ADVERTISEMENT

വാടകത്തർക്കത്തിൽ പൊലീസിന് ഇടപെടാമോ? നിയമവശം അറിയാം.

സാധാരണഗതിയിൽ വാടകക്കാരൻ ഒഴിഞ്ഞില്ലെങ്കിൽ കെട്ടിട ഉടമ പൊലീസിൽ പരാതി നൽകുന്നത് സർവസാധാരണമാണ്. പൊതുവേ വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിവിൽ സ്വഭാവമുള്ളതാണ്. പൊലീസിന് സിവിൽ സ്വഭാവമുള്ള കേസുകളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ട്.

ADVERTISEMENT

ഇത്തരം കേസുകളിൽ പൊലീസ് വാടകക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വാടക കുടിശ്ശിക നൽകാനും, നിർദേശിക്കുന്ന സമയപരിധിക്കുള്ളിൽ കെട്ടിടം ഒഴിയാൻ തയാറാണെന്ന് എഴുതി വാങ്ങുന്നതായും കാണാറുണ്ട്. എന്നാൽ, ഇത്തരം കരാറുകൾക്കൊന്നും നിയമപരമായി പ്രാബല്യമില്ല.

ഇത്തരം നടപടികളുമായി പൊലീസ് മുൻപോട്ടു പോകുമ്പോൾ വാടകക്കാരൻ കോടതിയിൽ പോയി തന്നെ ബലമായി ഒഴിപ്പിക്കാൻ നിയമപരമല്ലാത്ത നടപടികളുമായി കെട്ടിട ഉടമ മുൻപോട്ടു പോകുന്നത് തടയാൻ ആവശ്യപ്പെട്ട് ‘ഇഞ്ചക്‌ഷൻ’ ഉത്തരവ് വാങ്ങുകയാണെങ്കിൽ പോലീസ് പ്രതിസന്ധിയിലാകും. കെട്ടിട ഉടമ വാടകക്കാരനെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയോ, കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയോ ചെയ്താൽ വാടകക്കാരന് സിവിലായും ക്രിമിനലായും കെട്ടിട ഉടമയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാം.

roofnew6
ADVERTISEMENT

കെട്ടിട ഉടമയ്ക്കെതിരെ താൽക്കാലിക ഇഞ്ചക്‌ഷൻ ഉത്തരവ് വാങ്ങിയതുകൊണ്ട് വാടകക്കാരന് പ്രത്യേകിച്ച് യാതൊരു അധികാരവും കെട്ടിടത്തിൽ ലഭിക്കില്ല. വാടകക്കരാർ പ്രകാരം തന്നെയുള്ള സ്ഥിതി തുടരും. കെട്ടിട ഉടമയ്ക്ക് മറ്റു നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാം.

വീടോ കെട്ടിടമോ വാടകയ്ക്ക് കൊടുക്കുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട നിയമങ്ങളുണ്ട്. ഇരുകൂട്ടരും വാടക കരാറിൽ ഏർപ്പെടുക എന്നതാണ് ഇതിൽ പ്രധാനം. വാടകക്കാരനെ ഒഴിപ്പിക്കുന്നതിനും നിയമങ്ങൾ ബാധകമാണ്.

ADVERTISEMENT

എങ്ങനെ ഒഴിപ്പിക്കാം?

വാടകക്കാരൻ വാടക കുടിശിക വരുത്തിയാൽ 15 ദിവസത്തെ നോട്ടീസ് നൽകിയതിനു ശേഷം ഉടമയ്ക്ക് ‘റെന്റ് കൺട്രോൾ കോർട്ടിൽ’ പരാതി നൽകാവുന്നതാണ്.

ഇത്തരം കേസുകളിൽ വസ്തുതകൾ പരിശോധിച്ചതിനുശേഷം ഹർജിക്കാരന് അനുയോജ്യമായ ഉത്തരവ് കോടതി നൽകും. എന്നാൽ, അതുവരെയുള്ള വാടക കുടിശികയും കോടതി ചെലവും വാടകക്കാരൻ കെട്ടി വച്ചാൽ പെട്ടെന്ന് കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ഉണ്ടാകില്ല.

വാടകക്കാരൻ കെട്ടിടം ഉടമയുടെ അനുമതിയില്ലാതെ വേറൊരാൾക്ക് വാടകയ്ക്ക് കൊടുത്താൽ (കീഴ് വാടക) വാടകക്കാരന് 30 ദിവസത്തെ നോട്ടീസ് നൽകിയതിനു ശേഷം കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ ഹർജി സമർപ്പിക്കാം.

കെട്ടിടത്തിന്റെ മൂല്യം നശിപ്പിക്കുന്നതോ, ദുരുപയോഗം ചെയ്യുന്നതോ ആയ രീതിയിൽ വാടകക്കാരൻ പ്രവർത്തിച്ചാലും കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാം.

വാടകക്കാരന് ആ പ്രദേശത്ത് വേറെ മുറി ഉണ്ടെങ്കിൽ ഉടമയ്ക്ക് തന്റെ കെട്ടിടം ഒഴിഞ്ഞു മാറാൻ ആവശ്യപ്പെടാം.

ഉടമയ്ക്ക് തന്റെ കെട്ടിടം പുനർനിർമിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും വാടകക്കാരനെ ഒഴിപ്പിക്കാൻ കോടതിയെ സമീപിക്കാം.

അപ്രകാരം പുനർ നിർമിക്കുന്ന കെട്ടിടത്തിൽ ന്യായമായ വാടക നൽകി ആദ്യം മുറി ഏറ്റെടുക്കാനുള്ള അവകാശം വാടകക്കാരന് കോടതി അനുവദിച്ചു നൽകും.

വാടകക്കാരൻ തുടർച്ചയായി ആറുമാസം വാടകമുറി ഉപയോഗിക്കാതെ പൂട്ടിയിട്ടിട്ടുണ്ട് എന്നു തെളിയിച്ചാൽ മുറി ഒഴിഞ്ഞു കൊടുക്കേണ്ടി വരാം.

തന്നെ ആശ്രയിച്ചു വരുന്ന ഒരു കുടുംബാംഗത്തിന്റെ ആവശ്യത്തിലേക്കായി കെട്ടിട ഉടമയ്ക്ക് വാടകക്കാരനെ ഒഴിപ്പിക്കാവുന്നതാണ്. എന്നാൽ വാടകക്കാരന് തനിക്ക് അനുയോജ്യമായ കെട്ടിടമോ മുറിയോ ആ പ്രദേശത്ത് ലഭ്യമല്ല എന്ന് തെളിയിക്കാൻ സാധിച്ചാൽ കെട്ടിടം ഒഴിയേണ്ടി വരില്ല.

വിവരങ്ങൾക്കു കടപ്പാട്:

ഡി. ബി. ബിനു,പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, എറണാകുളം, dbbinu@gmail.com