രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമായ വീട്ടുകാരൻ ഹാരിസണും ഭാര്യ സോണിയയും വീടു പണിതപ്പോൾ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. എപ്പോഴും ആളുകളുമായി ഇടപടേണ്ടി വരുന്നതു കൊണ്ട് പശ്ചാത്തലവുമായി ഇഴചേർന്നു പോകുന്ന ഇടങ്ങളായിരുന്നു വേണ്ടത്. ഔപചാരികവും അനൗപചാരികവുമായ കൂടിക്കാഴ്ചകൾക്കും ഒത്തുചേരലുകൾക്കുമുള്ള ഇടങ്ങൾ വേണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ഡിസൈനാകണം. അതിനായി വീടിന്റെ ഏതു മൂലയിൽ നിന്നും എവിടേക്കും തടസ്സമില്ലാത്ത കാഴ്ച നൽകി. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ സന്ദർശകരെത്തുന്നതിനാൽ എല്ലാവരെയും ആകർഷിക്കുന്ന ഡിസൈന്‍ നൽകാൻ ശ്രദ്ധിച്ചു.

ചരിഞ്ഞ 12 സെന്റാണ്. പ്ലോട്ടിന്റെ ആകൃതിക്കും വീട്ടുകാരുടെ ആവശ്യങ്ങൾക്കുമാണ് പ്രാമുഖ്യം നൽകിയത്. അതനുസരിച്ച് വീട് എങ്ങനെ ഉരുത്തിരിഞ്ഞു വരുന്നുവോ അങ്ങനെത്തന്നെ രൂപകൽപന ചെയ്യുക എന്നതായിരുന്നു നയം. ‘ആനന്ദം’ എന്ന് ആർക്കിടെക്ട് ടീം വിളിപ്പേരിട്ട ഈ വീട് ജീവിതത്തെ കൂടുതൽ മാധുര്യമുള്ളതാക്കുന്നു. കാരണം, പരസ്പര ബന്ധിതവും ഒതുങ്ങിനിൽക്കാത്തതുമായ ഇടങ്ങളുടെ ആഘോഷമെന്നതാണ് ഇവിടെ പിന്തുടർന്ന ഡിസൈൻ നയം. ഈ കുടുംബത്തിന്റെ സ്വഭാവം തന്നെയാണ് ഇതിൽ പ്രതിഫലിക്കുന്നത്. സെമി ഓപ്പൻ ലേ ഔട്ടിൽ ഡിസൈൻ ചെയ്ത വീട്ടിൽ നിന്നും ചുറ്റുപാടിന്റെ ദൂരക്കാഴ്ച ലഭ്യമാകുന്നു. ഇവയെല്ലാം ഇവിടത്തെ സ്വകാര്യ സാമൂഹ്യ നിമിഷങ്ങൾ മനോഹരമാക്കുന്നു.
പരസ്പരപൂരകമായ ഇടങ്ങൾ

പരസ്പരം ബന്ധിപ്പിച്ച ഇടങ്ങളെല്ലാം ചെന്നെത്തുന്നത് ലിവിങ്ÐകംÐഡൈനിങ് ഏരിയയിലാണ്. പരമാവധി കാറ്റും വെളിച്ചവും ഉറപ്പാക്കിയാണ് വീടിന്റെ ഈ ഹൃദയഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ എല്ലാ മുറികളും തുറക്കുന്നത് മുന്നിലെ മുറ്റത്തേക്കാണ്. ഇത് അകവും പുറവും തമ്മില്‍ അഭേദ്യമായ ബന്ധം സൃഷ്ടിക്കുന്നു. പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ച് ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ രണ്ട് ബ്ലോക്കുകളും ഗേറ്റിനെയും കോർട്‌യാർഡിനെയും അഭിമുഖീകരിക്കുന്ന രീതിയിൽ രണ്ട് ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്നു.
കല്ലും ചെടികളും കൊണ്ടാണ് എലിവേഷൻ. ഇത് പ്രകൃതിയോടിണങ്ങാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, ജൈവികമായ തലം കൂടി നൽകുന്നു. വലിയ തടി ഒാപ്പനിങ്ങുകൾ ഇടയ്ക്കിടെ നൽകിയിട്ടുണ്ട്. മൾട്ടിലെവൽ ബാൽക്കണികൾ ഉള്ളതിനാൽ പല നിരപ്പുകളിൽ വീടിനകവും പുറവും ആസ്വദിക്കാം.

