നിറം മങ്ങില്ല, നനവോ കാലാവസ്ഥാ മാറ്റങ്ങളോ പ്രശ്നമല്ല; പ്ലാസ്റ്റിക്കിൽ നിന്ന് ഫർണിച്ചർ, വിപണിയിലെ പുത്തന്‍ താരം Plastic Furniture
Mail This Article
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടുള്ള ഔട്ട്ഡോര്‍ ഫർണിച്ചർ വിപണിയിലെ പുതിയതാരമാണ്.
പ്ലാസ്റ്റിക് മാലിന്യം ഭൂമിക്ക് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇതാ ഒരു സന്തോഷവാർത്ത. പ്ലാസ്റ്റിക്കിൽ നിന്ന് ഫർണിച്ചർ ഉൽപാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു. 30 വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ സ്റ്റീർ വേൾഡ് എന്ന കമ്പനിയുടെ കീഴിലുള്ള ‘അൺവുഡ്’ എന്ന സ്റ്റാർട്ടപ് സംരംഭമാണ് ഈ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പഠനമനുസരിച്ച് ഒൻപത് ശതമാനം പ്ലാസ്റ്റിക് മാലിന്യം മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. ബാക്കിയുള്ളവ ഭൂമി നികത്താനുപയോഗിക്കുകയാണ്. ഇത്തരത്തിലുള്ള മൂല്യം കുറഞ്ഞ പ്ലാസ്റ്റിക്കും മൾട്ടിലെവൽ പ്ലാസ്റ്റിക്കും അതോടൊപ്പം സ്റ്റീർ വേൾഡ് വികസിപ്പിച്ചെടുത്ത ഫില്ലറും ചേർത്താണ് മെറ്റീരിയൽ തയാറാക്കുന്നത്. ഉറപ്പിനു വേണ്ടിയാണ് ഫില്ലർ ചേർക്കുന്നത്.
നനവോ കാലാവസ്ഥാ മാറ്റങ്ങളോ പ്രശ്നമല്ല
കൃത്രിമ നിറങ്ങൾ ചേർക്കാത്തതു കൊണ്ട് ഫില്ലറിന്റെ തനതായ ബ്രൗൺ, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫർണിച്ചർ ലഭിക്കുന്നത്. ഇത് പ്രകൃതിദത്തമായതിനാൽ ആരോഗ്യത്തിന് ഹാനികരമല്ല; നിറം മങ്ങുകയുമില്ലെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. പേറ്റൻറ് നേടിയ സാങ്കേതിക വിദ്യ ആയതിനാൽ കൃത്യമായ മാനദണ്ഡങ്ങളോടെ നിശ്ചിത നിലവാരത്തിലാണ് മെറ്റീരിയൽ തയാറാക്കുന്നത്. ലാബിൽ പരിശോധിച്ച് ബലം ഉറപ്പു വരുത്തിയാണ് ഇവ പുറത്തെത്തിക്കുന്നത്.
ബെഞ്ച്, കസേര, മേശ, സ്വിമ്മിങ് പൂൾ ലോഞ്ചർ, പ്ലാന്റർ തുടങ്ങിയ ഒൗട്ട്ഡോർ ഫർണിച്ചറാണ് ‘അൺവുഡ്’ പുറത്തിറക്കുന്നത്. ഫർണിച്ചർ കൂടാതെ ഡെക്ക് ഫ്ലോറിങ്ങിനും, പിക്കറ്റ് ഫെൻസ് (വേലി), ഗസീബോ എന്നിവയും നിർമിക്കുന്നുണ്ട്. മെറ്റീരിയൽ മാത്രമായി വേണമെന്നുള്ളവർക്ക് അതും ലഭിക്കും. കൂടുതൽ ഓർഡർ ഉണ്ടെങ്കിൽ കസ്റ്റമൈസ്ഡ് ഡിസൈനും ചെയ്തു നൽകും.
കാഴ്ചയ്ക്കു തടി പോലെ തോന്നിക്കും. സുഖകരമായ ഉപയോഗം ഉറപ്പാക്കും വിധമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വെള്ളം, ചിതൽ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു. www.unwood.co.in എന്ന വെബ്സൈറ്റ് വഴി ഓൺ ലൈൻ ആയി വാങ്ങിക്കാം. എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇവയുടെ പാക്കിങ്ങ്. 1,800 രൂപ (ഷിപ്പിങ് ചാർജ് കൂടാതെ) വിലയുള്ള കസേര മുതൽ ഉൽപന്നങ്ങൾ ലഭ്യമാണ്.