പുതിയ വീടുകളിലൊക്കെ അകത്തു കയറുമ്പോൾത്തന്നെ ഒരു പ്രത്യേക തെളിച്ചം അനുഭവപ്പെട്ടിട്ടുണ്ടോ? നന്നായി കാറ്റും വെളിച്ചവും കയറുന്ന ഡിസൈൻ ആയതുകൊണ്ടുമാത്രമല്ല ഇത്. ആർട്ടിഫിഷ്യൽ ലൈറ്റിങ് നന്നായി ചെയ്തിട്ടുണ്ടാകും ഇത്തരം വീടുകളിൽ. പല ആകൃതിയിലുള്ള ഫോൾസ് സീലിങ്ങോ പലനിറമുള്ള ലൈറ്റുകളോ ഒന്നും ഇതിന് ആവശ്യമില്ല. ലളിതമായ ഫോൾസ് സീലിങ്ങും വെളിച്ചം എവിടെ നിന്നെല്ലാം കൊടുക്കണം എന്ന സാമാന്യജ്ഞാനവും മതി. ഇതൊക്കെ പഴയ വീടുകളിലും ചെയ്യാനും അകത്തളത്തിലെ അന്തരീക്ഷം അടിമുടി മാറ്റാനും കഴിയും.
പണ്ടൊക്കെ വെളിച്ചം കിട്ടാനാണ് ലൈറ്റിങ് ചെയ്തിരുന്നതെങ്കിൽ ഇന്ന് അതിനൊപ്പം വീടിനെ ഭംഗിയാക്കുന്ന ഘടകം കൂടിയാണ് ലൈറ്റിങ്.ഒരു മുറിയിൽ തന്നെ പലതരം ലൈറ്റിങ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഇപ്പോൾ ചെറിയ സ്ഥലങ്ങളില്‍ വീടുവയ്ക്കുന്നത് സാധാരണമാണല്ലോ. ചുറ്റുപാടും വീടുകളുമുണ്ടാകും. അങ്ങനെയുള്ളപ്പോൾ പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്നതിന് പരിധിയുണ്ടാകും. കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുകയേ രക്ഷയുള്ളൂ. അതിനാൽ കൃത്രിമ വെളിച്ചത്തിന്റെ പ്രാധാന്യം കൂടി.
ഫോൾസ് സീലിങ്
ലൈറ്റിങ്ങിന്റെ പ്രധാന ഘടകമായി മാറി ഫോൾസ് സീലിങ്. കാരണം, ഇന്ന് പ്രധാനമായും ഫോൾസ് സീലിങ് നൽകുന്നതിന്റെ ഉദ്ദേശ്യം ലൈറ്റിങ് ആണ്. ഈ സീലിങ്ങിൽ ചെറിയ പാറ്റേൺ വർക്ക് ചെയ്യുന്നത് ഇന്റീരിയറിന്റെ ഭംഗി കൂട്ടാൻ ഉപകരിക്കുന്നു. ഫോൾസ് സീലിങ്ങിൽ അലങ്കാരങ്ങൾ കൂടി ബഹളമയമാകാതിരിക്കാൻ ശ്രദ്ധിക്കുക. ലൈറ്റിങ് തന്നെ ഒരു ഭംഗിയാണ്. അതിനെ പിന്താങ്ങുന്ന തരത്തിലുള്ള മോടി പിടിപ്പിക്കലുകൾ മതി ഫോൾസ് സീലിങ്ങിൽ.
എൽഇഡി പ്രൊഫൈൽ
ലൈറ്റിങ്ങിൽ ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ട്രെൻഡ് ആണ് എൽഇഡി പ്രൊഫൈൽ ലൈറ്റിങ്. ഏതൊരു ജ്യാമിതീയ ആകൃതിയിലും നീളത്തിലും നൽകാവുന്ന ‘ലീനിയർ ലൈറ്റ്’ ആണിത്. വളഞ്ഞ പ്രതലത്തിലും ഡബിൾ ഹൈറ്റിലുമെല്ലാം ഇതു നൽകാൻ സാധിക്കും.
