മഴ തുടങ്ങും മുൻപേയും മഴ ശക്തമാകും മുൻപേയും ശ്രദ്ധിച്ചാൽ പിന്നീടുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാം.
പാത്തികൾ വൃത്തിയാക്കാം
മഴവെള്ളപ്പാത്തിയിൽ കരിയിലകളോ അഴുക്കോ കെട്ടിനിന്നാൽ വെളളത്തിന്റെ ഭാരം കൂടി പാത്തി ചരിഞ്ഞുപോകാൻ ഇടയുണ്ട്. മാത്രമല്ല, വെള്ളം കെട്ടിനിന്ന് കൊതുകു വളരാം.
തുരുമ്പിന് താക്കീത്
നേരിട്ട് മഴ കൊള്ളുന്ന ലോഹഭാഗങ്ങളിൽ തുരുമ്പു വന്ന് നശിച്ചുപോകാൻ സാധ്യതയുണ്ട്. മെറ്റൽ പ്രൈമർ, പിയു അല്ലെങ്കിൽ ഇനാമൽ പെയിന്റ് അടിച്ചു സംരക്ഷിക്കുക.
മരക്കമ്പു മുറിക്കാം
വീടിനു മുകളിലേക്കും വൈദ്യുതക്കമ്പികളിലേക്കും ചാഞ്ഞു നിൽക്കുന്ന മരക്കമ്പുകൾ മുറിച്ചു നിർത്തുക. അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക.
ശുദ്ധജലം മാത്രംമതി
മഴക്കാലത്തിനു മുൻപ് കിണറ്റിൽ അടിഞ്ഞ മണ്ണും അഴുക്കും നീക്കം ചെയ്യുക. തിളപ്പിച്ചതോ ഫിൽറ്റർ ചെയ്തതോ ആയ വെള്ളം കുടിക്കുക. മഴ തുടങ്ങും മുൻപ് ക്ലോറിനേഷൻ ചെയ്യുക.
പുരപ്പുറം വൃത്തിയാക്കാം
പൊട്ടിയ ഓടുകൾ, മേൽക്കൂരയിലെ വിള്ളലുകൾ ഇതൊക്കെ പരിഹരിച്ച് ചോർച്ചയിൽ നിന്ന് വീടിനെ സംരക്ഷിക്കാം. മൺസൂണിനു മുൻപുള്ള മഴയിൽ നിന്നു തന്നെ ചോർച്ച എവിടെയെല്ലാം എന്നു തിരിച്ചറിയണം.
മഴവെള്ളം കളയരുത്
മഴവെള്ളം പരമാവധി ഉപയോഗിക്കുക. പാത്തി വഴി ടാങ്കിൽ ശേഖരിക്കാം. അതിനുള്ള സജ്ജീകരണങ്ങൾ ഇല്ലെങ്കിൽ മണ്ണിൽ താഴാൻ അനുവദിക്കുക. റീചാർജ് ചെയ്ത് അടുത്ത വേനലിൽ കിണർ വറ്റാതെ നോക്കാം.
കൊതുക് അകലെ
ജനലിലും വാതിലിലും കൊതുകുവല ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകു വളരുന്ന തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും സാധനങ്ങൾ ചീഞ്ഞളിയുന്നതുമായ സാഹചര്യം ഒഴിവാക്കുക.