ഫ്ലാറ്റിലെത്തിയാൽ വീട്ടിലെത്തിയ പോലെ, ട്രെഡീഷണൽ ഡിസൈനിന്റെ മിടുക്ക് Homely Feel Flat
Mail This Article
കപ്പല്‍വാസത്തിൽ നിന്ന് വീട്ടിലെത്തുമ്പോൾ ‘ഹോംലി ഫീൽ’ നിർബന്ധമായിരുന്നു കപ്പലിൽ ക്യാപ്റ്റൻ ആയ അരുണിന്. അരുണിനും ഭാര്യ ആനിനും പുതിയ ഫ്ലാറ്റിലേക്കു മാറുമ്പോള്‍ ഇന്റീരിയറിന്റെ കാര്യത്തിൽ വ്യക്തമായ ഇഷ്ടങ്ങളുണ്ടായിരുന്നു. അവയെല്ലാം സാധിച്ചാണ് ആർക്കിടെക്ട് ടീം ഇന്റീരിയർ ഒരുക്കിയത്. ട്രെഡീഷണൽ ശൈലിയോടും നിറങ്ങളോടും പ്രിന്റുകളോടുമുള്ള താൽപര്യം, കാറ്റ്, വെളിച്ചം... എന്നിവയെല്ലാം കണക്കിലെടുത്തു. ഓപ്പണിങ്ങുകൾ പരമാവധി ഉപയോഗിച്ചും ജനാലകൾ വലുതാക്കിയും വായുവും വെളിച്ചവും നിറച്ചു. സാധ്യമായിടത്തെല്ലാം പച്ചപ്പ് നൽകി. ‘ലീനിയർ ലേഔട്ടി’ൽ വീട്ടിലെ പ്രവർത്തനങ്ങൾ അടുത്തടുത്തു വരുംവിധം ഡിസൈൻ ചെയ്തു.
ലിവിങ് റൂം
തേക്കു കൊണ്ടാണ് ഫർണിച്ചർ. സോഫയ്ക്കു പിന്നിൽ ലെഡ്ജ് നൽകി അതിൽ അലങ്കാരവസ്തുക്കളും പെയിന്റിങ്ങും വച്ചു. ഫോൾഡിങ് ജനാല നൽകി മുറിക്കുള്ളിൽ കാറ്റും വെളിച്ചവും നിറച്ചു എന്നതാണ് ലിവിങ്ങിലെ പ്രധാന മാറ്റം. എർത്തി ടോണിലാണ് മുറിക്ക് നിറമേകിയത്. ബാൽക്കണിയോടു ചേർന്ന് തടി കൊണ്ടുള്ള ആട്ടുകട്ടിൽ നൽകിയത് ഗൃഹാതുരത്വമുണർത്തുന്നു. ഇവിടെയിരുന്നാൽ പുറത്തെ പച്ചപ്പും ആകാശവും ആസ്വദിക്കാം.
ഊണുമുറി
ഊണുമുറി, അടുക്കള, ഫാമിലി ലിവിങ് എന്നിവ ‘ലീനിയർ’ രീതിയിൽ ക്രമീകരിച്ചു. ഇത് ഇടങ്ങൾ തമ്മിൽ കാഴ്ചയാൽ ബന്ധിപ്പിക്കാനും വലുപ്പം തോന്നിക്കാനും സഹായിച്ചു. ഊണുമേശ തേക്കും ചൂരലും കൊണ്ടാണ്. മേശയ്ക്ക് ഒരു വശത്ത് കസേരകളും മറുവശത്ത് ബെഞ്ചും നൽകി. വീട്ടുകാരുടെ ശേഖരത്തിലുള്ള ആന്റിക് ഉൽപന്നങ്ങൾ കൊണ്ട് മേശ അലങ്കരിച്ചു. മേശയ്ക്കു മുകളിൽ ആന്റിക് തീമിലുള്ള പെൻഡന്റ് ലൈറ്റ്. ലിവിങ്ങും ഫാമിലി ലിവിങ്ങും വേർതിരിക്കാൻ പഴയ തടിത്തൂൺ നൽകി.
കിടപ്പുമുറി
തേക്കിൻതടിയിലാണ് മാസ്റ്റർ ബെഡ്റൂമിലെ കട്ടിൽ നിർമിച്ചത്. പരമ്പരാഗത ശൈലിക്കിണങ്ങും വിധം പോസ്റ്റർ ബെഡ് നൽകി. ഫർണിഷിങ്ങിൽ വീട്ടുകാരുടെ ആഗ്രഹപ്രകാരം ഇക്കത്, ബ്ലോക് പ്രിന്റുകൾ കാണാം. ടെറാക്കോട്ട നിറത്തിലാണ് മാസ്റ്റർ ബെഡ്റൂം. ‘എൽ’ ആകൃതിയിൽ ഡ്രസ്സിങ്ങും വാഡ്രോബും ക്രമീകരിച്ചു.
Architect Team: പർവീൺ ബക്കർ, എസ്. മെറ്റിസ്, Studio 703, Email: studio703interiors@gmail.com
Project Details: Area: 2100 sqft, Owner: അരുൺ ജോർജ് & ആൻ റോസിയ, Location: കൊച്ചി
ചിത്രങ്ങൾ: സ്റ്റുഡിയോ ഇക്‌ഷ