ഒന്നാം നിലയിൽ ബാർ ഏരിയ ആഡംബരപൂർവം ഒരുക്കി. എലിവേഷനിൽ കാണുന്ന മടക്കാവുന്ന (ഫോൾഡബിൾ) മെറ്റൽ ഷട്ടർ ബാർ, ജിം എന്നീ ഇടങ്ങളെ പല ഉപയോഗങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു.
തടി, തേക്ക് എന്നിവ വീടിന്റെ മൊത്തത്തിലുള്ള രൂപകൽപനയ്ക്ക് ട്രോപ്പിക്കൽ ഭംഗിയേകുന്നു. അതോടൊപ്പം എലിവേഷനിലെ മെറ്റൽ കാഴ്ച കുലീനതയുമേകുന്നു. വീട്ടുകാരന്റെ താൽപര്യപ്രകാരം മെറ്റലിന് തടിയുടെ ഫിനിഷ് നൽകിയതിനാൽ കാഴ്ചയിൽ തടിയാണെന്നേ തോന്നൂ. പച്ചപ്പിന്റെ സൗന്ദര്യം വിളിച്ചറിയിക്കുന്ന ലാൻഡ്സ്കേപ് വീടിന്റെ എർത്തി ടോൺ, പ്രകൃതിദത്ത ടെക്സ്ചർ എന്നിവയോട് ഇഴുകിച്ചേരുന്നു. നാടൻ ചെടികളാണ് ലാൻഡ്സ്കേപ്പിനായി തിരഞ്ഞെടുത്തത്.

പ്ലോട്ട് കുറച്ച് പൊങ്ങി നിൽക്കുന്നതിനാൽ വീടിന് നല്ല കാഴ്ച ലഭിക്കുന്നു. എക്സ്റ്റീരിയറിന് വെള്ള നിറം നൽകിയാൽ വീടിന് കൂടുതൽ ഗാംഭീര്യം തോന്നിക്കുമായിരുന്നു. എന്നാൽ അത് മനഃപൂർവം ഒഴിവാക്കി. പകരം ചുറ്റുപാടുകളുടെ ഭാഗമായി മാറുന്ന പ്രകൃതിദത്ത നിറങ്ങൾ നൽകി. വീടിനുള്ളിൽ വെള്ളനിറം ഉപയോഗിച്ചു.
നിർമാണ സാമഗ്രികളെല്ലാം പ്രാദേശികമായി ലഭ്യമായവയാണ് ഉപയോഗിച്ചത്. പലതരം നിർമാണസാമഗ്രികൾക്കു പകരം കൂടുതലും ഒരേ മെറ്റീരിയൽ ഉപയോഗിച്ചു. കുട്ടികളുള്ളതിനാൽ ഉപയോഗക്ഷമതയിൽ ശ്രദ്ധ ചെലുത്തി. എന്നാൽ ഭംഗിയിലും ആഡംബരത്തിലും വിട്ടുവീഴ്ച ചെയ്തതുമില്ല. അത്രമേൽ സൂക്ഷ്മമായാണ് സാമഗ്രികൾ തിരഞ്ഞെടുത്തത്. ചുടുകട്ട കൊണ്ടാണ് ചുമരുകൾ. മുകളിലെ നിലയുടെ തറയ്ക്ക് ഭംഗിയേകുന്നത് ഗ്രാനൈറ്റ് ആണ്. വീട്ടുകാർക്ക് തടിയോടുള്ള താൽപര്യം മൂലം തേക്ക്, ഈട്ടി, മഹാഗണി എന്നിവ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. മെറ്റൽ ഫ്രെയിമിൽ തേക്കിൻ തടി പൊതിഞ്ഞ് സ്റ്റെയർകെയ്സ് നിർമിച്ചു. വാഡ്രോബുകൾ വരെ തടിയിലാണ്.
ലിവിങ് റൂം മറ്റിടങ്ങളേക്കാൾ അൽപം താഴ്ത്തിയാണ് നൽകിയിരിക്കുന്നത്. സ്വകാര്യതയ്ക്കൊപ്പം ഇവിടത്തെ അലങ്കാരങ്ങൾ കുട്ടികൾ അലങ്കോലമാക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്.
ആനന്ദം എന്നത് വെറും പേരു മാത്രമല്ല, കരുതലോടെയും സൂക്ഷ്മതയോടെയും ഒരുക്കിയ ഈ വീട്ടിലെ അനർഘസുന്ദര നിമിഷങ്ങളെല്ലാം ആഘോഷങ്ങളായി മാറുന്നു.

PROJECT FACTS
Area: 4700 Sqft Owner: P.H.Harrison & Soniya Location: Karyavattom, Trivandrum
Design: Urban Ivy, Trivandrum, urbanivy@gmail.com