ADVERTISEMENT

വരും വർഷങ്ങളിൽ വീടുകൾക്കു മാത്രമല്ല, ചുറ്റുമുള്ള ചെടികൾക്കും ലാൻഡ്സ്കേപ്പിന്റെ രൂപഭാവങ്ങളിലുമൊക്കെ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൂർണമായി മാറുമോ എന്ന് ഉറപ്പില്ലെങ്കിലും വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കുകയെങ്കിലും ചെയ്യും.

പ്രകൃതി തിരിച്ചെത്തും
ഉഷ്ണമേഖലാ രാജ്യങ്ങളിലെ കാലാവസ്ഥ (tropical climate) യിൽ അതിജീവിക്കുന്ന ചെടികൾ, ട്രോപ്പിക്കൽ ഭൂപ്രകൃതിയുടെ അനുകരണം പോലെ നൽകാനാണ് നമ്മൾ ഇത്രനാളും ശ്രമിച്ചുകൊണ്ടിരുന്നത്.
എന്നാൽ വെട്ടിമിനുക്കി ഒരുക്കിയ ലാൻഡ്സ്കേപ് ആണ് ട്രോപ്പിക്കൽ എന്ന പേരിൽ മിക്കവരും ഒരുക്കുന്നത്. യഥാർഥത്തിൽ ഉഷ്ണമേഖലാ രാജ്യങ്ങളിലെ ഭൂപ്രകൃതി അങ്ങനെയല്ല. മഴയുടെയും ഈർപ്പത്തിന്റെയും സാന്നിധ്യം കൂടുതലുള്ളതിനാൽ കാടുപോലെ ചെടികൾ അനിയന്ത്രിതമായി വളരുന്ന പരിസ്ഥിതിയാണ് അത്തരം രാജ്യങ്ങളിലേത്. വരും വർഷങ്ങളിൽ ചുരുക്കം ചില ആർക്കിടെക്ടുമാരും ലാൻഡ്സ്കേപ് ഡിസൈനർമാരും ഇതു പരിഗണിക്കാൻ സാധ്യതയുണ്ട്. വെട്ടിമിനുക്കിയ ലാൻഡ്സ്കേപ്പിനു പകരം മരങ്ങളും ചെടികളും അതിന്റെ യഥാർഥ രീതിയിൽ വളരുന്ന ലാൻഡ്സ്കേപ്പിനു പ്രധാന്യം ലഭിക്കും. പൂർണമായി അനിയന്ത്രിതമാകും എന്നല്ല, സൗകര്യപ്രദമായ രീതിയിൽ, നിയന്ത്രിക്കുന്നുണ്ടെന്ന് പെട്ടെന്ന് മനസ്സിലാകാത്ത രീതിയിൽ, പഴയ നാടൻ വീടുകളുടെ മുറ്റം പോലെയാക്കിയെടുക്കുന്നതാകും വരുംകാലത്ത് കൂടുതൽ കാണാനാവുക.

landscape
ADVERTISEMENT

കുറഞ്ഞ മെയിന്റനൻസ്
തിരക്കുപിടിച്ച ജീവിതശൈലിയാണ് എന്നതുകൊണ്ടുതന്നെ പരിചരണം കുറഞ്ഞ ചെടികൾ കൂടുതൽ തിരഞ്ഞെടുക്കുന്ന പ്രവണതയുണ്ടാകാം. നാടൻ ചെടികളെല്ലാം പരിചരണം താരതമ്യേന കുറഞ്ഞവയായതും അത്തരം ചെടികളോട് താൽപര്യം കൂടുതലുണ്ടാകാൻ കാരണമാണ്.

അകത്തും പുറത്തും
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അകത്തളത്തിന്റെ ഭാഗമാണ് കോർട്‌യാർഡുകൾ. എന്നാൽ കോർട്‌യാർഡിന് നല്ല രീതിയിൽ പരിചരണം വേണം എന്ന യാഥാർഥ്യബോധം ഇപ്പോൾ മിക്കവർക്കുമുണ്ട്. എന്നാൽ വീടിനകത്തുതന്നെ ഇരുന്ന് പച്ചപ്പ് ആസ്വദിക്കുന്നതിനോട് താൽപര്യവുമുണ്ട് മലയാളിക്ക്. മാത്രവുമല്ല, നഗരമധ്യത്തിലുള്ള വീടുകളിൽ പുറത്തിറങ്ങി പ്രകൃതി ആസ്വദിക്കാനുള്ള സൗകര്യമെവിടെ? അതൊക്കെ കൊണ്ടുതന്നെ കോർട്‌യാർഡുകൾ ഇന്നത്തെ വീടുകളുടെ അവിഭാജ്യഘടകം തന്നെയാണ്. അകത്തുനിന്നു കാണുകയും ആസ്വദിക്കുകയും ചെയ്യാവുന്ന, എന്നാൽ വീടിനു പുറത്തു നൽകിയ കോർട്‌യാർഡുകൾ ഇനിയും ജൈത്രയാത്ര തുടരും. നിരക്കി നീക്കാവുന്ന ഗ്ലാസ് വാതിലുകൾ കോർട്‌യാർഡിനെ അകത്തളവുമായി ബന്ധിപ്പിക്കും. ഇരുവശത്തും ഗ്ലാസ് വാതിൽ നൽകി ഇന്റീരിയറിന്റെയും ലാൻഡ്സ്കേപ്പിന്റെയും ഭാഗമാക്കാവുന്ന കോർട്‌യാർഡുകൾക്ക് പ്രചാരം കൂടും.

landscape2
ADVERTISEMENT

നാടൻ ചെടികൾ നിറയട്ടെ
ട്രോപ്പിക്കൽ എന്നു പറയുന്നുണ്ടെങ്കിലും യഥാർഥ ട്രോപ്പിക്കൽ ചെടികളല്ല ഇവിടെ ഉപയോഗിക്കുന്നത്. കലാത്തിയ ലൂട്ടിയ, ടെർമിനാലിയ തുടങ്ങിയ ചെടികളാണ് ഇപ്പോൾ ട്രോപ്പിക്കൽ എന്ന പേരിൽ നമ്മുടെ പൂന്തോട്ടങ്ങൾ കയ്യടക്കുന്നത്. എന്നാൽ പതിയേപ്പതിയേ നമ്മുടെ നാടൻ ചെടികളായ ചെമ്പരത്തിയും തെച്ചിയും നന്ദ്യാർവട്ടവുമൊക്കെ മുറ്റത്തേക്കു തിരിച്ചുവരാനാണ് സാധ്യത. അത്തരം ചെടികൾക്ക് താരതമ്യേന പരിചരണവും രോഗങ്ങളുമൊക്കെ കുറവായിരിക്കും. നമ്മുടെ കാലാവസ്ഥയിൽ നന്നായി പിടിച്ചുനിൽക്കും.

വിവരങ്ങൾക്കു കടപ്പാട്: രാകേഷ് കാക്കോത്ത്, ആർക്കിടെക്ട്, കൊച്ചി

ADVERTISEMENT