സുഖകരമായി വിശ്രമിക്കാനും ഒന്ന് മയങ്ങാനും നേരമ്പോക്ക് പറഞ്ഞിരിക്കാനും ആർക്കാണ് ഇഷ്ടമല്ലാത്തത്? അതും സ്വന്തം വീട്ടിൽ ആകുമ്പോൾ ഏറ്റവും ആസ്വാദ്യകരമായി ഇരിക്കാനാണ് എല്ലാരുടെയും ആഗ്രഹം. അത് ഉറപ്പാക്കാനുള്ള ഫർണിച്ചറും മറ്റു സജ്ജീകരണങ്ങളും അതുപോലെ തന്നെ ആസ്വാദ്യകരമായിരിക്കണം എന്നു മാത്രം.
Ergonomics എന്ന വാക്കിന്റെ അർഥം തന്നെ മനുഷ്യരുടെ അളവുകോലുകൾക്കും സൗകര്യങ്ങൾക്കും അനുസരിച്ചുള്ള നിർമിതി എന്നാണ്. ഓരോ പ്രവൃത്തിയും മികവാർന്ന രീതിയിൽ ചെയ്യാൻ ഉണ്ടാക്കപ്പെട്ടവയാണ് Ergonomic ഫർണിച്ചർ. വിപണിയിൽ ലഭ്യമായ അത്തരം കുറച്ചു ഫർണിച്ചർ പരിചയപ്പെട്ടാലോ...
ഓഫിസ് ചെയർ
െഎടി മേഖലയിൽ ജോലി നോക്കുന്ന പലർക്കും ‘വർക് ഫ്രം ഹോം’ സാധാരണമാണ്. അപ്പോൾ മണിക്കൂറുകളോളം കംപ്യൂട്ടറിന്റെയോ ലാപ്ടോപിന്റെയോ മുന്നിൽ ചെലവിടേണ്ടി വരും. കഴുത്തിനും നടുവിനും കൈകാലുകൾക്കും നല്ല താങ്ങുകൊടുക്കാൻ ഇത്തരം കസേരകൾക്ക് കഴിയും. അവയിൽ ചക്രം കൂടി പിടിപ്പിച്ചവ ഉപയോഗിച്ചാൽ കസേര നിരക്കിനീങ്ങാനും സാധിക്കും.
ഇസി ചെയർ
പഴയ ചാരുകസേരയ്ക്ക് സമാനമായ ഇവ ഉയരം കുറഞ്ഞതും നിവർന്നു കിടക്കാൻ സൗകര്യപ്രദമായതുമാണ്. ബാൽക്കണിയിലും സിറ്റ്ഔട്ടിലും സൗകര്യപ്രദമായിരുന്ന് പുസ്തകം വായിക്കാനോ പത്രം വായിക്കാനോ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഒരു കോഫി കുടിക്കാനോ ഒക്കെ അനുയോജ്യമാണ് ഇൗസി ചെയറുകൾ.
ലൗഞ്ച് ചെയർ
നിവർന്ന് ഇരുന്നു കൊണ്ട് കൈകൾ താങ്ങി സൗകാര്യപ്രദമായി ഇരിക്കാൻ കഴിയുന്ന ഇവ അതിഥികളെ സ്വീകരിക്കാനും സംഭാഷണവേളകൾക്കും ഏറ്റവും അനുയോജ്യമായവയാണ്.
റിക്ലൈനർ ആംചെയർ
സൗകര്യപ്രദമായി കാലു നീട്ടി വച്ച് ഇരിക്കാൻ കഴിയുന്ന കസേരകളാണ് ഇവ. ഇത്തരം കസേരകൾ അപ്ഹോൾസ്റ്ററിയോട് കൂടിയതും കൈകൾക്കും നടുവിനും കഴുത്തിനും കാലുകൾക്കും ഒക്കെ സുഖകരമായ താങ്ങ് നൽകുന്നതുമാണ്. ഉറക്കം വരുമ്പോൾ താഴെയുള്ള, മടക്കി വച്ച ഭാഗം നിവർത്തി കാലുകൾ അനായാസമായി നീട്ടിവച്ച് ഒരു മയക്കവും പാസാക്കാം. ഇത്തരത്തിൽ കൂടുതൽ പേർക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന സോഫകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ലെതർ, faux ലെതർ, റെക്സിൻ, വെൽവെറ്റ് എന്നീ ഫിനിഷുകളിൽ ഇവ ലഭ്യമാകും.
ഒട്ടോമാൻ
ഉയരം കുറഞ്ഞ, വളരെ അനൗപചാരികമായും സൗകര്യപ്രദമായും ഇരിക്കാനും കാലു വയ്ക്കാനുമുള്ള കുഞ്ഞൻ ഇരിപ്പിടങ്ങളാണ് ഇവ. വളരെ കട്ടിയുള്ള കുഷൻ ഉള്ളതുകൊണ്ട് ഇരിപ്പ് സൗകര്യപ്രദമാകും. അധികം ആളുകൾ വരുമ്പോൾ ഇരിക്കാനും ചിലപ്പോഴൊക്കെ സ്റ്റോറേജ് സൗകര്യത്തിനുമെല്ലാം ഒട്ടോമാൻ ഉപയോഗിക്കാറുണ്ട്.