ADVERTISEMENT

എല്ലാവർക്കും തിരക്കാണ്. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞു വന്ന് വീട് വൃത്തിയാക്കൽ കൂടി ചെയ്യണമെന്നു വരുമ്പോൾ ഉണ്ടാകുന്ന മാനസികസമ്മർദ്ദം സ്വാഭാവികമാണ്. വീട്ടുജോലിക്കാരെ കിട്ടാൻ പ്രയാസമുള്ള ഇക്കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായങ്ങൾ സ്വീകരിക്കുന്നതിൽ മടി കാണിക്കേണ്ടതില്ല.
നിലം വൃത്തിയാക്കാൻ കഴിയുന്ന റോബോട്ടിക് വാക്വം ക്ലീനറുകൾ വിപണിയിലുണ്ടെന്ന് മിക്കവരും കേട്ടിട്ടുണ്ട്. എന്നാൽ ചില സംശയങ്ങളാണ് നമ്മെ പിറകോട്ടു വലിക്കുന്നത്. ഈ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചാൽ ചിലപ്പോൾ ജോലിഭാരത്തിൽ വലിയൊരു ശതമാനം കുറവു ലഭിക്കാം.

നന്നായി വൃത്തിയാക്കുമോ?
90% പൂർണതയോടെ വൃത്തിയാക്കുമെന്നുതന്നെ പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെയാണ് ഇപ്പോൾ വിപണിയിലെത്തുന്ന മിക്ക മോഡലുകളും പ്രവർത്തിക്കുന്നത്. മെയിൻ റോളർ ബ്രഷ് നിലത്തെ അഴുക്കുകൾ ഇളക്കിയെടുക്കുന്നു. സക്‌ഷൻ മോട്ടോർ ഉപയോഗിച്ചാണ് പൊടി വലിച്ചെടുക്കുന്നത്. കോർണറുകളിലെ പൊടി എടുക്കാൻ റോബോട്ട് വാക്വം ക്ലീനറിന്റെ വശങ്ങളിൽ പ്രത്യേകം ബ്രഷുകൾ ഉണ്ട്. മോപ്പിങ് ചെയ്യുന്ന മോഡലുകൾ ഇതിനു ശേഷം നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുകയും ചെയ്യും. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ മാത്രമുള്ള മോഡലുകളിൽ സൗകര്യങ്ങൾ താരതമ്യേന കുറവാണ്. എങ്കിലും നിത്യേന ഉപയോഗിച്ചാൽ വീട് എപ്പോഴും വൃത്തിയായിക്കിടക്കും എന്നതാണ് റോബോട്ട് ഉപയോഗിക്കുന്നതിന്റെ ഗുണം.

ADVERTISEMENT

അരിക് വൃത്തിയാകുമോ?
അരികുകളിലെയും മൂലകളിലെയും പൊടി എടുക്കാൻ പുതിയ മോഡലുകളിൽ വാക്വം ക്ലീനറിന്റെ വശങ്ങളിൽ പ്രത്യേകം ബ്രഷ് ഉണ്ട്. ഈ ബ്രഷ് പരമാവധി പൊടിയും അഴുക്കും വലിച്ചെടുക്കുമെങ്കിലും കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന്റെ പൂർണത ലഭിക്കില്ല.. മാസത്തിൽ ഒരിക്കൽ അരികുകൾ മാത്രം കൈകൊണ്ട് തുടയ്ക്കൽ ആണ് ഈ പ്രശ്നത്തിനു പരിഹാരം.

Robot3

ഫർണിച്ചറിന്റെ അടിഭാഗം
ഫർണിച്ചറിന്റെ അടിയിൽ പോയി വൃത്തിയാക്കുമെന്നതാണ് റോബോട്ട് വാക്വം ക്ലീനറിന്റെ ഏറ്റവും വലിയ ഗുണം. ഏകദേശം 10 സെമീ ഉയരമേയുള്ളൂ മിക്ക റോബോട്ടിനും. അതുകൊണ്ടുതന്നെ ചെറിയ വിടവുകളിൽപ്പോലും കയറിപ്പോയി വൃത്തിയാക്കും. ഫർണിച്ചറിന്റെ കാലുകളിലോ ഭിത്തിയിലോ തട്ടിയാൽ തിരിച്ചു വന്ന് ജോലി തുടരും. കട്ടിലിന്റെയും ഫ്രിജിന്റെയും സോഫയുടെയും എന്നുവേണ്ട നമ്മുടെ കയ്യെത്താത്ത എല്ലായിടവും വാക്വം ക്ലീനർ വൃത്തിയാക്കും.

