ബിഗ്ബോസിൽ നിന്ന് കൈത്തറിയിലേക്ക്; ഏതു വീടിനും ശോഭ പകരാൻ കൈത്തറി ഫർണിഷിങ്ങുമായി വീവേഴ്സ് വില്ലേജ് Discover the Range of Handloom Products at Weavers Village
Mail This Article
തിരുവനന്തപുരം വഴുതക്കാടുള്ള റോസ്ക്കോട്ട് ബംഗ്ലാവ് സിനിമാ നടൻ അടൂർഭാസിയുടെ കുടുംബവീടാണ്. എന്നാൽ, കൈത്തറി കൊണ്ടുള്ള വസ്ത്രങ്ങളും സോഫ്ട് ഫർണിഷിങ്ങും കേരളത്തിന്റെ തനതായ കരകൗശലവസ്തുക്കളും കൊണ്ട് നാട്ടുകാരെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ‘വീവേഴ്സ് വില്ലേജ്’ എന്ന സ്ഥാപനമാണ് ഇപ്പോൾ അവിടെ പ്രവർത്തിക്കുന്നത്. വീവേഴ്സ് വില്ലേജ് എന്ന ചിന്തയ്ക്കു പിന്നിലുള്ളതാവട്ടെ, ശോഭ വിശ്വനാഥ് എന്ന സെലിബ്രിറ്റി സംരംഭകയും. ബിഗ് ബോസ് സീസൺ 5 ലെ ഫൈനലിസ്റ്റുകളിൽ ഒരാളായ ശോഭ, കൈത്തറിയുടെ മേന്മ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീവേഴ്സ് വില്ലേജ് ആരംഭിച്ചത്. കൈത്തറി വസ്ത്രങ്ങളുടെ വലിയൊരു ശേഖരത്തിനൊപ്പം സോഫ്ട് ഫർണിഷിങ്ങിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. വീവേഴ്സ് വില്ലേജിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ശോഭ പങ്കുവയ്ക്കുന്നു.
എന്താണ് വീവേഴ്സ് വില്ലേജ്?
നമ്മുടെ നാടൻ കൈത്തറി ആവശ്യക്കാരിലെത്തിക്കുക എന്നതാണ് വീവേഴ്സ് വില്ലേജ് ലക്ഷ്യമിടുന്നത്. നമ്മുടെ കാലാവസ്ഥയോടു ചേരുന്ന കൈത്തറി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ സുഖപ്രദമാണ്. മാത്രവുമല്ല, പരമ്പരാഗത നെയ്ത്തുകാർക്ക് അവരുടെ ഉൽപന്നങ്ങൾ ആവശ്യക്കാരിൽ എത്തിക്കാനും നെയ്ത്തുശാലകൾ നിലനിർത്താനുമുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.
ബാലരാമപുരം കൈത്തറിയും കണ്ണൂർ കൈത്തറിയുമാണ് ഇവിടെ കൂടുതലുള്ളത്.
ഫർണിഷിങ്ങിൽ കൈത്തറിക്ക് ഡിമാൻഡ് ഉണ്ടോ? ഇവിടെ എന്തെല്ലാം ഉൽപന്നങ്ങളും സേവനങ്ങളുമുണ്ട്?
ഉപയോഗിക്കാനുള്ള സുഖം കണക്കിലെടുത്ത് മികച്ച കോട്ടൺ, ലിനൻ ഉൽപന്നങ്ങൾ ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്നത്. ടവൽ മുതൽ ബെഡ്ഷീറ്റ് വരെയുള്ള എല്ലാ ഉൽപന്നങ്ങളും ഇവിടെയുണ്ട്. ഹോം ഫർണിഷിങ്ങിനു വേണ്ടി ഇഷ്ടാനുസരണം ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തുകൊടുക്കാനാകും. നാച്വറൽ ഡൈയോ പ്രിന്റുകളോ കസവോ എന്തുവേണമെങ്കിലും കസ്റ്റമർ ആവശ്യപ്പെടുന്നതനുസരിച്ച് ചെയ്തു കൊടുക്കാറുണ്ട്. ഹോം ഫർണിഷിങ്ങിൽ കസവ് ഉൾപ്പെടുത്തുന്ന ട്രെൻഡ് ഞങ്ങൾ അവതരിപ്പിച്ചതാണ്.
ഹോം ഫർണിഷിങ് ഉൽപന്നങ്ങളുടെ മെയിന്റനൻസ് എങ്ങനെയാണ്?
തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. മെഷീൻ വാഷിനേക്കാൾ കൈകൊണ്ടു കഴുകുന്നതാണ് ഏറ്റവും നല്ലത് എന്ന് ഞാൻ പറയും. നാച്വറൽ ഡൈ അടിച്ച തുണികൾ കൈകൊണ്ടു തന്നെ കഴുകണം. തണലത്ത് ഉണക്കിയെടുക്കാം.
കൈത്തറി ഉൽപന്നങ്ങൾ പൊതുവേ ചെലവേറിയതാണോ?
താങ്ങാനാവാത്ത വിലയൊന്നുമില്ല. 150 രൂപ മുതൽ ടവലുകൾ കിട്ടും. ബെഡ്ഷീറ്റ് 2,000 രൂപ റേഞ്ചിലാണ്. വലുപ്പവും ഡിസൈനുമനുസരിച്ച് വിലയിൽ വ്യത്യാസം കാണും.
