കുടിവെള്ളം സൂക്ഷിക്കുന്ന ടാങ്ക് ഇടയ്ക്കിടെ കഴുകാറില്ലേ? റിസ്ക് എടുക്കരുത് കുടുംബത്തിന്റെ ആരോഗ്യമാണ് ... How Often Should You Clean Your Water Tank?
Mail This Article
വീട് ഉണ്ടാക്കിയിട്ടാൽ മാത്രം പോരാ, കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക കൂടി വേണം. അല്ലെങ്കിൽ വീടിന്റെ മാത്രമല്ല, ചിലപ്പോൾ താമസക്കാരുടെ ആരോഗ്യം പോലും മോശമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളയിൽ വൃത്തിയാക്കണം.
എല്ലാ ടാങ്കും ആറ് മാസത്തിൽ ഒരിക്കൽ കഴുകുന്നതു നല്ലതാണെങ്കിലും വെള്ളത്തിന്റെ സ്വഭാവമെങ്ങനെ, എവിടെ നിന്നു വരുന്നു എന്നതിനെല്ലാം അനുസരിച്ച് അതിൽ മാറ്റങ്ങൾ വരും. വീട്ടിലെ കിണറ്റിൽ നിന്ന് എടുക്കുന്ന വെള്ളത്തിന്റെ സ്വഭാവം വീട്ടുകാർക്ക് നേരിട്ട് അറിയാവുന്നതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള നിറം മാറ്റമോ കലങ്ങലോ വരുമ്പോൾ വരുമ്പോൾ ശ്രദ്ധിച്ച് പ്രശ്നം പരിഹരിക്കാം, അതിനൊപ്പം ടാങ്കും വൃത്തിയാക്കണം. കിണറ്റിലെ തെളിഞ്ഞ വെള്ളമാണെങ്കിൽ ആറ് മാസത്തിലൊരിക്കൽ ടാങ്ക് വൃത്തിയാക്കിയാൽ മതി.
കോർപറേഷൻ/മുനിസിപ്പാലിറ്റി വാട്ടറോ പുറത്തുനിന്നുള്ള ഏതെങ്കിലും വെള്ളമോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ടാങ്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വൃത്തിയാക്കുന്നതാണു നല്ലത്. ടാങ്കിനുള്ളിൽ ബേക്കിങ് സോഡയോ തീവ്രത കുറഞ്ഞ ഡിറ്റർജന്റോ ഇട്ട് ഉരച്ചു കഴുകിയ ശേഷം അണുനശീകരണം ചെയ്യുന്നതും വൃത്തിയാക്കലിന്റെ ഭാഗമാക്കണം. കിണർ ശുദ്ധീകരിക്കുന്നതുപോലെത്തന്നെ 50 ഗ്രാം ബ്ലീച്ചിങ് പൗഡർ പത്ത് ലീറ്റർ വെള്ളത്തിൽ കലർത്തി ടാങ്കിലെ വെള്ളത്തിൽ ചേർക്കുക. അര മണിക്കൂർ എങ്കിലും അനക്കാതെ വച്ച് ഇത് പ്രവർത്തിക്കാനുള്ള സമയം കൊടുക്കണം. ഈ വെള്ളം നനയ്ക്കാനോ ടെറസ് കഴുകാനോ മറ്റ് എന്തെങ്കിലും ആവശ്യങ്ങൾക്കോ ഉപയോഗിക്കാം. ഒന്നുകൂടി വൃത്തിയായി വെള്ളമൊഴിച്ചു കഴുകിയ ശേഷം പുതിയ വെള്ളം അടിച്ച് ഉപയോഗിക്കാം.
ടാങ്കർ വെള്ളമോ കുഴൽക്കിണറിലെ വെള്ളമോ അടിക്കുന്നുണ്ടെങ്കിൽ 1000 ലീറ്ററിന് ഒന്ന് എന്ന കണക്കിൽ ക്ലോറിൻ ഗുളികകൾ ഉപയോഗിക്കുന്നതും ആരോഗ്യകരമാണ്.
ടാങ്കിലേക്ക് അഴുക്കുവെള്ളം വരാതിരിക്കാൻ ആർക്കും മുൻകരുതൽ എടുക്കാനാകും. വാട്ടർ ഇൻലെറ്റിൽ മെഷോ തുണി കൊണ്ടുള്ള അരിപ്പയോ ഘടിപ്പിച്ചാൽ കൂടുതൽ അഴുക്ക് ടാങ്കിൽ എത്തുന്നതു തടയാനാകും.
ടാങ്ക് എപ്പോഴും അടച്ചു സൂക്ഷിക്കുക എന്നതു വളരെ പ്രധാനമാണ്. അടപ്പ് നീങ്ങിയാൽ വെള്ളത്തിൽ പൊടിയോ ഇലയോ മാത്രമല്ല, ഏതെങ്കിലും ജീവികൾ ചാടാനോ കാക്ക പോലെ പക്ഷികൾ മാലിന്യങ്ങൾ കൊണ്ടിടാനോ സാധ്യതയുണ്ട്. മാത്രവുമല്ല, തുറന്നിരുന്ന് വെയിൽ കൊള്ളുന്ന ടാങ്കിൽ പായൽ പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.
