‘പ്ലേറ്റ്, കപ്പ്, മഗ്, വോൾ ആർട്... കൈകൊണ്ട് നിര്‍മിച്ച ഉൽപന്നങ്ങൾ ക്ലിക്കായി’; സെറാമിക്കിൽ വിജയഗാഥയുമായി അനു ചീരൻ The Art of Ceramic Design by Anu
Mail This Article
സെറാമിക്കിൽ കവിത വിരിയിക്കുന്ന അനു ഡിസൈനിങ്ങിനോടുള്ള ഇഷ്ടം മൂത്താണ് ഈ രംഗത്തേക്ക് എത്തുന്നത്. തൃശൂർ സ്വദേശിയായ അനു ചീരൻ NIFT ചെന്നൈ, NID അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഡിസൈനിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സ്വന്തമായി പോട്ടറി സ്റ്റുഡിയോ തുടങ്ങുന്നത്.
പ്രകൃതിയിൽ നിന്ന് പ്രചോദനം
ബിരുദം കഴിഞ്ഞയുടൻ രണ്ടു വർഷം ലെതർ ബ്രാൻഡിനു വേണ്ടി ജോലി ചെയ്തിരുന്നു. ഒരു വർഷം പോണ്ടിച്ചേരിയിലെ ഓറോവില്ലില്‍ സെറാമിക്കിൽ നിർമാണപരിചയവും നേടി. സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് ‘ദ് ലിറ്റിൽ ഗോൾഡ് ഫിഷ്’ എന്ന സ്ഥാപനത്തിനു പിന്നിൽ. ആറ് വർഷമായി തൃശൂരിൽ ഈ സ്ഥാപനം ആരംഭിച്ചിട്ട്.
കൈകൊണ്ടാണ് അനു ഉൽപന്നങ്ങൾ നിർമിക്കുന്നത്. നെയിം ബോർഡ്, പ്ലേറ്റ്, കപ്പ്, മഗ്, വോൾ ആർട് തുടങ്ങിയ ഹോം ഡെക്കർ ഉൽപന്നങ്ങളും ആഭരണങ്ങളുമാണ് അനുവിന്റെ കരവിരുതിൽ വിരിയുന്നത്. ആവശ്യാനുസരണമാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ചിത്രശലഭങ്ങൾ, തുമ്പികൾ തുടങ്ങി അനുവിന്റെ ഡിസൈനുകൾ കൂടുതലും പ്രകൃതിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടവയാണ്.
ചെറിയ സെറാമിക് ടൈലുകളും അനു നിർമിക്കുന്നുണ്ട്. ഇന്റീരിയറിൽ ഹൈലൈറ്റ് ചെയ്യാനുള്ള ഇടങ്ങളിലേക്ക് ഇവ യോജിക്കും. ഉദാഹരണത്തിന് കണ്ണാടി, നെയിംബോർഡ് എന്നിവയ്ക്കു ചുറ്റും വയ്ക്കാം. വീടുകൾ, റിസോർട്ടുകൾ, കഫേ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ഉൽപന്നങ്ങൾ ചെയ്തു നൽകുന്നുണ്ട്.
കാലാവസ്ഥാ വൃതിയാനങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് സെറാമിക്കിന്റെ മേന്മയെന്ന് അനു അഭിപ്രായപ്പെടുന്നു. 500 രൂപ മുതലാണ് ഉൽപന്നങ്ങളുടെ വില. 100 പീസ് ചെയ്യാൻ നാല് മാസത്തോളം എടുക്കും. thelittlegoldfish എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉൽപന്നങ്ങളുടെ വിശേഷങ്ങളറിയാം. ഓൺലൈൻ വഴി ചെറിയ തോതിലുള്ള വിൽപനയേ ഉള്ളൂ. നേരിട്ടുള്ള വിൽപനയാണ് അനു കൂടുതലും ഇഷ്ടപ്പെടുന്നത്. വാങ്ങുന്നവരുമായി നേരിട്ട് സംസാരിച്ച് ആവശ്യങ്ങൾ മനസ്സിലാക്കാം എന്നതാണ് ഗുണം. അപ്പോൾ കസ്റ്റമൈസ് ചെയ്യാൻ കൂടുതൽ എളുപ്പമായിരിക്കും
