻ പറയുന്നതു കേട്ടിട്ടില്ലേ? എന്തിനാകും അത്? പച്ചപ്പിലേക്ക് നോക്കുന്നത് സ്ട്രെസ്സിന് കാരണമായ കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദനം കുറയ്ക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. പ്രകൃതിയോട് അടുത്തിടപഴകി ജീവിച്ച മനുഷ്യന്റെ ആശ്വാസ സ്രോതയായിട്ട് ഇന്നും പച്ചപ്പ് നിലനിൽക്കുന്നു. അതുകൊണ്ടൊക്കെ തന്നെ കൺവെട്ടത്ത് ഇലകളും പൂക്കളുംഒക്കെ കാണുന്നത് നമുക്കൊരു സ്വാഭാവിക പോസിറ്റിവിറ്റി തരും. ഇത്തരത്തിൽ വീട്ടിലാകെ പോസിറ്റിവിറ്റിയും ഗുഡ് ലക്കും നിറയ്ക്കാൻ സഹായിക്കുമെന്ന് വാസ്തുവും ഫെങ്ഷുയിയും ഒക്കെ പറയുന്ന കുറച്ച് ചെടികളുണ്ട് അവയെ കുറിച്ചറിയാം....ഇവ പോസിറ്റീവ് എനർജി തരുമെന്നതു മാത്രമല്ല, വായു ശുചീകരിക്കും, മനസിനെ ശാന്തമാക്കും ഒപ്പം വീടിന്റെ ആകെ ലുക്കിനെ കൂടുതൽ മനോഹരമാക്കുകയും ചെയ്യും.
∙ ലക്കി ബാംബൂ
ഫെങ്ഷുയിയും വാസ്തു പ്രകാരവും വളരെ പേരെടുത്ത ഒരു ചെടി. ഈ ചെടി വീട്ടിൽ വയ്ക്കുന്നത് പോസിറ്റിവിറ്റിയും സമാധാനവും തരുമെന്ന് പറയുന്നു. വീട്ടിൽ പണവും ഐശ്വര്യവും ആയുരാരോഗ്യവും കൊണ്ടുവരാൻ ഈ ചെടിയുടെ സാന്നിധ്യം സഹായകമാകുമെന്ന് പറയപ്പെടുന്നു. പരിപാലിക്കാനുള്ള എളുപ്പവും വളരെ കുറച്ച് സ്ഥലത്തിലും വളരും എന്നതും ഈ ചെടിയെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്.
∙ മണി പ്ലാന്റ്
പേര് കേൾക്കുമ്പോഴേ സമ്പത്തിനെ ഓർമിപ്പിക്കുന്ന ഈ ചെടി വീട്ടിലേക്ക് സാമ്പത്തിക പുരോഗമനം ക്ഷണിച്ചു വരുത്തുമെന്ന് വിശ്വാസം. ലിവിങ് റൂമിലും പഠനമുറിയിലും അടുക്കളകളിലും ഒക്കെ വളർത്താവുന്ന മണി പ്ലാന്റ് അഥവാ പോതോസ് വെള്ളത്തിലും മണ്ണിലും ഒരേപോലെ വളരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. വെളിച്ച കുറവുള്ള ഇടങ്ങളിൽ പോലും വളരും എന്നതും നോക്കാനുള്ള എളുപ്പവും ഇതിന്റെ സ്വീകാര്യത കൂട്ടുന്നു.
∙ പീസ് ലില്ലി
സമാധാനത്തെ ആകർഷിക്കുന്ന ചെടിയെന്നാണ് ഇതിന്റെ വിശേഷണം തന്നെ. വീട്ടിൽ നിറയുന്ന വായുവിൽ നിന്ന് ഹാനീകരമായ വിഷാംശത്തെ അകറ്റാൻ ഈ ചെടികൾക്ക് സാധിക്കും. കടും പച്ച നിറത്തിലെ ഇലകൾക്കിടയിൽ വിരിയുന്ന വെളുത്ത പൂക്കൾ നൽകുന്ന കാഴ്ച്ച മനസിനെ ശാന്തമാക്കാനും വീട്ടിലെ എനർജി ഫ്ലോ നേരം വണ്ണമാകാനും സഹായിക്കും.. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത ഇടത്താണ് ഇവ നന്നായി വളരുക.
∙ തുളസി
ചുറ്റുമുള്ള ദോഷകരമായ ഊർജ്ജത്തെ മുഴുവൻ അകറ്റി വീടിന് ആകമാനം പരിശുദ്ധി നൽകുന്ന ചെടിയാണ് തുളസി. ഇന്തക്കാർക്കിടയിൽ തുളസിക്ക് പണ്ടുമുതൽക്കേ പരിപാവനമായ സ്ഥാനമുണ്ട്. പൂജയ്ക്കും മറ്റ് ആയുർവേദ ചികിത്സകൾക്കും സുലഭമായി ഉപയോഗിക്കുന്ന ഈ ചെടി ഐശ്വര്യദായകവുമാണ്. വളരെ ചെറിയ പരിചരണത്തിൽ വളരുന്നതു കൊണ്ട് തന്നെ ആളുകൾക്കിടയിൽ ഇതനോടുള്ള പ്രിയം ഏറെയാണ്.
∙ കറ്റാർ വാഴ
രോഗശാന്തിയും സൗഖ്യവും പ്രധാനം ചെയ്യുന്ന ഒരു ചെടിയാണിത്. ഇത് പരിസരത്തെ വായു ശുചീകരിച്ചെടുത്ത് ചുറ്റുവട്ടമാകെ വിഷരഹിതമാക്കും.. നെഗറ്റീവ് എനർജി എളുപ്പത്തിൽ വലിച്ചെടുത്ത് പകരം പോസിറ്റീവ് എനർജിയാക്കി പുറത്തേക്ക് വിടാൻ ഈ ചെടിക്ക് കഴിവുണ്ടെന്നാണ് വിശ്വാസം.. അധികം വെള്ളം വേണ്ടാതെ വളരാൻ സാധിക്കുന്ന ഈ ചെടി വളർത്താനും പരിപാലിക്കാനും വളരെ എളുപ്പമാണ്.