ബോറടിപ്പിക്കാത്ത, ഞങ്ങളെ തിരിച്ചറിയുന്ന വീട് വേണം; ഇതായിരുന്നു വീടിന്റെ വൺലൈൻ സ്റ്റോറി
Mail This Article
വഴിക്കിരുവശവും സ്കൂൾ അസംബ്ലിക്ക് കുട്ടികൾ നിൽക്കുന്നതുപോലെ നിരനിരയായി വീടുകൾ. അതിലെ വേറിട്ട കുട്ടിയാണ് ‘പാർത്ഥിപം’; എഫ്എം റേഡിയോയിൽ ക്രിയേറ്റീവ് ഡയറക്ടറായ പ്രവീൺ എസ്. ചെറുതറയുടെയും കോളജ് അധ്യാപികയായ അനുവിന്റെയും മകൻ പാർത്ഥന്റെയും വീട്.
ജോലിസംബന്ധമായി കൊച്ചിയിൽ സ്ഥിരതാമസമാക്കേണ്ടി വന്നതിനാലാണ് പ്രവീണും അനുവും തൃപ്പൂണിത്തുറ പേട്ടയിൽ അഞ്ച് സെന്റ് വാങ്ങിയത്. ഇടിച്ചുകയറി വർത്തമാനം പറയുന്ന കൂട്ടത്തിലല്ല രണ്ടുപേരും. ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നവർ. ‘ബോറടിപ്പിക്കാത്ത, ഞങ്ങളെ തിരിച്ചറിയുന്ന വീട് വേണം’ എന്നതായിരുന്നു അവർ ആർക്കിടെക്ട് നിരഞ്ജൻ ദാസ് ശർമയ്ക്ക് നൽകിയ ‘വൺ ലൈൻ സ്റ്റോറി’. മുറ്റത്തുകൂടി നടക്കാനും, തുറസായ സ്ഥലത്ത് ഇരുന്ന് വായിക്കാനും എഴുതാനുമുള്ള സൗകര്യങ്ങൾ, മൂന്ന് കിടപ്പുമുറികൾ, ചുമരുകൊണ്ട് വീർപ്പുമുട്ടിക്കാത്ത അന്തരീക്ഷം...ഇവയൊക്കെ ആയിരുന്നു ആവശ്യങ്ങളുടെ രണ്ടാംഘട്ടം.
രണ്ട്, വേണ്ടിവന്നാൽ മൂന്ന് കാർ വരെ പാർക്ക് ചെയ്യാനുള്ള സ്ഥലം മുന്നിൽ ഒഴിച്ചിട്ടാണ് നിരഞ്ജൻ വീടിനു സ്ഥാനം കണ്ടത്. താമസിച്ചു തുടങ്ങിയപ്പോഴാണ് ഇതിന്റെ പ്രയോജനം ബോധ്യമായതെന്ന് പ്രവീൺ പറയുന്നു.
പക്ഷേ, ഇതല്ല വീട്ടിലെ സർപ്രൈസ്. അതു കാണാൻ ഉള്ളിലേക്ക് കയറണം. ലിവിങ്ങിനും ഡൈനിങ്ങിനും പുറംഭിത്തിയില്ല! പുറത്തക്ക് തുറന്ന നിലയിലാണ് രണ്ടിടവും. മതിലിന് പൊക്കം കൂട്ടി സൺഷേഡിൽ നിന്ന് മതിലിന് മുകളിലേക്ക് ഇരുമ്പ് ഗ്രിൽ ഇട്ടാണ് ഇവിടം തയാറാക്കിയത്. രണ്ടറ്റവും കട്ടകെട്ടി അടച്ച് സുരക്ഷിതമാക്കുകയും ചെയ്തു. അതോടെ രണ്ടുവശത്തും ഒഴിച്ചിട്ട സ്ഥലം കൂടി വീടിന്റെ ഭാഗമായി. കൊതുക് കയറാതിരിക്കാൻ ഗ്രില്ലിന് മുകളിൽ വലയും പിടിപ്പിച്ചു. പഴയ ഇഷ്ടിക സംഘടിപ്പിച്ചാണ് ഈ ഭാഗത്ത് മതിൽ കെട്ടിയത്.
‘ആവശ്യം സൃഷ്ടിയുടെ മാതാവ്’ എന്ന ചൊല്ലിന് തെളിവാണ് ലിവിങ്ങിനും ഡൈനിങ്ങിനും മധ്യത്തിലുള്ള സ്റ്റെയർകേസ്. ഇതാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. സ്റ്റീൽ ഫ്രെയിമിൽ മഞ്ഞ പെയിന്റ് അടിച്ചാണ് ‘സ്ട്രെയിറ്റ് ലൈൻ സ്റ്റെയർ’ തയാറാക്കിയത്.
