ചെലവു കുറഞ്ഞ മൂന്ന് ഫ്ലോറിങ് മെറ്റീരിയലുകൾ, ഗുണത്തിൽ കുറവൊട്ടുമില്ല Costeffective Flooring Materials
Mail This Article
അൽപം ശ്രദ്ധിച്ചാൽ ഫ്ലോറിങ്ങിന്റെ ചെലവ് നിയന്ത്രിക്കാനാകും. ഗുണനിലവാരത്തിലും ഭംഗിയിലും വിട്ടുവീഴ്ച ചെയ്യാതെ ചെലവു കുറയ്ക്കാൻ സഹായിക്കുന്ന മെറ്റീരിയലുകൾ ലഭ്യമാണെന്നതാണ് ഫ്ലോറിങ്ങിന്റെ പ്രത്യേകത.
ടൈൽ
ഫ്ലോറിങ്ങിൽ ചെലവു കുറഞ്ഞ മെറ്റീരിയലുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ടൈൽ ആണ്. ചതുരശ്രയടിക്ക് 30 രൂപ മുതൽ ടൈൽ ലഭ്യമാണ്. വിട്രിഫൈഡ്, സെറാമിക് എന്നിങ്ങനെ രണ്ടു തരമാണ് ടൈലുകൾ. കളിമണ്ണ് ഉപയോഗിച്ച് നിർമിക്കുന്നതാണ് സെറാമിക് ടൈൽ. കളിമണ്ണിനൊപ്പം ഉറപ്പു നൽകുന്ന വസ്തുക്കൾ, പലതരം ധാതുക്കൾ എന്നിവ ചേർത്താണ് വിട്രിഫൈഡ് ടൈൽ നിർമിക്കുന്നത്. മാറ്റ്, ഗ്ലോസി, സാറ്റിൻ തുടങ്ങിയ ഫിനിഷുകളിലാണ് പൊതുവേ ഡിസൈനുകൾ വരുന്നത്. ഗ്രാനൈറ്റ്, മാർബിൾ, തടി, കൃത്രിമവും പ്രകൃതിദത്തവുമായ കല്ലുകൾ, തറയോട് തുടങ്ങി എന്തിനും പകരം വയ്ക്കാൻ ഇന്നു ടൈലിനു സാധിക്കും. കാരണം, കുറഞ്ഞ വിലയിൽ ഈ ഫിനിഷുകളെല്ലാം ടൈലിൽ ലഭിക്കും.
12 x 8, 10 x 4 അടി തുടങ്ങി വലുപ്പം കൂടിയ സ്ലാബ് സൈസിലുള്ള ടൈലും വാങ്ങാൻ കിട്ടും. ജോയിന്റുകൾ കുറവാണ്, വൃത്തിയാക്കാൻ എളുപ്പം എന്നതാണ് സ്ലാബ് സൈസിലുള്ള ടൈലിന്റെ മെച്ചം. സ്റ്റെയർകേസിലും അടുക്കളയുടെ കൗണ്ടർടോപ്പിലും വരെ ഇന്ന് ടൈൽ നൽകുന്നു. അരിക് ഉരുട്ടിയ ടൈൽ ലഭിക്കുമെന്നതും സ്റ്റെയർകേസിന് ടൈൽ ഇടുമ്പോൾ ചെലവിൽ ഗണ്യമായ വ്യത്യാസം വരുത്തുന്നു.
കോൺക്രീറ്റ് ഫിനിഷ്
സിമന്റ് ഫിനിഷിൽ തറയൊരുക്കുന്നതും ചെലവ് കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ഇപ്പോൾ ട്രെൻഡും കൂടിയാണ്. കോൺക്രീറ്റ് തറയിൽ സിമന്റ് ചാന്ത് തേച്ച് പോളിഷ് ചെയ്യുന്നു. അത്രയേയുള്ളൂ പരിപാടി. അതിനു മുകളിൽ പ്രത്യേകമായി ഒരു ഫ്ലോറിങ് മെറ്റീരിയലും നൽകുന്നില്ല. ചതുരശ്രയടിക്ക് 18 രൂപ മുതലാണ് ചെലവു വരിക. ഇളം ചാരനിറമായിരിക്കും. കഴുകി വൃത്തിയാക്കാനും എളുപ്പമാണ്.
തറയോട്
അന്നും ഇന്നും വില കുറഞ്ഞ ഫ്ലോറിങ് തേടുന്നവർക്കുള്ള ഉത്തരമാണ് തറയോട്. ക്ലേ കൊണ്ട് നിർമിക്കുന്ന തറയോടുകൾ ആരോഗ്യത്തിനു നല്ലതാണ്. വെള്ളം വലിച്ചെടുക്കുന്നതിനാൽ കറ പിടിക്കാൻ സാധ്യതയുണ്ടെന്നതാണ് ദോഷം. പോളിഷ് ചെയ്ത് ഉപയോഗിച്ചാൽ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. ഷഡ്ഭുജം, ചതുരം എന്നീ ആകൃതികളിൽ ലഭിക്കും. 6 x 6, 8 x 8, 12 x 12, 16 x 16, 4 x 8, 8 x 12, 20 x 20 ഇഞ്ച് തുടങ്ങി പല അളവുകളിൽ ലഭിക്കും. ചതുരശ്രയടിക്ക് 25 രൂപ മുതലാണ് വില.