വീടിന് ബ്യൂട്ടീഷ്യന്റെ സഹായം വേണോ? പുത്തൻപോലെയാക്കാൻ ഡീപ് ക്ലീനിങ് ഏജൻസികളുണ്ട് Why Decluttering and Deep Cleaning Your Home is Important
Mail This Article
ആവശ്യമില്ലാത്ത സാധനങ്ങൾ കളഞ്ഞ് ഇടയ്ക്കിടെ വീടൊന്നു വൃത്തിയാക്കുന്നത് (Decluttering) നല്ലതാണ്. വീട്ടുകാർക്ക് അത് തനിയേ ചെയ്യാൻ സമയവും സൗകര്യവും കുറവാണെങ്കിൽ ഡീപ് ക്ലീനിങ് ഏജൻസികളുടെ സഹായം സ്വീകരിക്കാം. കേരളത്തിൽ ചെറിയ നഗരങ്ങളിൽപോലും ഡീപ് ക്ലീനിങ്/ ഹൗസ് കീപ്പിങ് ഏജൻസികളുണ്ട്.
അടുക്കോടും ചിട്ടയോടുമുള്ള ക്ലീനിങ് ആണ് ഏജൻസികളെ ഏൽപ്പിക്കുമ്പോൾ കിട്ടുന്ന ഗുണം. ഒന്നോ ഒന്നരയോ ദിവസം കൊണ്ട് മൂന്ന് കിടപ്പുമുറികളോടു കൂടിയ സാധാരണ വീട് വൃത്തിയാക്കിയെടുക്കാൻ കഴിയും.
കണ്ട് തീരുമാനിക്കാം
വീട് വന്നു കണ്ട് എസ്റ്റിമേറ്റ് എടുക്കുകയാണ് ഡീപ് ക്ലീനിങ് ഏജൻസികൾ ആദ്യം ചെയ്യുന്നത്. എന്തെല്ലാം ജോലികൾ ആവശ്യമാണ് എന്നതും എന്തെല്ലാം ക്ലീനിങ് ഉപകരണങ്ങൾ കൊണ്ടുവരണം എന്നതിന്റെയും കണക്കെടുക്കലാണ് ഉദ്ദേശ്യം.
മിക്ക ഡീപ് ക്ലീനിങ് ഏജൻസികളും പാക്കേജ് ആയാണ് ജോലികൾ ഏറ്റെടുക്കുന്നത്. പാക്കേജിൽ ഉൾപ്പെടാത്ത ജോലികൾക്ക് അധിക ചാർജ് നൽകേണ്ടിവരും. ഉദാഹരണത്തിന്, മതിൽ പ്രഷർ വാഷ് ചെയ്യുക പോലുള്ള കാര്യങ്ങൾ മിക്ക കമ്പനികളുടെയും പാക്കേജിൽ ഉൾപ്പെടുന്നില്ല.
മൂന്ന് കിടപ്പുമുറികളുള്ള ഒരു വീട് വൃത്തിയാക്കാൻ 10,000–15,000 രൂപ ചെലവുവരും. വീടിന്റെ വലുപ്പവും ജോലിയുടെ കാഠിന്യവും കൂടുംതോറും ചെലവും വർധിക്കും.
വീടിന്റെ അകം കഴുകി വൃത്തിയാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പുറത്തെ എട്ടുകാലിവലയും മറ്റ് മാലിന്യങ്ങളും മാറ്റുന്നതും കാർ പോർച്ച് ക്ലീൻ ചെയ്യുന്നതുമെല്ലാം ക്ലീനിങ്ങിന്റെ ഭാഗമായി വരുമെങ്കിലും കഴുകൽ പോലുള്ള കൂടുതൽ വൃത്തിയാക്കലുകൾക്ക് അധികചാർജ് ഈടാക്കാറുണ്ട്.
ഓരോ മുറിയിലെയും ഫാൻ, ലാംപ്ഷേഡുകൾ, കർട്ടൺ അല്ലെങ്കിൽ ബ്ലൈൻഡ്, ജനാലകൾ, കബോർഡുകളുടെ ഉൾവശം, പൊടിയടിഞ്ഞു കിടക്കാൻ സാധ്യതയുള്ള മുക്കും മൂലയും...ഇത്തരം സ്ഥലങ്ങളിലെ പൊടി നീക്കം ചെയ്യലാണ് ആദ്യഘട്ടം. പൊടി പൂർണമായി വലിച്ചെടുക്കാൻ വാക്വം ക്ലീനർ ഉപയോഗിക്കാറുമുണ്ട്.
