മാസ്റ്റർ ബെഡ്റൂമിലുണ്ടോ ഈ കാര്യങ്ങൾ? ആവശ്യങ്ങളറിഞ്ഞ് ബെഡ്റൂം ഒരുക്കാം Design Tips for Master bedroom
Mail This Article
ഓരോ മുറിയും അതിലെ അന്തേവാസികളുടെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കുമ്പോഴാണ് ജീവിതം ലളിതവും സുന്ദരവുമാകുന്നത്. വല്ലപ്പോഴുമെത്തുന്ന അതിഥികൾക്കുള്ള ഗെസ്റ്റ് ബെഡ്റൂമിന്റെ സൗകര്യങ്ങളും വലുപ്പവുമല്ല ഗൃഹനാഥനും നാഥയ്ക്കുമുള്ള മാസ്റ്റർ ബെഡ്റൂമിനു വേണ്ടത്. മാസ്റ്റർ ബെഡ് റൂം സ്റ്റൈൽ ചെയ്യാനുള്ള ടിപ്സ് ഇതാ...
∙ ഭർത്താവിന്റെയും ഭാര്യയുടെയും ഇഷ്ടങ്ങൾ സമന്വയിപ്പിച്ചു വേണം മാസ്റ്റർ ബെഡ്റൂമിന്റെ ഡിസൈൻ തയാറാക്കാൻ.
∙ എല്ലായിടത്തേക്കും കാഴ്ചയെത്തുന്ന രീതിയിൽ സ്ഥാനം നൽകാം.
∙ കിടക്കയും തലയണകളും സുഖകരമാകാൻ ശ്രദ്ധിക്കണം.
∙ ദമ്പതികളുടെ ചിത്രം, ഫാമിലി ഫോട്ടോ, രണ്ടു പേരുടെയും പൊതുവായ ഇഷ്ടം വെളിവാക്കുന്ന ചിത്രങ്ങൾ (ഉദാഹരണം: യാത്ര) എന്നിവയൊക്കെ മുറി അലങ്കരിക്കാൻ ഉപയോഗിക്കാം. ഇവയൊക്കെ വ്യത്യസ്തമായി ചെയ്തു നൽകുന്ന ഓൺലൈൻ പേജുകൾ ധാരാളമുണ്ട്. അങ്ങനെ മുറിക്ക് വ്യത്യസ്തതയേകാം. സ്കെച്ചുകൾ, പേഴ്സണലൈസ്ഡ് ശിൽപങ്ങൾ എന്നിവയൊക്കെ അതിൽ പെടും.
∙ രണ്ടു പേരുടെയും സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്റ്റോറേജ് വേണം. വോക്ക്-ഇൻ- വാഡ്രോബ് ഇപ്പോൾ ട്രെൻഡ് ആണ്. സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതോടെ ഫോട്ടോയുടെ പ്രാധാന്യം കൂടി. അതോടെ വസ്ത്രങ്ങൾ, മേയ്ക്കപ്പ്, ആക്സസറീസ് എന്നിവയിലെല്ലാം ശ്രദ്ധ ചെലുത്താനും ഇഷ്ടം പോലെ വാങ്ങാനും തുടങ്ങി. ഇവ സൂക്ഷിക്കാനുള്ള സൗകര്യം നിർബന്ധം.
∙ അടിമുടി കാണാൻ സഹായിക്കുന്ന മുഴുനീളൻ കണ്ണാടി നൽകണം.
∙ ജോലി ചെയ്യാൻ സൗകര്യത്തിന് മുറിയിൽ തന്നെ ചെറിയ മേശയും കസേരയും നൽകി വർക്കിങ് സ്പേസ് ഒരുക്കാം. കൂടുതൽ നേരം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ മുറിയുടെ ഭാഗമായി എന്നാൽ സ്വകാര്യത ഉറപ്പാക്കുന്ന ഒരു സ്പേസ് നൽകാം. പാർട്ടീഷൻ വഴിയോ ഡിസൈനിന്റെ പ്രത്യേകത വഴിയോ ഈ സ്പേസ് ബെഡ് സ്പേസില്‍ നിന്ന് മറയ്ക്കാം. അപ്പോൾ ഒരാൾ ജോലി ചെയ്യുമ്പോഴും മറ്റേയാൾക്ക് തടസ്സം കൂടാതെ ഉറങ്ങാം.
∙ പേസ്റ്റൽ നിറങ്ങൾ, വോൾപേപ്പർ, ടെക്സ്ചർ എന്നിവ വഴി ചുമരിന് ഭംഗിയേകാം.
∙ വീട്ടിനു പുറത്തെ ലൈറ്റുകൾ ഓണാക്കാനുള്ള മാസ്റ്റർ സ്വിച്ച് നിർബന്ധമായും നൽകണം.
∙ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാൻ സൈഡ് ടേബിൾ, ഹെഡ്ബോർഡ് സ്റ്റോറേജ് എന്നിവ നൽകാം.
∙ മൂഡ് ലൈറ്റിങ് പരീക്ഷിക്കാം.
∙ രണ്ടുപേർക്കും ഒന്നിച്ച് സമയം ചെലവിടാൻ പ്രത്യേകം കോർട്‌യാർഡ്, ബാൽക്കണി എന്നിവ നൽകാം. പുറംകാഴ്ചകളും പച്ചപ്പും ആസ്വദിച്ച് ഒന്നിച്ചൊരു കാപ്പി കുടിക്കാം, ഇഷ്ട പുസ്തകങ്ങൾ വായിക്കാം, പാട്ടു കേൾക്കാം...
∙ ബാത്റൂമിനും ആവശ്യത്തിന് വലുപ്പവും രണ്ടുപേരുടെയും സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവും വേണം.
∙ കുഞ്ഞുങ്ങളെ കൂടെ കിടത്താൻ പാകത്തിന് ക്വീൻ സൈസ് ബെഡ് നൽകണം. ആവശ്യമെങ്കിൽ തൊട്ടിൽ, ഡയപ്പർ സ്റ്റേഷൻ എന്നിവയൊക്കെ ഒരുക്കാനുള്ള വലുപ്പം മുറിക്ക് വേണം.
∙ സ്റ്റോറേജ് സൗകര്യമുള്ള ബെഡ് നൽകാം.