കൊച്ചി നഗരമധ്യത്തിലെ നാല് സെന്റ് മിയാവാക്കിയ്ക്ക്; മുറ്റത്തെ മരങ്ങൾ വെട്ടിക്കളയുന്നവർ ഇതു മാതൃകയാക്കണം How a Miyawaki Forest Provides Natural Cooling and Tranquility in Kochi
Mail This Article
കോവിഡ് സമയത്ത് ഒരു അപാർട്മെന്റിൽ ജീവിച്ചപ്പോൾ ഉണ്ടായ വീർപ്പുമുട്ടലാണ് അബ്ദുൾ റസാക്കിനും കുടുംബത്തിനും പുതിയ വീട്ടിൽ ഒരു മിയാവാക്കി വനം വേണമെന്ന് തോന്നലുണ്ടാകാനുള്ള പ്രധാന കാരണം. മരങ്ങളെയും പ്രകൃതിയെയുമൊക്കെ സ്നേഹിക്കുന്ന കുടുംബമാണ് അവരുടേത്. കൊച്ചി കലൂരിലെ 18 സെന്റിലാണ് അവർ പുതിയ വീട് പണിതത്. ലാൻഡ്സ്കേപ് ഡിസൈനിങ് ആണ് ആർക്കിടെക്ട് വന്ദന വിശ്വനാഥ് നയിക്കുന്ന ലാൻഡ്സ്കേപ് ആർക്കിടെക്ചർ സ്റ്റുഡിയോ അർബൻ പോർട്ടിക്കോയെ ഏൽപ്പിച്ചത്. വീടിനു പിറകിലുള്ള നാല് സെന്റിൽ മിയാവാക്കി ശൈലിയിൽ വനം നിർമിച്ചു. കൂടാതെ, വീടിനു ചുറ്റുമുള്ള മറ്റു ഭാഗങ്ങളിൽ ട്രോപ്പിക്കൽ ശൈലിയിൽ ലാൻഡ്സ്കേപ് ചെയ്തു.
വീടുപണി പൂർത്തിയാകും മുൻപേത്തന്നെ മിയാവാക്കി വനത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പണി പൂർത്തിയായപ്പോഴേക്കും മരത്തൈകളെല്ലാം ഏകദേശം മൂന്ന്–നാല് അടി വളർന്ന അവസ്ഥയിൽ എത്തിയിരുന്നു. നാടൻ ചെടികളും നമ്മുടെ കാലാവസ്ഥയോടു പൊരുത്തപ്പെടുന്ന ചെടികളും മരങ്ങളുമൊക്കെത്തന്നെയാണ് മിയാവാക്കി വനത്തിന് ഉപയോഗിച്ചത്. കഠിനമായ കാലാവസ്ഥയോടു പോലും പൊരുത്തപ്പെടാൻ നാടൻ മരങ്ങൾക്കു കഴിയും.
ഉയരത്തിലും ഇലയുടെ ഘടനയിലുമെല്ലാം വ്യത്യസ്തത നോക്കിയാണ് മരങ്ങൾ തിരഞ്ഞെടുത്തതും അവയുടെ സ്ഥാനം നിർണയിച്ചതും. ആര്യവേപ്പ്, ഇലഞ്ഞി, മാവ്, പേര, മുള പോലുള്ള ഉയരമുള്ള, ഇടതൂർന്ന ഇലകളുള്ള മരങ്ങൾക്കൊപ്പം പൂച്ചെടികളും ഔഷധച്ചെടികളുമെല്ലാം വനത്തിൽ ഉൾക്കൊള്ളിച്ചു. പ്ലോട്ടിലെ സൂക്ഷ്മകാലാവസ്ഥയും ജൈവവൈവിധ്യവും നിലനിർത്തുന്നതിൽ ഈ മിയാവാക്കി വനം വലിയ പങ്കുവഹിക്കുന്നു.
വീടിനു മുൻവശത്തും വശങ്ങളിലും വച്ചത് ഇപ്പോഴത്തെ ട്രോപ്പിക്കൽ ലാൻഡ്സ്കേപ്പിലേക്കു തിരഞ്ഞെടുക്കുന്ന ചെടികൾ തന്നെയാണ്. കലാത്തിയയും അലോക്കേഷ്യയുമൊക്കെ ഇവിടെ കാണാം. വലിയ ഇലകളുള്ള പച്ചപ്പ് നിറഞ്ഞ തോട്ടത്തിലേക്കാണ് ഓരോ മുറിയും തുറക്കുന്നത്.
ഈ വീടിനു ചുറ്റുമുള്ള പച്ചപ്പിന്റെ കവചം ചൂടിൽ നിന്നു മാത്രമല്ല, നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദ–പൊടി ബഹളങ്ങളിൽ നിന്നുമൊക്കെ വീടിനെയും വീട്ടുകാരെയും സംരക്ഷിക്കുന്നു.
Vandhana Viswanath, Landscape Architect,
Studio: Urban Portico, Kochi
Email: theurbanportico@gmail.com
