ADVERTISEMENT

കോർട്‌യാർഡ് ഒക്കെ കൊള്ളാം, പക്ഷേ, തുറന്ന റൂഫ് ആണെങ്കിൽ മഴ പെയ്താൽ അകത്താകെ വെള്ളം... ഗ്ലാസ് ഇട്ട മേൽക്കൂരയാണെങ്കിൽ വീടിനകം ഫർണസ് പോലെ... കോർട്‌യാർഡിനെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ഇതൊക്കെയാണ് വരിക.

ആവശ്യമനുസരിച്ച് അടച്ചുവയ്ക്കാനും വേണ്ടപ്പോൾ തുറക്കാനും കഴിയുന്ന മേൽക്കൂരയുണ്ടെങ്കിൽ എന്നു ചിന്തിച്ചിട്ടില്ലേ? അത്തരം എല്ലാ പ്രശ്നങ്ങൾക്കും ഇപ്പോൾ പരിഹാരങ്ങളുണ്ട്.

ADVERTISEMENT

ഓട്ടമേഷൻ സാധ്യതകൾ

Autoroof
Completely closed roof

ആവശ്യാനുസരണം അടയ്ക്കാനും തുറക്കാനും വേണമെങ്കിൽ പാതി തുറന്നുവയ്ക്കാനും വരെ കഴിയുന്ന ബയോക്ലൈമാറ്റിക് പർഗോളകള്‍ ഇപ്പോൾ വിപണിയിലുണ്ട്. ഓട്ടമേഷൻ ആണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഓട്ടമേഷൻ വളരെ സാധാരണമാകുമെന്നതിനാൽ എല്ലായിടത്തും ഇത്തരം പർഗോളകൾ പതിവു കാഴ്ചയാകാൻ സാധ്യതയുണ്ട്.

ADVERTISEMENT

മഴ മറയ്ക്കാം, ചൂടു കുറയ്ക്കാം

റിമോട്ട് കൺട്രോൾ ഉപയോഗിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചും നിയന്ത്രിക്കാവുന്ന വിധത്തിലാണ് ബയോക്ലൈമാറ്റിക് പർഗോളകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് ഈ പാനലുകൾ പൂർണമായും നിരക്കി നീക്കി തുറക്കാനും പൂർണമായും അടയ്ക്കാനും സാധിക്കും. ആവശ്യമെങ്കിൽ പാനൽ പകുതി തുറന്നുവച്ച് ചൂടുവായു പുറത്തുകളയുകയുമാകാം.

ADVERTISEMENT

മഴയെ പേടിച്ച് ഗ്ലാസ് മേൽക്കൂര നിർമിക്കുമ്പോൾ അകത്ത് ഉണ്ടാകുന്ന ചൂടിൽ നിന്ന് രക്ഷപ്പെടുത്തും. ഒരേസമയം മഴയും മഞ്ഞും ചന്ദ്രനുദിക്കുന്ന രാത്രികളും ആസ്വദിക്കുന്നതിനൊപ്പം ചൂടിന് തടയിടുകയുമാകാം. ഈ കാരണങ്ങളെല്ലാം മൂലമാണ് ബയോക്ലൈമാറ്റിക് പർഗോള എന്നു പേര് വന്നത്.

Autoroof2
Half open roof

കോർട്‌യാർഡിനു മാത്രമല്ല, ബാൽക്കണി, ടെറസ് എന്നിവിടങ്ങളിലൊക്കെ ഇത്തരത്തിലുള്ള മേൽക്കൂര പിടിപ്പിക്കാം. തുണി ടെറസിലിട്ടു പോന്നാൽ മഴ പെയ്യും എന്ന് ഓർത്ത് പേടിക്കുകയും വേണ്ട. മഴക്കോളുണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മേൽക്കൂര അടച്ച് സുരക്ഷിതമാക്കാം.

സുരക്ഷ പേടിക്കേണ്ട

അലുമിനിയം പാനലുകൾ ഉപയോഗിച്ചാണ് ഇത്തരം മേൽക്കൂര നിർമിക്കുന്നത്. നല്ല ഉറപ്പുള്ള മെറ്റീരിയൽ ആയതിനാൽ സുരക്ഷയുടെ കാര്യത്തിലും പേടി വേണ്ട. വീടിനു പുറത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിർമാണം എന്നതിനാൽ മഴയെയും വെയിലിനെയും തടുക്കാനുള്ള കഴിവുണ്ട്. ഇഷ്ടമുള്ള നിറങ്ങളിൽ ലഭിക്കുകയും ചെയ്യും. മേൽക്കൂരയായി മാത്രമല്ല, ഭിത്തിയിൽ സ്ഥാപിക്കാവുന്ന ഷട്ടർ ആയും ഇതേ ഉൽപന്നം ഉപയോഗിക്കുന്നുണ്ട്.

പുതുതായി വീടുവയ്ക്കുന്നവർക്കു മാത്രമല്ല, നേരത്തേ വച്ച വീടുകളിലും ഇത്തരം ബയോക്ലൈമാറ്റിക് പർഗോളകൾ പ്രയോജനപ്പെടുത്താം. അടിസ്ഥാന ഇലക്ട്രിക്കൽ പോയിന്റ് ഉണ്ടായാൽ മതി. വീടുകളിൽ മാത്രമല്ല വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടൽ, ഫ്ലാറ്റ് എന്നിവിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്താം. ചതുരശ്രയടിക്ക് 2,500-3,000 രൂപ ചെലവുവരും. ഭാവിയിൽ കൂടുതൽ പ്രചാരം നേടുന്നതോടെ വില കുറയാനും സാധാരണക്കാർക്കു പ്രാപ്യമാകാനും സാധ്യതയുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: എൽഎംടി ഓട്ടമേഷൻസ്, കൊച്ചി, Mail Id: info@lmtautomations.com