സാധാരണ സ്റ്റെയറിന് കുറഞ്ഞത് 20 പടികളെങ്കിലും ഉണ്ടാകും. ലാൻഡിങ് സ്പേസും കാണും. എന്നാൽ, ഇവിടെ 12 പടികളേ ഉള്ളൂ. പെട്ടെന്ന് മുകളിലെത്താം ലാൻഡിങ് സ്പേസ് ഇല്ലാതെ സ്ട്രെയിറ്റ് ലൈൻ ഡിസൈനിലാണ് സ്റ്റെയർ. അതുകാരണം സ്ഥലവും നഷ്ടമായില്ല.
ഡൈനിങ്ങിനും അടുക്കളയ്ക്കും ഇടയിൽ ഇരിക്കാനും മറ്റും സൗകര്യത്തിന് മൂന്ന് കോൺക്രീറ്റ് പടി നൽകി അവിടെ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് സ്റ്റെയർ ഒരുക്കിയത്. സ്റ്റെയർ വിശേഷം ഇതുകൊണ്ട് തീരുന്നില്ല. രണ്ടുനില വീടിന്റെ ‘മിഡ് ലെവൽ’ സ്റ്റഡി സ്പേസിലേക്കാണ് സ്റ്റെയർ എത്തുന്നത്. ഇവിടെ നിന്ന് മൂന്ന് പടി കയറി വേണം രണ്ടാംനിലയിലെ മാസ്റ്റർ ബെഡ്റൂമിലേക്ക് എത്താൻ.
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞിരുന്ന് പഠിക്കാൻ കഴിയുമെന്നതും മാതാപിതാക്കളുടെ ശ്രദ്ധ എത്തുമെന്നതുമാണ് മിഡ് ലെവലിൽ സ്റ്റഡി സ്പേസ് ഒരുക്കിയതു കൊണ്ടുളള മെച്ചം.
സ്റ്റഡി സ്പേസിൽ നിന്നും കിഡ്സ് ബെഡ്റൂമിലേക്കുള്ള പാലമാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. മൈൽഡ് സ്റ്റീൽ ഫ്രെയിമിൽ തടിപ്പലകകൾ ഉറപ്പിച്ചു നിർമിച്ച ഈ പാലത്തിൽ നിന്നാൽ ഡബിൾ ഹൈറ്റിലുള്ള ലിവിങ് സ്പേസും താഴത്തെ നിലയും കാണാം.
മുറ്റം വേണമെന്ന വീട്ടുകാരുടെ ആഗ്രഹത്തിനും ആർക്കിടെക്ട് ടീം മുടക്കം വരുത്തിയില്ല. താഴെ സ്ഥലം ഇല്ലാത്തതിനാൽ രണ്ടാംനിലയിൽ ഇടം കണ്ടെത്തി. നീളത്തിൽ രണ്ടാംനിലയുടെ പകുതി ഇതിനായി മാറ്റിവച്ചു. നടക്കാനും വ്യായാമം ചെയ്യാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. വശങ്ങളിൽ ചെടികളും വള്ളിച്ചെടികളും പിടിപ്പിച്ച് ലാൻഡ്സ്കേപ്പും ഒരുക്കി. സ്വസ്ഥമായി ഇരുന്ന് വായിക്കാനും എഴുതാനുമൊക്കെയായി ക്രിയേറ്റീവ് സ്പേസും ഇവിടെ ക്രമീകരിച്ചു. ഇതിനു മുകളിൽ മാത്രം മേൽക്കൂര നൽകി. ബാക്കിയിടങ്ങളിൽ വീഴുന്ന മഴയും പൊഴിയുന്ന നിലാവും വീട്ടിനുള്ളിലിരുന്നും ആസ്വദിക്കാം.
സ്വപ്നങ്ങൾ പൂവിടാൻ ഇത്തിരി സ്ഥലം മതി. പാർത്ഥിടം കാണുമ്പോൾ അതു ബോധ്യമാകും.
ചിത്രങ്ങൾ: ഫ്രാൻസിസ് ഇമ്മാനുവൽ
Area: 1560 sqft
Owner: പ്രവീൺ എസ്. ചെറുതറ & അനു
Location: തൃപ്പൂണിത്തുറ, കൊച്ചി
Design: RGB Architecture Studio കൊച്ചി
Email: architecture.rgb@gmail.com