ADVERTISEMENT

നിലത്തെ തടസ്സങ്ങൾ
വാക്വം ക്ലീനർ പ്രവർത്തിപ്പിക്കും മുൻപ് ചവിട്ടികൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങിയ തടസ്സങ്ങൾ എടുത്തുമാറ്റണം. തുറസ്സായിക്കിടക്കുന്ന നിലത്ത് പെട്ടെന്ന് ജോലി തീരും. നൂൽ പൊങ്ങി നിൽക്കുന്ന ചവിട്ടികളിൽ തട്ടിയാൽ പലപ്പോഴും കുരുങ്ങി നിൽക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ മോഡലുകൾ കാർപെറ്റിന്റെ സാന്നിധ്യം മനസ്സിലാക്കി അതിനു മുകളിൽ കയറി വൃത്തിയാക്കാൻ കെൽപ്പുള്ളവയാണ്.
തടി, ടൈൽ, കാർപെറ്റ് എന്നിങ്ങനെ പ്രതലം ഏതാണെന്നത് അനുസരിച്ച് വൃത്തിയാക്കലിന്റെ ശൈലിയിലും വ്യത്യാസമുണ്ടാകും.

പടി കയറുമോ?
ചക്രങ്ങൾ ഉപയോഗിച്ചാണ് റോബോട്ട് വാക്വം ക്ലീനർ സഞ്ചരിക്കുന്നത്. ക്ലിഫ് സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ പടികളും ഉയർച്ച താഴ്ചകളുമൊക്കെ സെൻസ് ചെയ്ത് തിരിച്ചറിയാൻ റോബോട്ട് വാക്വം ക്ലീനറിനു സാധിക്കും. ഗോവണി വൃത്തിയാക്കാൻ റോബോട്ട് ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും താഴെ വീഴുമെന്നു പേടിക്കേണ്ടതില്ല.

Robot
ADVERTISEMENT

രാത്രി ഉപയോഗിക്കാമോ?
നാവിഗേഷൻ, മാപ്പിങ് സെൻസറുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് റോബോട്ട് വാക്വം ക്ലീനറുകൾ. LiDAR എന്ന ലേസർ നാവിഗേഷൻ ഉപയോഗിച്ച് വീടിന്റെ ഒരു മാപ് ഉണ്ടാക്കി അത് മെഷീനിൽ ശേഖരിച്ചുവയ്ക്കും. ഇതനുസരിച്ച് മെഷീൻ തന്നെ ഒരു ക്ലീനിങ് പാറ്റേൺ തിരഞ്ഞെടുത്താണ് പ്രവർത്തിക്കുന്നത്.
ഏതുസമയത്തും റോബോട്ട് പ്രവർത്തിക്കാൻ തയാറായിരിക്കും. ദിവസവും കൃത്യസമയത്ത് പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ ക്രമീകരിക്കുകയുമാകാം. രാത്രിയിൽ പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ക്രമീകരിക്കുകയാണ് മിക്കവരും ചെയ്യുന്നത്. കാലത്ത് ഉണരുമ്പോഴേക്ക് വീട് വൃത്തിയായിക്കിടക്കും. വീട്ടുകാർ എല്ലാവരും ജോലിക്കുപോയ സമയത്തു വൃത്തിയാക്കുന്ന വിധത്തിൽ ക്രമീകരിക്കണമെങ്കിൽ അങ്ങനെയുമാകാം.

പ്രത്യേക ഭാഗത്തിനായി
പുതിയ റോബോട്ടുകൾ മൊബൈൽ ആപ് ഉപയോഗിച്ചോ ആമസോൺ അലക്സ, സിറി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നവയാണ്. ഏതെങ്കിലും പ്രത്യേക ഏരിയയോ മുറിയോ മാത്രം വൃത്തിയാക്കണമെങ്കിൽ ആപ്പിൽ അവിടം മാത്രം സെലക്ട് ചെയ്ത് വൃത്തിയാക്കാം.