ഹാങ്ങിങ് ലൈറ്റ്
നേരത്തെ വീടിനലങ്കാരം ഷാൻഡ്‌ലിയർ ആയിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനം ഹാങ്ങിങ് ലൈറ്റ് കൈക്കലാക്കി. ഷാൻഡ്‌ലിയറിൽ വെളിച്ചം ക്രിസ്റ്റലുകളിൽ തട്ടി പ്രതിഫലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഹാങ്ങിങ് ലൈറ്റിൽ വെളിച്ചം നേരിട്ടു ലഭിക്കുന്നു. ഡൈനിങ്, ബ്രേക്ഫാസ്‌റ്റ് കൗണ്ടർ, സൈഡ് ടേബിൾ എന്നിവിടങ്ങളിലാണ് ഹാങ്ങിങ് ലൈറ്റ് കൂടുതലായും ഉപയോഗിക്കുന്നത്. സ്റ്റെയർകെയ്സ് ഏരിയ, കോർണർ എന്നിവയ്ക്കു ഭംഗിയേകാനും ഹാങ്ങിങ് ലൈറ്റ് അഥവാ പെൻഡന്റ് ലൈറ്റിനെ കൂട്ടുപിടിക്കാറുണ്ട്.
ലാളിത്യം പ്രധാനം

ലൈറ്റ് ഫിക്സ്ചർ, ലാംപ് ഷെയ്ഡ് എന്നിവയെല്ലാം പണ്ട് അലങ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് വെളിച്ചം തന്നെ അലങ്കാരമായി മാറിയതിനാൽ ഇവയെല്ലാം വളരെ ലളിതമാക്കുക എന്നതാണ് ഡിസൈൻ നയം. മാത്രമല്ല, വൃത്തിയാക്കാനും ഇതാണ് എളുപ്പം. മിനിമലിസത്തിന്റെ കടന്നുവരവോടെ ലാംപ് ഷെയ്ഡും ‘സ്ലീക്ക് ലുക്കി’ലേക്കു മാറി. എന്നാൽ ലക്ഷ്വറി ഇന്റീരിയർ, വിക്ടോറിയൻ ശൈലിയിലുള്ള ഇന്റീരിയർ എന്നിവയ്ക്കൊക്കെ ആഡംബരമാകാം.
ട്രാക്ക് ലൈറ്റ്
വാണിജ്യ സ്ഥാപനങ്ങളിൽ കണ്ടുവന്നിരുന്ന ട്രാക്ക് ലൈറ്റിങ് ഇപ്പോൾ വീടുകളിലേക്കും ചേക്കേറി. ഒരു ചാനലിനുള്ളിൽ പലയിടത്തായി ഒന്നിൽ കൂടുതൽ ലൈറ്റ് നൽകുന്ന ട്രാക്ക് ലൈറ്റിങ്ങിന് ആരാധകരേറെയാണ്. പല നിറത്തിൽ, പല ദിശയിൽ വെളിച്ചം നൽകാമെന്നതാണ് ഗുണം.
സ്രോതസ്സ് അപ്രസക്തം
ലൈറ്റിങ് സ്രോതസ്സ് അപ്രസക്തമായി മാറി എന്നതാണ് ഈയടുത്ത കാലത്ത് ലൈറ്റിങ്ങിലുണ്ടായ ഏറ്റവും വലിയ വിപ്ലവം. വെളിച്ചം കിട്ടിയാൽ മതി, അതിന്റെ ഉറവിടം കാണേണ്ട ആവശ്യമില്ല എന്നതാണ് പുതിയ നയം. അതിന്റെ ഭാഗമായാണ് സീലിങ് ലൈറ്റ് പ്രചാരത്തിലായത്.ഫോൾസ് സീലിങ് ചെയ്ത് ലൈറ്റ് നൽകുകയോ വാർക്കുമ്പോൾ തന്നെ ലൈറ്റിങ്ങിനുള്ള പോയിന്റുകൾ നൽകുകയോ ചെയ്യാം. ഏതിടത്തിനും ഈ ലൈറ്റിങ് അനുയോജ്യമാണ്. റിസസ്ഡ് ലൈറ്റിങ് എന്നാണ് ഇതറിയപ്പെടുന്നത്.
വാം ലൈറ്റ്
കൂൾ, ന്യൂട്രൽ, വാം എന്നിങ്ങനെ മൂന്നുതരം ലൈറ്റ് ആണുള്ളത്. വെള്ള നിറമാണ് കൂൾ ലൈറ്റിന്. നേരിയ മഞ്ഞ കലർന്ന വെള്ള നിറമാണ് ന്യൂട്രൽ ലൈറ്റിന്. ഇന്റീരിയറിൽ കൂടുതലും നൽകി വരുന്നത് ‘വാം ലൈറ്റ്’ ആണ്. സുഖദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനൊപ്പം രാജകീയ പരിവേഷം നൽകുകയും ചെയ്യുന്നു. ഗോൾഡൻ നിറത്തിന് ‘വാം ലൈറ്റിൽ’ പ്രത്യേക എടുപ്പു കിട്ടുന്നു.