ജോലി ഉപേക്ഷിച്ച് ഡെക്കോപാഷിലേക്കു തിരിഞ്ഞു, ആ തീരുമാനം മികച്ചതായെന്ന് മനു മാത്യു Manu Mathew's Journey from Job to 'Handartica'
Mail This Article
ജോലിയിലെ മടുപ്പകറ്റാനാണ് മനു മാത്യു ‘ഡെക്കോപാഷ്’ (decoupage) പഠിക്കുന്നത്. അതോടെ മനു ജോലി വിട്ട് ഡെക്കോപാഷിലേക്ക് പൂർണമായും തിരിഞ്ഞു. ഇന്നിപ്പോൾ ആറ് വർഷം പിന്നിടുമ്പോൾ ‘ഹാൻഡാർട്ടിക്ക’ (Handartica) എന്ന പേരിൽ ഡെക്കോപാഷ്, റെസിൻ ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന സംരംഭകയാണ് മനു. സമ്മർദങ്ങളില്ല, ഭർത്താവിനും മകൾക്കുമൊപ്പം സമയം ചെലവഴിക്കാം; ഒപ്പം വരുമാനവും. അതിനാൽ സ്വന്തം സംരംഭത്തിൽ സന്തുഷ്ടയാണ് മനു. മാധ്യമ പ്രവർത്തകനായ ഭർത്താവ് ലീൻ ബി. ജെസ്മസ് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
എന്താണ് ഡെക്കോപാഷ്?
ലളിതമായി പറഞ്ഞാൽ ഏതു പ്രതലത്തിലും ചിത്രങ്ങൾ ഒട്ടിച്ച് അലങ്കരിക്കുന്ന വിദ്യയാണ് ഡെക്കോപാഷ്. ‘മുറിച്ച് ഒട്ടിക്കുക’ (cut&paste) എന്നാണ് ഈ ഫ്രഞ്ച് വാക്കിന്റെ അർഥം. വളരെ ക്ഷമ ആവശ്യമായ ഒരു കലയാണ് ഇതെന്ന് മനു പറയുന്നു. തടി, സെറാമിക് തുടങ്ങി ഏതു പ്രതലമാണോ അലങ്കരിക്കേണ്ടത് ആദ്യം അത് തയാറാക്കുന്നു. മനു കൂടുതലായും സെറാമിക്കിലാണ് ചെയ്യുന്നത്. എംഡിഎഫ്, പൈൻവുഡ് എന്നിവയാണ് തടിക്കായി ഉപയോഗിക്കുന്നത്. പ്രതലം ഒരുക്കിക്കഴിഞ്ഞ് അതിലേക്ക് ഡെക്കോപാഷിനായുള്ള പ്രത്യേക ടിഷ്യു പേപ്പറുകൾ മുറിച്ച് ഒട്ടിക്കുന്നു. സാൻഡ് ചെയ്യുക, പശ കൊണ്ട് സീൽ ചെയ്യുക, വാർണിഷ് അടിക്കുക, എയർ ഡ്രൈ ഗ്ലേസ് ചെയ്യുക എന്നിങ്ങനെയാണ് പിന്നീടുള്ള ഘട്ടങ്ങൾ. ഇവ ഓരോന്നിനും ഇടയിൽ എത്രയും സമയം നൽകാമോ അത്രയും നല്ല ഫിനിഷ് ലഭിക്കും.
‘‘അടിസ്ഥാനം മാത്രമേ ക്ലാസ്സിൽ പഠിപ്പിക്കൂ. ബാക്കി സ്വയം ചെയ്തും ഓൺലൈൻ ഗ്രൂപ്പുകളിൽ സംശയങ്ങൾ ചോദിച്ചുമൊക്കെയാണ് മനസ്സിലാക്കിയത്. മുടങ്ങാതെയുള്ള പരിശീലനമാണ് മികച്ച ഫിനിഷിനുള്ള ഏക വഴി. ഉപയോഗിക്കുന്ന സാമഗ്രികളുടെ നിലവാരവും പ്രധാനമാണ്. എയർ ഡ്രൈ ഉൾപ്പെടെ പല സാമഗ്രികളും വിദേശത്തു നിന്നാണ് വാങ്ങിയത്,’’ മനു പറയുന്നു. ഉപയോഗശൂന്യമായ സാധനങ്ങൾ ഡെക്കോപാഷ് വഴി അലങ്കരിച്ച് ‘അപ്സൈക്കിൾ’ ചെയ്തെടുക്കാം.
ഇതിനിടെ റെസിൻ ഉൽപന്നങ്ങൾ നിർമിക്കാനും പഠിച്ചു. അടുത്ത കാലത്തായി റെസിൻ ഉൽപന്നങ്ങളോട് ആളുകൾക്ക് താൽപര്യം കൂടിയിട്ടുണ്ട്. കൂടുതൽ നിറങ്ങൾ, മിനുക്കുപണികൾ എന്നിവയൊക്കെ അതിൽ സാധ്യമാണ്. ഡെക്കോപാഷിനേക്കാൾ എളുപ്പത്തിൽ ചെയ്യാനും സാധിക്കും. മോൾഡിലൊഴിച്ചാണ് നിർമിക്കുന്നത്. 12 മണിക്കൂർ മതി സെറ്റാകാൻ. വർക്‌ഷോപ്പുകളും മനു നടത്തുന്നുണ്ട്. 450 രൂപ മുതലാണ് ഉൽപന്നങ്ങളുടെ വില. handartica എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഉൽപന്നങ്ങൾ വാങ്ങാം.
