ADVERTISEMENT

പഴമയും കലയും രുചിയും മേളിക്കുന്ന ഇടം- അതാണ് മട്ടാഞ്ചേരിയിലെ ‘‘ആരോമാർക്ക്’ (Arrowmark- The Art Arena) . 200 വർഷം പഴക്കമുള്ള ജൂതഗൃഹമാണ് ആർട് കഫേയായി രൂപാന്തരം പ്രാപിച്ചത്. അന്ന് ഈ വീടിനു പിന്നിൽ വെയർഹൗസ് ആയിരുന്നു. അതിനുമപ്പുറം കായലാണ്. കായൽ വഴി വെയർഹൗസിലേക്ക് ചരക്കുകൾ എത്തുകയും അയയ്ക്കുകയും ചെയ്തിരുന്നതിനാൽ കൊച്ചിയുടെ വാണിജ്യ ഭൂപടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു ഇവിടം.

ഏഴു വർഷം മുൻപ് ഫോർട്ട്കൊച്ചിക്കാരൻ അൻവർ ഹുസൈനെ ആദ്യകാഴ്ചയിൽ തന്നെ ഈ കെട്ടിടം കീഴടക്കി. ആന്റിക് ഷോപ് ആണ് അൻവർ ഇവിടെ ആദ്യം തുടങ്ങുന്നത്. കഫേ എന്ന ആശയത്തിലേക്ക് എത്തുന്നത് ഒരു വർഷം മുൻപാണ്. അൻവറിനൊപ്പം സുഹൃത്ത് ഷമീം മുഹമ്മദും ചേർന്നു. ആന്റിക് ഷോപ്പിനൊപ്പം ആർട് ഗ്യാലറിയും കഫേയും ചേരുന്നൊരു അടിപൊളി കോംബിനേഷനാണ് ഇവർ ലക്ഷ്യമിടുന്നത്. ‘നോഷ് ഹൗസ്’ (Nosh Haus) എന്ന കഫേ ബ്രാൻഡാണ് ഇവിടത്തെ കഫേയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

2
ADVERTISEMENT

പുതുജീവനേകിയ പ്രയത്നം

3

ഈ കെട്ടിടം ഇപ്പോൾ കാണുന്ന ഈ നിലയിലെത്തിയതിനു പിന്നിൽ കഠിനമായ അധ്വാനത്തിന്റെ കഥയുണ്ട്. ഉപയോഗിക്കാതെ പൂട്ടിക്കിടന്നിരുന്നതിനാൽ കെട്ടിടം മുഴുവൻ നശിച്ചിരുന്നു. 45 ലോഡ് മണ്ണാണ് ഇവിടെ നിന്ന് എടുത്തു മാറ്റിയത്. അതു മാത്രമോ പിന്നിലെ വെയർഹൗസിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. മലമ്പാമ്പുകളുടെ താവളമായിരുന്നു അവിടം. മാത്രമല്ല, പത്തടി ഉള്ളിലേക്ക് വരെ ആലിന്റെ വേര് പടർന്നു കയറിയിരുന്നു. അതെല്ലാം വൃത്തിയാക്കിയാണ് കെട്ടിടം ഈ കാണുന്ന നിലയിലെത്തിയത്.

4
ADVERTISEMENT

ഈ വീടിന്റെ പ്രധാന ആകർഷണം ഇതിനോടു ചേർന്നുള്ള ആൽമരങ്ങളാണ്. ആൽമരത്തിന്റെ ഭംഗി ആസ്വദിക്കാനാവും വിധമാണ് കഫേയുടെ ഓപ്പൺ ഏരിയ ഒരുക്കിയിരിക്കുന്നത്. ആൽമരത്തിന്റെ വേരുകൾ ചുമരുകളുടെയും കഴുക്കോലിന്റെയും ഉള്ളിൽ ആഴ്ന്നിറങ്ങിയ അവസ്ഥയിലായിരുന്നു. അതു മുഴുവനും ശരിയാക്കിയെടുക്കുക എന്നത് ഭഗീരഥ പ്രയത്നമായിരുന്നുവെന്ന് അൻവറും ഷമീമും പറയുന്നു. 60 ദിവസത്തോളമെടുത്തു ഈ വേര് വെട്ടിമാറ്റി ഓട് മാറ്റിയിടാൻ. ആൽമരം വെട്ടിക്കളയാൻ പലരും ഉപദേശിച്ചെങ്കിലും ആൽമരത്തെ ഉപേക്ഷിച്ച് ഒന്നിനുമില്ല എന്ന് ഇവർ ഉറപ്പിച്ചിരുന്നു. തൂങ്ങിയാടുന്ന വേരുകളാണ് പഴയ വെയർഹൗസിന് ഇപ്പോൾ ഭംഗിയേകുന്നത്. അതിനാൽ പല ആൽബങ്ങളിലും ഈയിടം മുഖം കാണിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് ഇവർ അതു സൂക്ഷിക്കുന്നത്. ഇവിടെയെത്തുന്നവർ വേരുകൾ നശിപ്പിച്ചാലും വീണ്ടും ‘ബഡ്’ ചെയ്ത് കുഞ്ഞിനെപ്പോലെ പരിപാലിച്ചെടുക്കും.

പഴമയ്ക്ക് പോറൽ ഏൽപ്പിക്കാത്ത വിധം കെട്ടിടം പുതുക്കാൻ സ്വന്തം ആശയങ്ങളാണ് ഇവരെ നയിക്കുന്നത്. ഈ കെട്ടിടത്തിൽ പുതുമയുടെ അംശങ്ങൾ കണ്ടെത്താൻ സാധിക്കില്ല എന്നതാണ് ഇവരുടെ നവീകരണത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആർട് ഗ്യാലറി, ആന്റിക് ഷോപ്പ്, കഫേ, റീഡിങ് റൂം, പെർഫോമൻസ് സെന്റർ, വർക്‌ഷോപ് സപേസ് എന്നിവയാണ് ‘ആരോമാർക്കി’ൽ ഒരുക്കിയിട്ടുള്ളത്. ഈ വർഷത്തെ ബിനാലെയിൽ ആരോമാർക്ക് ആർട് ഗ്യാലറിയും ഭാഗമാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT