പരിസ്ഥിതി ദിനത്തിൽ ഒരു മരം വച്ചാൽ തീർന്നോ നമ്മുടെ പാരിസ്ഥിതികബോധം? മിക്കവരും അങ്ങനെയാണ് ചിന്തിക്കുന്നത് എന്നതു നിഷേധിക്കാനാവില്ല. എന്നാൽ നന്നായി ജീവിക്കാൻ പ്രകൃതി കൂടെവേണം എന്നു തിരിച്ചറിയുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. വീട്ടുമുറ്റത്തെ ചെടികളിൽ എന്തെല്ലാം ട്രെൻഡ് ആണ് വരുന്നത് എന്ന് ഈ രംഗത്തെ വിദഗ്ധരോട് അന്വേഷിക്കുമ്പോൾ മിയാവാക്കി, നാടൻ മരങ്ങൾ, ഔഷധച്ചെടികൾ, നാടൻ പഴങ്ങൾ എന്നിങ്ങനെ പ്രതീക്ഷാനിർഭരമായ മറുപടികളാണ് കിട്ടുന്നത്.
മിയാവാക്കിയുടെ കാലം
കൊച്ചി നഗരത്തിൽ, കലൂരിൽ വളരെ ചെറിയ സ്ഥലത്ത് നിർമിച്ച മിയാവാക്കി കാടിനാണ് 2025ലെ വനിത വീടിന്റെ ലാൻഡ്സ്കേപ് ഡിസൈൻ പുരസ്കാരങ്ങളിലൊന്ന് ലഭിച്ചത്. വെട്ടിയൊതുക്കിയ ഫോർമൽ ഗാർഡനേക്കാൾ വില നാടൻ മരങ്ങളും ചെടികളുമടങ്ങിയ ചെറുകാടുകൾക്കാണെന്ന് ഒരു വിഭാഗം ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന മരങ്ങളും ചെടികളും ഒന്നോ രണ്ടോ അടി വിടവിട്ട് ഒരുമിച്ചു നട്ട് അവയ്ക്ക് വേണ്ട പരിചരണം നൽകുമ്പോൾ മൂന്നോ നാലോ വർഷം കൊണ്ടുതന്നെ നല്ലൊരു കാടു ജനിക്കും എന്നതാണ് മിയാവാക്കി വനത്തിന്റെ അടിസ്ഥാനചിന്ത.
ജപ്പാനിൽ ഉദയം കൊണ്ട ഈ ആശയം ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ ധാരാളം ചെറുകാടുകൾക്കു വഴിയൊരുക്കി. കേരളത്തിൽ നഗരങ്ങളിൽപ്പോലും മിയാവാക്കി കാടുകൾ നിർമിക്കാൻ ലാൻഡ്സ്കേപ് ആർക്കിടെക്ടുമാരെ സമീപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
ഫോറസ്റ്റ്‌സ്കേപ് എന്ന നാടൻകാട്
ഹിറ്റ് ആയ ട്രോപ്പിക്കൽ ലാൻഡ്സ്കേപിന്റെ അടുത്തഘട്ടം എന്നു വിളിക്കാം ഫോറസ്റ്റ്സ്കേപ്പിനെ. അതായത്, ഒരു കാടിന്റെ പ്രതീതി വീട്ടിൽത്തന്നെ ഉണ്ടാക്കാം. പല അടരുകൾ ആയാണ് ഫോറസ്റ്റ്‌സ്കേപ്പിൽ മരങ്ങളും ചെടികളും വയ്ക്കുന്നത്. ഏറ്റവും പിറകിൽ 30–35 % മരങ്ങൾ ഏറ്റവും പൊക്കം കൂടിയവ. താഴേക്ക് ഉയരം കുറഞ്ഞവ. ഇതിൽ നാടൻ മരങ്ങളും പഴച്ചെടികളും പൂച്ചെടികളുമെല്ലാം ഉൾപ്പെടുത്താം.
കിളികളും ശലഭങ്ങളും ധാരാളമായി എത്തുന്ന ഇക്കോസിസ്റ്റം ആണിതെന്ന് തൃശൂരിലെ ഡിസൈനറായ റെബി മാത്യു പറയുന്നു. അതായത്, ഒരു റിസോർട്ടിലിരിക്കുന്ന അനുഭൂതി തരാൻ ഇത്തരം മുറ്റങ്ങൾക്കു സാധിക്കും.
ടെറസ്സിനു മുകളിലും ഗാർഡൻ
സെന്റിന് പത്തും പതിനഞ്ചും ലക്ഷം കൊടുത്തുവാങ്ങുന്ന ഭൂമിയുടെ ഒരു ഭാഗം വനം നിർമിക്കാൻ മാറ്റിവയ്ക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അങ്ങനെയുള്ളവർക്കാണ് ടെറസ്സിനു മുകളിലെ വനം പ്രതീക്ഷ നൽകുന്നത്. മാളുകളുടെയും വലിയ ഫ്ലാറ്റുകളുടെയും ഓഫിസുകളുടെയും ടെറസ് റൂഫ്ടോപ് ഗാർഡനാക്കുന്ന ട്രെൻഡ് വളരെ വേഗത്തിലാണ് കേരളത്തിൽ പ്രചാരം നേടുന്നത്.
കോഴിക്കോട്ടെ കെ മാളിനു മുകളിൽ നിർമിച്ച വെൻഡോം റൂഫ് ടോപ് ഗാർഡൻ വനിത വീട് ആർക്കിടെക്ചർ അവാർഡ്സിൽ ലാൻഡ്സ്കേപ് വിഭാഗങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ‘ഇതാണ് ഭാവി’ എന്ന നിലയിലാണ്. മണ്ണിനു പകരം ഭാരം കുറഞ്ഞ പോട്ടിങ് മിശ്രിതത്തിലാണ് ടെറസ്സിൽ ചെടികൾ വയ്ക്കുന്നത്. വലിയ മരങ്ങൾ പറ്റില്ല എന്ന പരിമിതിയുണ്ടെങ്കിലും അകത്തെ ചൂട് 5–6 ഡിഗ്രി വരെ കുറയ്ക്കാം എന്നതാണ് റൂഫ്ടോപ് ഗാർഡനുകളെ ഉറ്റുനോക്കുന്നതിന്റെ കാരണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തഫലങ്ങളെ നേരിടാൻ നഗരം– ഗ്രാമം എന്ന വ്യത്യാസമൊന്നുമില്ലാതെ എല്ലാവരും ഒത്തുപിടിക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നത്. അത് മനസ്സിലാക്കി നേരത്തേ തുടങ്ങുന്നവർക്കുള്ളതാണ് പരിസ്ഥിതി ദിനങ്ങൾ.