ADVERTISEMENT

വലിയ പൂക്കൾ, പക്ഷികൾ, ഇലകൾ... കാടിളകി വീട്ടിൽ കയറിയതാണോ എന്നു സംശയിക്കേണ്ട, വലിയ ചിത്രങ്ങൾ ഉള്ള വോൾപേപ്പറും സ്റ്റിക്കറുമൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണ്. ബയോഫിലിക് ആർക്കിടെക്ചറിനു പ്രധാന്യമേറിയതോടെയാണ് വലിയ പൂക്കൾ, ഇലകൾ, വാഴ, മരങ്ങൾ, തെങ്ങോല തുടങ്ങിയ മോട്ടിഫുകൾ ഭിത്തിയിൽ സ്ഥാനം പിടിച്ചു തുടങ്ങിയത്. ട്രോപ്പിക്കൽ രാജ്യങ്ങളുടെ മുഖമുദ്രയായ ഇലകളും മരങ്ങളുമൊക്കെ ആളുകളും ഇഷ്ടപ്പെടുന്നു. ഏഷ്യൻ, നിക്കോബാർ പോലുള്ള പ്രമുഖ ബ്രാൻഡുകൾ വലിയ മോട്ടിഫുകൾ തങ്ങളുടെ വോൾപേപ്പറിൽ കൊണ്ടുവരുന്നുണ്ട്. ഇതിൽ പ്രചോദിതരായി ചെറിയ കമ്പനികളും ഇത്തരം പ്രിന്റുകൾ കൂടുതൽ ഇറക്കുന്നു. വേൾപേപ്പർ, സ്റ്റെൻസിൽ, റിലീഫ്, പെയിന്റിങ് എന്നിങ്ങനെ എല്ലാ അലങ്കാരങ്ങളിലും വലിയ മോട്ടിഫുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഓൺലൈൻ സ്റ്റോറിൽ നിന്നും

ADVERTISEMENT

ഓൺലൈൻ സൈറ്റുകളിൽ നിന്നും സ്റ്റെൻസിലും പശയോടു കൂടിയ വോൾപേപ്പറും ലഭിക്കും. സ്റ്റെൻസിൽ ഷീറ്റിൽ നിന്ന് ചിത്രം മാത്രം പറിച്ചെടുത്ത് ഭിത്തിയിൽ ഒട്ടിക്കാം. ഒന്നിലേറെ മോട്ടിഫുകൾ ഉണ്ടായിരിക്കുമെന്നതിനാൽ ഇഷ്ടമുള്ള ഡിസൈൻ വീട്ടുകാർക്കുതന്നെ തിരഞ്ഞെടുക്കാം.

വരയ്ക്കാനറിയുന്നവർ അത്തരത്തിലും ഭിത്തിയിൽ മോട്ടിഫുകൾ ചെയ്യുന്നുണ്ട്. കോർട്‌യാർഡ് ഭിത്തിയിലും മറ്റും റിലീഫ് വർക്കുകൾ ആയും ഇത്തരത്തിൽ വലിയ പ്രിന്റുകൾ കൊണ്ടുവരാം. വരയ്ക്കുമ്പോഴും റിലീഫ് ചെയ്യുമ്പോഴും ആർട്ടിസ്റ്റിന്റെ സ്വാതന്ത്ര്യത്തിന് പ്രാധാന്യമുണ്ടാകുമെന്നുമാത്രം.

ADVERTISEMENT

ഫാമിലി ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, ബെഡ്റൂം എന്നിവിടങ്ങളിലെ ഭിത്തിയിൽ ഇത്തരത്തിൽ വലിയ പ്രിന്റുകൾ ചേരും. വെള്ളം നനയാത്ത കോർട്‌യാർഡ് ഭിത്തി എങ്ങനെ ഭംഗിയാക്കാം എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഇത്തരം പ്രിന്റുകളോ ചിത്രങ്ങളോ തിര‍ഞ്ഞെടുക്കാവുന്നതേയുള്ളൂ.

മുറിയുടെ മറ്റു നിറങ്ങളുമായി ചേരുന്ന നിറങ്ങളായിരിക്കണം ചിത്രങ്ങൾക്ക്. വലിയ മോട്ടിഫുകൾ ആയതിനാൽ മുറി കൂടുതൽ ക്ലട്ടർ ആയ ഫീലിങ് വരാത്ത വിധത്തിൽ ഫർണിഷിങ്ങും ഫർണിച്ചറും തിരഞ്ഞെടുക്കുക.

ADVERTISEMENT