ഫ്ലോറിങ് ചെയ്യാൻ തുടങ്ങുകയാണോ? വീടിന്റെ ശ്രദ്ധ മുഴുവൻ ഫ്ലോറിങ്ങിലേക്കാണെന്ന് അറിഞ്ഞു വേണം തുടങ്ങാൻ Embracing New Trends in Home Flooring for 2025 and Beyond
Mail This Article
വീടിനുള്ളിലേക്ക് ഒരേ നിറത്തിലും ഡിസൈനിലുമുള്ള വിട്രിഫൈഡ് ടൈൽ തിരഞ്ഞെടുക്കുന്ന ട്രെൻഡ് പതുക്കെ ഇല്ലാതാകുന്ന കാഴ്ചയാണ് 2025ൽ നമ്മൾ കണ്ടത്. അതിന്റെ തുടർച്ചയാകും വരുംവർഷങ്ങളിലും കാണാൻ കഴിയുക.
ഇന്റീരിയർ ആകർഷകമാക്കാൻ മാത്രമല്ല, മെയിന്റനൻസ് കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് ഇപ്പോൾ ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത്. അതേസമയം നിശ്ബദമായിത്തന്നെ ഇന്റീരിയറിന്റെ ആകർഷണം കൂട്ടുന്നതിലും ഫ്ലോറിങ് വലിയ പങ്കുവഹിക്കുന്നുണ്ട്. വരും വർഷങ്ങളിൽ വ്യത്യസ്ത മെറ്റീരിയലുകളാകും ഫ്ലോറിങ് വിപണി കയ്യടക്കുക.
മൈക്രോസിമന്റ് അരങ്ങിൽ
മൈക്രോ സിമന്റ് വരുംവർഷങ്ങളിൽ ട്രെൻഡ് ആകാൻ സാധ്യതയുണ്ട്. നിരപ്പായ ഏതു പ്രതലത്തിലും ചെയ്യാം എന്നതാണ് മൈക്രോ സിമന്റ് ഫ്ലോറിങ്ങിന്റെ പ്രത്യേകത. ഓക്സൈഡ് പോലെയോ സിമന്റിന്റെ അതേ ഫിനിഷിലോ ലഭിക്കുമെന്നതാണ് മൈക്രോസിമന്റിന്റെ പ്രത്യേകത. പച്ച, മഞ്ഞ, ചുവപ്പ് മുതലായ നിറങ്ങളിലും ഈ ഫ്ലോറിങ് ചെയ്യാം. പഴയ വീടുകളുടെ പുതുക്കിപ്പണിയൽ ഉൾപ്പെടെ ഏതുതരം പ്രോജക്ടുകളിലേക്കും മൈക്രോ സിമന്റ് ഫ്ലോറിങ് അനുയോജ്യമാണ്. മൂന്ന് എംഎം കനം മാത്രമേയുള്ളൂ ഈ ഫ്ലോറിങ്ങിന്. അതുകൊണ്ടുതന്നെ പഴയ ടൈൽ മാറ്റി പകരം വിരിക്കാൻ ഏറ്റവും മികച്ച സാധ്യതയാണിത്. അരികുകളോ ജോയിന്റുകളോ ഇല്ലാത്ത ‘സീംലെസ് (seamless)’ ഫ്ലോറിങ് ആണ് എന്ന പ്രത്യേകതയുമുണ്ട്. മറ്റു ഫ്ലോറിങ് മെറ്റീരിയലുകളെ അപേക്ഷിച്ച് ചെലവ് അല്പം കൂടുതലാണ്. ഓക്സൈഡ് പോലെ വിള്ളലുകൾ ഉണ്ടാകില്ലെങ്കിലും പോറലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നത് മൈക്രോഫ്ലോറിങ്ങിന്റെ ന്യൂനതയാണ്. ഉരഞ്ഞ് നിലത്തിന് പോറൽ വരാതിരിക്കാൻ ഫർണിച്ചറിന്റെ കാലിൽ ബുഷ് വയ്ക്കുക പോലുള്ള മുൻകരുതലുകൾ എടുക്കേണ്ടിവരും.