Robot2

ചാർജ് തീർന്നാൽ
ഓരോ മോഡലിനും സക്‌ഷൻ പവറും ബാറ്ററി കപാസിറ്റിയും വ്യത്യസ്തമാണ്. കുറഞ്ഞത് മൂന്ന് മണിക്കൂർ ബാറ്ററി കപാസിറ്റി ഉണ്ടായിരിക്കും. 1500 ചതുരശ്രയടി 10 മിനിറ്റിൽ വൃത്തിയാക്കുന്ന റോബോട്ടുകളെല്ലാം വിപണിയിൽ ഉണ്ട്. പ്രവർത്തിക്കുന്നതിനിടെ ബാറ്ററി കഴിഞ്ഞാൽ ഓട്ടമാറ്റിക് ആയി ചാർജിങ് സ്റ്റേഷനിൽ വന്ന് ചാർജ് ചെയ്യും എന്നതാണ് റോബോട്ട് വാക്വം ക്ലീനറിന്റെ ഒരു പ്രധാന ഗുണം. പ്ലഗ്ഗിൽ കുത്തിവയ്ക്കാവുന്ന ചാർജിങ് സ്റ്റേഷനുകൾ വാക്വം ക്ലീനറിനൊപ്പം ലഭിക്കും. പുതിയ മോഡലുകൾ ചാർജ് ചെയ്തശേഷം തിരിച്ചുവന്ന് ക്ലീനിങ് ജോലികൾ തുടരുകയും ചെയ്യും.

മെയിന്റനൻസ് എങ്ങനെ?
പല മോഡലുകളും സ്വയം വൃത്തിയാക്കാൻ കഴിവുള്ളവയാണ്. അല്ലാത്തതിൽ വാക്വം ക്ലീനർ പിടിച്ചെടുത്ത പൊടി ഇടയ്ക്കിടെ കളഞ്ഞ് ബാഗ് വൃത്തിയാക്കേണ്ടിവരും. ചെറിയ ബാഗുള്ള വാക്വം ക്ലീനറുകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. മോപ്പിങ് സൗകര്യമുള്ളതാണെങ്കിൽ അഴുക്കുവെള്ളം മാറ്റുകയും ശുദ്ധജലം നിറയ്ക്കുകയും വേണം. ( അഴുക്കുവെള്ളം സംഭരിക്കാൻ പ്രത്യേക അറയുണ്ട്.) ബ്രഷിനും സെൻസറിനും ഫിൽറ്ററുകൾക്കുമൊക്കെ ഇടയ്ക്കിടെയുള്ള വൃത്തിയാക്കൽ ആവശ്യമാണ്. കാലക്രമേണ വിവിധ ഭാഗങ്ങൾ മാറ്റേണ്ടിവരും.

വൈദ്യുതി ചെലവ് കൂടുമോ?
താരതമ്യേന ചെറിയ വൈദ്യുതി മതി റോബോട്ട് വാക്വം ക്ലീനറിന്റെ പ്രവർത്തനത്തിന്. മണിക്കൂറിൽ പരമാവധി 20–100 വാട്ട് വേണ്ടിവരും. പ്രർത്തിക്കുന്ന സമയത്തും ചാർജ് ചെയ്യുന്ന സമയത്തും വ്യത്യസ്ത അളവ് വൈദ്യുതിയാണ് വാക്വം ക്ലീനർ ഉപയോഗിക്കുന്നത്.

വിലയോ?
15,000 രൂപ മുതൽ അടിസ്ഥാന മോഡലുകൾ ലഭ്യമാണ്. ഏകദേശം 70,000 രൂപ വരും ഏറ്റവും പുതിയ മോഡലുകൾക്ക്.

How Well Does a Robotic Vacuum Cleaner Clean?:

Robotic vacuum cleaners offer an efficient and convenient solution for modern homes, especially in Kerala where household help can be scarce. Utilizing AI and advanced sensors, these smart devices automate floor cleaning, ensuring a consistently tidy living space with minimal human intervention.