സിറ്റിസൺ ഇന്റീരിയർ ഡിസൈനർമാർ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട് ; റീൽസ് കാണുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിച്ചുനോക്കണം Transform Your Home with Budget-Friendly Decor
Mail This Article
വീടിന്റെ ഇന്റീരിയർ അലങ്കരിക്കുന്നത് റീൽസ് ആക്കി പണമുണ്ടാക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ? വില കൂടിയ കർട്ടനോ കുഷനോ ഉപയോഗിച്ചൊന്നുമായിരിക്കില്ല അവരിൽ പലരും ഇന്റീരിയർ അലങ്കരിക്കുന്നത്. എന്നാൽപ്പോലും അവരുടെ അകത്തളം കാണാൻ നല്ല ഭംഗിയായിരിക്കും. പഴയ സാരി കൊണ്ട് കർട്ടൻ, ചുരിദാറിന്റെ ഷോൾ കൊണ്ട് കുഷൻ കവർ, പഴയ തുണി കൊണ്ട് ചവിട്ടി... ഇങ്ങനെ വളരെ ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന നാടൻ ‘സിറ്റിസൺ ഡിസൈനർ’മാരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കൈനിറയേ പണമുള്ളവർക്കു മാത്രമല്ല മികച്ച ഫർണിഷിങ് എന്നതാണ് അതിൽ പ്രധാനം.
നിറങ്ങൾ എങ്ങനെ കൂട്ടിച്ചേർക്കണം എന്നതിനെക്കുറിച്ച് അല്പം ‘സെൻസ്’ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. നിറങ്ങൾ ബാലൻസ് ചെയ്തു കൊടുക്കുമ്പോൾ സ്വാഭാവികമായും മുറികൾ ആകർഷകമാകും.
സാരി കർട്ടൻ ആകുമ്പോൾ
ന്യൂട്രൽ നിറമുള്ള സെമീ ട്രാൻസ്പരന്റ് കർട്ടനാണ് ചെലവ് വരുതിയിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ആശ്രയിക്കുന്നത്. കോട്ടൺ, ജൂട്ട് എന്നൊക്കെ തോന്നിപ്പിക്കുന്ന വിധത്തിൽ നൂറ് ശതമാനം പോളിയെസ്റ്ററിലുള്ള കർട്ടൻ ലഭിക്കും. ഇതിന് ഒരു ക്ലാസ് ലുക്ക് ഉണ്ടായിരിക്കുകയും ചെയ്യും. കളയാൻ മനസ്സ് അനുവദിക്കാത്ത പഴയ സാരികൾ കർട്ടൻ ആക്കിമാറ്റുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. കല്യാണസാരികൾ ഉൾപ്പെടെ സിൽക് സാരികൾ ഹൈലൈറ്റർ ആയി സാധാരണ കർട്ടനോടൊപ്പം ചേർക്കാം. തുണിക്കടകളിൽ ‘സെയിൽ’ ഉള്ള സമയത്ത് പോയി ചെലവ് കുറഞ്ഞ സാരി വാങ്ങി കർട്ടൻ തയ്ക്കുന്നതും ലാഭകരമാണ്. അജ്‌റക്, ചുങ്കിടി, കലംകാരി പോലുള്ള ഇന്ത്യൻ പ്രിന്റ് ഉള്ള കോട്ടൺ തുണി വാങ്ങി കർട്ടൻ തൈപ്പിക്കുന്നതും മുറിക്ക് കുറഞ്ഞ ചെലവിൽ വ്യത്യസ്തത പകരും.
ഇലാസ്റ്റിക് ഉള്ള ബെഡ്ഷീറ്റ്
ഫർണിഷിങ്ങിൽ ബെഡ്ഷീറ്റിന് പ്രത്യേക പരിഗണന കൊടുക്കണം. അവിടെ ഭംഗിയോ ചെലവ് കുറവോ ആകരുത് പ്രധാനം. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റിന് കോട്ടൺ തന്നെയാണ് മികച്ചത്. റോൾ ആയി വരുന്ന തുണി മുറിച്ചുവാങ്ങി വശങ്ങൾ അടിച്ച് നിർമിക്കുന്ന ബെഡ്ഷീറ്റ് തന്നെയാണ് ഏറ്റവും ചെലവു കുറവ്. ഓൺലൈൻ സ്റ്റോറുകൾ മുഖേനെയും ബെഡ്ഷീറ്റ് ന്യായവിലയ്ക്കു വാങ്ങാം. ടക്ക് ഇൻ ചെയ്യുന്നതിനു പകരം ഇലാസ്റ്റിക് ഉള്ള ഷീറ്റുകൾ കൊച്ചു കുട്ടികളുടെ മുറിയിൽ സൗകര്യപ്രദമായിരിക്കും. കുട്ടികൾ കയറിക്കളിച്ചാലും ഷീറ്റ് ഊർന്നുവീഴില്ല. ഒറ്റനിറത്തിലുള്ള നാലോ അഞ്ചോ ബെഡ്ഷീറ്റും പ്രിന്റഡ് തലയണക്കവറും തമ്മിൽ ചേർത്ത് ഒട്ടേറെ കോംബിനേഷനുകൾ തീർക്കാം.
കുഷനിൽ അവസരങ്ങൾ ഏറെ
മുറി ഭംഗിയാക്കാൻ കുഷനുകൾ മാത്രം മതി. എംബ്രോയ്ഡറിയോ ക്രോഷ്യോയോ പ്രിന്റോ ഗ്ലാസ് സീക്കൻസോ ഹെമ്മിങ്ങോ എന്തു നൽകിയാലും കുഷൻ ക്ലാസ് ആയിരിക്കും. നല്ല അഞ്ചോ ആറോ കുഷൻ ഉണ്ടെങ്കിൽ മുറിയുടെ ലുക്ക് തന്നെ മാറിപ്പോകും.. തയ്യൽ അറിയാമെങ്കിൽ കുഷൻ കവർ സ്വന്തമായി തയ്ക്കുന്നതു തന്നെയാണ് ലാഭകരം. തുണിക്കടകളിൽ കിട്ടുന്ന ‘ബിറ്റ് പീസ്’ കൊണ്ട് നല്ല കുഷൻ കവർ തയ്ച്ചെടുക്കാം. പ്ലൈയിൻ തുണി ആമെങ്കിൽ ഫാബ്രിക് പെയ്ന്റ് ചെയ്തോ എംബ്രോയ്ഡറി ചെയ്തോ ഭംഗിയാക്കാം.
കാർപെറ്റിന് കളമുണ്ട്
മുറി കൂടുതൽ ആകർഷകമാക്കാൻ കാർപെറ്റ് അല്ലെങ്കിൽ റഗ്ഗിനു കഴിവുണ്ട്. ഓൺലൈൻ സൈറ്റുകളിൽ ചെറിയ വിലയ്ക്കു പോലും ഭംഗിയുള്ള കാർപെറ്റ് അല്ലെങ്കിൽ റഗ്ഗ് കിട്ടും.
നല്ലൊരു ഷോൾ ഉണ്ടോ ഷോ ആക്കാം
നല്ല ഭംഗിയുള്ള ഷോളുകൾ ഉപയോഗിച്ച് അകത്തളം മോടി കൂട്ടാനാകും. റണ്ണർ ഇടുന്നതിനു പകരമായി ഷോൾ വിരിച്ച് സോഫയോ കട്ടിലോ ടേബിളോ ഒക്കെ ആകർഷകമാക്കാം.