കർട്ടൺ അല്ലെങ്കിൽ ബ്ലൈൻഡ് വാക്വം ക്ലീൻ ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ കൂടുതൽ വിശദമായ ക്ലീനിങ് ആവശ്യപ്പെട്ടാൽ കർട്ടൺ കഴുകിത്തരും. ഇതിന് ഒന്നോ രണ്ടോ ആഴ്ച എടുക്കും.
സ്വിച്ച് ബോർഡുകൾ വെള്ളം കൂടാതെ തുടയ്ക്കുകയോ നന്നായി പൊടി മാറ്റുകയോ ചെയ്യുന്നതും ഈ ഘട്ടത്തിലെ പ്രധാന ജോലിയാണ്.
സോഫ, കിടക്ക, കാർപെറ്റ്, ചവിട്ടികൾ തുടങ്ങിയ അപ്ഹോൾസ്റ്ററി, സോഫ്റ്റ് ഫർണിഷിങ് ഉൽപന്നങ്ങളെല്ലാം പൊടിതട്ടുന്നതും വാക്വം ക്ലീനിങ് ചെയ്യുന്നതുമെല്ലാം ആദ്യ ഘട്ടത്തിൽ ഉൾപ്പെടും.
കിച്ചണും ബാത്റൂമും ക്ലീൻ
ഡീപ് ക്ലീനിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ജോലികളിലൊന്ന് അടുക്കളയുടെയും ബാത്റൂമിന്റെയും ക്ലീനിങ് ആണ്.
അടുക്കളയിൽ കിച്ചൺ കാബിനറ്റിനുൾവശം പൂർണമായി വൃത്തിയാക്കും. കൗണ്ടർടോപ് അല്ലെങ്കിൽ പാതകവും സ്റ്റൗവും എണ്ണയുടെ അംശം പൂർണമായി കളയും വിധത്തിൽ ഉരച്ചു കഴുകി വൃത്തിയാക്കും. ഇതോടൊപ്പം ബാക്ക്സ്പ്ലാഷ് അല്ലെങ്കിൽ ടൈലും സിങ്ക്, ടാപ്, തുടങ്ങിയ അടുക്കളയിലെ സ്ഥിരമായി ഉറപ്പിച്ച എല്ലാ ഭാഗങ്ങളും കഴുകി വൃത്തിയാക്കും.
വൈദ്യുതിയുമായി ബന്ധമുള്ള ഉപകരണങ്ങൾ ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുകയാണ് ചെയ്യുക.
ബാത്റൂമിൽ സാനിറ്ററിവെയറും ഭിത്തിയും നിലവുമെല്ലാം ഉരച്ചു കഴുകി തിളക്കം തിരിച്ചുപിടിക്കാൻ സഹായിക്കും. ഇതോടൊപ്പം ഗ്ലാസ് പാർട്ടീഷനുകളും ബക്കറ്റും ടാപ്പും ഷവർ ഹെഡുമെല്ലാം നന്നായി കഴുകിയെടുക്കും.
വാതിലുകളും ജനലുകളും തുടച്ചോ കഴുകിയോ വാക്വം ചെയ്തോ പൊടി നീക്കം ചെയ്തുതരും. ജനലുകളുടെ ഗ്ലാസ്സിൽ അഴുക്കുണ്ടെങ്കിൽ അത് കഴുകുകയും ഏജൻസികളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യമാണ്.
അവസാനഘട്ടം നിലം ഉരച്ചുകഴുകലാണ്. ഗോവണി ഉൾപ്പെടെ നിലം പൂർണമായി കഴുകി ഉണക്കിയെടുക്കും. ആവശ്യമെങ്കിൽ നീരാവി ഉപയോഗിച്ചുള്ള ക്ലീനിങ്ങും ചെയ്തുതരും.
500 ലീറ്ററിന്റെ ഒരു വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതുകൂടി മിക്ക ഏജൻസികളുടെയും പാക്കേജിൽ ഉൾപ്പെടുത്താറുണ്ട്. ടാങ്ക് വലുതാണെങ്കിൽ അധികചാർജ് നൽകേണ്ടിവരും.
ദൈനംദിന വൃത്തിയാക്കലുകളുടെ ഭാഗമാകാത്ത ഡക്റ്റുകളും തുറക്കാത്ത കബോർഡുകളുമൊക്കെ പൊടിതട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഡീപ് ക്ലീനിങ്ങുകൾ.
