ADVERTISEMENT

നിർമാണസാമഗ്രികളുടെ തനിമ നിലനിർത്തുക എന്നതാണ് വീടൊരുക്കലിലെ ഏറ്റവും പുതിയ ട്രെൻഡ്. കല്ലാവട്ടെ, സിമന്റാവട്ടെ, ഇഷ്ടികയാവട്ടെ എന്താണോ രൂപവും നിറവും അത് അതേപടി പുറത്തുകാണിക്കാൻ ആർക്കും മടിയില്ല.  
സീലിങ്ങിലാണ് സിമന്റ് ആദ്യം തനിനിറം കാട്ടിയത്. വാർപ്പിന്റെ സമയത്ത് മെറ്റൽ ഷീറ്റ് വിരിച്ച് അതിനു മുകളിൽ വാർക്കുകയാണെങ്കിൽ വീണ്ടും തേപ്പ് വേണ്ട എന്നതു മാത്രമല്ല, സിമന്റിന്റെ ടെക്സ്ചറും നിറവും അതേപടി നിലനിർത്താം എന്ന ഗുണവുമുണ്ട്. വെറുതെ ക്ലിയർ പോളിഷ് അടിച്ചാൽ മതി. സീലിങ്ങിനു യോജിക്കുന്ന വിധത്തിൽ നിലം കൂടി സിമന്റ് ഫിനിഷിലാകുമ്പോൾ വീടിനു ഭംഗി കൂടും എന്നതാണ് ഇപ്പോഴത്തെ തലമുറ വിശ്വസിക്കുന്നത്.
പുതിയ പ്രോജക്ടുകളിൽ മാത്രമല്ല സ്വന്തം ഓഫിസിൽത്തന്നെ സിമന്റ് ഫ്ലോർ ചെയ്തതിനെക്കുറിച്ചു ചോദിക്കുമ്പോൾ ആർക്കിടെക്ട് ബിജു ബാലന്റെ മറുപടി ഇങ്ങനെ, ‘‘ പ്രകൃതിദത്തമായ ഒരു പരുക്കൻ സ്വഭാവമുണ്ട് സിമന്റ് നിലത്തിന്. ടൈലോ ഗ്രാനൈറ്റോ പോലെ കണ്ണാടിത്തിളക്കമല്ല, മാറ്റ് ഫിനിഷാണ് കിട്ടുന്നത്. കാഴ്ചയിൽ തനിമയും പ്രത്യേക ഭംഗിയുമുണ്ട്.’’ വെട്ടുകല്ലിനോടും ഇഷ്ടികയോടുമെല്ലാം നന്നായി ചേർന്നുപോകും എന്നതാണ് സിമന്റ് നിലത്തിന്റെ മറ്റൊരു മേന്മ.

ഓക്സൈഡ് പോലെ
ഓക്സൈഡ് നിലം ചെയ്യുന്ന അതേ രീതിയിൽത്തന്നെയാണ് സിമന്റ് നിലവും നിർമിക്കുന്നത്. നിശ്ചിത അനുപാതത്തിൽ സിമന്റ്, മണൽ, ചരൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പ്രതലം ഒരുക്കുകയാണ് ആദ്യത്തെ ഘട്ടം. അടുത്ത പടിയായി അരിച്ച മണൽ ഉപയോഗിച്ച് കനം കുറഞ്ഞ ഒരു പാളി നിർമിക്കുന്നു. അതിനു മുകളിൽ സാധാരണ പോർട്‌ലാൻഡ് സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ലെയർ ചെയ്ത് കരണ്ടി ഉപയോഗിച്ച് മിനുസപ്പെടുത്തി എടുക്കുന്നു.

ADVERTISEMENT

നിരപ്പായ പ്രതലത്തിൽ ഓർഡിനറി പോർട്‌ലാൻഡ് സിമന്റിന്റെയും വൈറ്റ് സിമന്റിന്റെയും മിശ്രിതം വളരെ സൂക്ഷ്മമായി തേച്ചുപിടിപ്പിച്ച് കരണ്ടി ഉപയോഗിച്ച് മിനുക്കുകയാണ് അവസാനഘട്ടം. കരണ്ടി ഉപയോഗിച്ച് മിനുസപ്പെടുത്തുന്നതിലാണ് സിമന്റ് ഫ്ലോറിന്റെ ഭംഗി ഇരിക്കുന്നത്. കൈകൊണ്ട് മിനുസപ്പെടുത്തുകയാണെങ്കിൽ സമയമെടുക്കും. പക്ഷേ, ഭംഗി കൂടുതലാണ്. മാർബിൾ പോളിഷ് ചെയ്യുന്ന മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്യുകയുമാകാം.