ടെറാസോയ്ക്ക് ഭാവി
മൊസെയ്ക് നിലത്തിന്റെ കസിനാണ് ടെറാസോ ഫ്ലോറിങ് എന്നു വേണമെങ്കിൽ പറയാം.
പ്രത്യേക പശയും ബേബി മെറ്റിലുമാണ് ടെറാസോ ഫ്ലോറിങ്ങിന്റെ അടിസ്ഥാന നിർമാണസാമഗ്രികൾ. ബേബി മെറ്റിലിനു പകരം തടിയുടെ ചെറിയ കഷണങ്ങൾ, ഗ്ലാസ് പീസുകൾ, ലോഹച്ചുരുൾ, മാർബിൾ കഷണങ്ങൾ അങ്ങനെ എന്തുമാകാം. ആർക്കിടെക്ടിന്റെയും വീട്ടുകാരുടെയും ഭാവനയനുസരിച്ച് ടെറാസോ ഫ്ലോറിങ് ആകർഷകമാക്കാം.
ഏതൊരു പ്രതലത്തിലും, കർവുകൾ ഉൾപ്പെടെ ടെറാസോ ചെയ്യാനാകും. ഭിത്തിക്കും ടെറാസോയുടെ അഴക് നൽകാം. ഭിത്തിയും നിലവും ഒന്നായി ഒഴുകുന്നതുപോലെയുള്ള അനുഭൂതി അകത്തളത്തിൽ ആവശ്യമെങ്കിൽ ടെറാസോ തിരഞ്ഞെടുക്കാം.
ഹാൻഡ്മെയ്ഡ് ടൈൽ തരംഗം
ആത്തംകുടി ടൈലിനോടുള്ള പ്രിയം കഴിഞ്ഞ വർഷത്തെ വീടുകളിൽ വളരെ പ്രകടമായിരുന്നു. ആത്തംകുടിയിൽപോയി ഡിസൈനർ ടൈൽ വാങ്ങിവരാൻ എല്ലാവർക്കും സാധിക്കില്ല എന്നതാണ് ഒരു പ്രശ്നം. ഹാൻഡ്മെയ്ഡ് ടൈൽ ആയതിനാൽ എല്ലാ ടൈലിലും ഒരേ പാറ്റേൺ ആകണമെന്നില്ല. മാത്രമല്ല, വിരിക്കാൻ വിദഗ്ധരായ ആളെ കിട്ടലും പ്രശ്നമായിരുന്നു. എന്നിരുന്നാൽപോലും അത്തരം പാറ്റേണുകളോടുള്ള ആകർഷണത്തിനു കുറവില്ല. സിമന്റിൽ നിർമിക്കുന്ന ആത്തംകുടി ടൈലിനോടു സാദൃശ്യമുള്ള ഡിസൈനർ ടൈലാണ് ഈ വർഷം കൂടുതൽ വീടുകളിൽ കാണാൻ സാധ്യതയുള്ളത്. ആത്തംകുടിയോടു സാദൃശ്യമുള്ള ഡിസൈനും നിറവുമൊക്കെയാണ്. എന്നാൽ ഫിനിഷിലും നിറത്തിലുമെല്ലാം ആത്തംകുടിയേക്കാൾ മുകളിൽ നിൽക്കും. ടൈൽ വിരിക്കാനും താരതമ്യേന എളുപ്പമാണ്. പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ല. കേരളത്തിൽത്തന്നെ ഫാക്ടറികൾ ഉള്ളതിനാൽ ആവശ്യമുള്ള ഡിസൈൻ കൊടുത്ത് ഇത്തരം ടൈലുകൾ നിർമിച്ചെടുക്കാം. എന്നാൽ വളരെ ചെലവുകുറഞ്ഞ ഫ്ലോറിങ് ഓപ്‌ഷൻ നോക്കുന്നവർക്ക് ഇത്തരം ഡിസൈനർ ടൈലുകൾ അനുയോജ്യമാകണമെന്നില്ല.
വിവരങ്ങൾക്കു കടപ്പാട്: രാഹുൽ കുമാർ, ആർക്കിടെക്ട്, തിരുവനന്തപുരം