Floor2

സിമന്റ് നിലത്തിനും ക്യുവറിങ് വളരെ പ്രധാനമാണ്. പതിനാല് ദിവസം വെള്ളം നനച്ചിടുന്നത് വിള്ളലുകൾ ഒഴിവാക്കാൻ സഹായിക്കും. സിമന്റിന്റെയും മണലിന്റെയും ഗുണമേന്മയാണ് നിലത്തിന്റെ സൗന്ദര്യത്തിന്റെയും ഫിനിഷിന്റെയും മറ്റൊരു മാനദണ്ഡം.
പല സിമന്റിനും നിറത്തിൽ വ്യത്യസ്തത കാണും. ചില സിമന്റിന് നിറം കൂടുതലായിരിക്കും, ചിലത് വെള്ളയോടു ചേർന്നു നിൽക്കും. ഓരോരുത്തരുടെയും താൽപര്യമനുസരിച്ചു സിമന്റിന്റെ ബ്രാൻഡ് തിരഞ്ഞെടുക്കാം.

ADVERTISEMENT

ചെലവു കൂട്ടാം, കുറയ്ക്കാം
സാധാരണരീതിയിൽ സിമന്റ് നിലമൊരുക്കാൻ ചെലവു കുറവാണ്. അതായത്, മെറ്റീരിയൽ കോസ്റ്റ് താരതമ്യേന കുറവാണ്. എന്നാൽ പണിക്കൂലിയിനത്തിലാണ് ചെലവ് കൂടുന്നത്. അതായത് കൈകൊണ്ട് പോളിഷ് ചെയ്യുമ്പോൾ കൂടുതൽ സമയമെടുക്കും. ചതുരശ്രയടിക്ക് 80–100 രൂപ പണിക്കൂലിയിനത്തിൽ ചെലവാകും. നിലം മാത്രമല്ല, ഭിത്തിയും ഇൻബിൽറ്റ് ഫർണിച്ചറും ഗോവണിയുമൊക്കെ ഇത്തരത്തിൽ ഒന്നാന്തരം സിമന്റ് നിലമാക്കിമാറ്റാമെന്ന് സിമന്റ് നിലം നിർമിക്കുന്നതിൽ വിദഗ്ധനായ പന്തീരാങ്കാവ് സ്വദേശി സത്യൻ പറയുന്നു.

ഒറ്റ നിലമാക്കിയിടുന്നതിനോടു താൽപര്യമില്ലെങ്കിൽ ഗ്ലാസ് റോഡുകളോ സ്പേസറോ ഇട്ട് ടൈലിട്ടപോലെ കള്ളികളാക്കി തിരിക്കാം. ടൈൽ അല്ലെങ്കിൽ സ്ലാബ് വലുപ്പത്തിൽ ഇങ്ങനെ തിരിക്കുന്നതും അല്പം അധ്വാനമുള്ള പണിയാണ്. ടൈൽ അല്ലെങ്കിൽ സ്ലാബ് വലുപ്പത്തിൽ അടയാളപ്പെടുത്തി, സിമന്റ് ഉണങ്ങുന്നതിനു പകരം മാനുവൽ ആയി മുറിച്ചുമാറ്റുന്ന പതിവുമുണ്ട്. ഇതും പണിക്കൂലി കൂട്ടുന്ന കാര്യമാണ്.
ഓക്സൈഡ് പണി അറിയാവുന്ന നാടൻ പണിക്കാർ തന്നെ വേണം സിമന്റ് ഫ്ലോർ ചെയ്യാനും. വിദഗ്ധരായ പണിക്കാരുടെ കുറവാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം.  

ADVERTISEMENT
The Raw Charm of Cement Floors: A Modern Interior Design Trend:

The latest trend in home decoration is maintaining the authenticity of building materials, with cement floors gaining popularity for their natural, matte finish. This modern approach embraces the raw texture and color of cement, offering a unique aesthetic that complements various architectural styles and materials.