ആരോഗ്യവും സന്തോഷവും നഷ്ടപ്പെടുന്നുണ്ടോ? താമസിക്കുന്ന കെട്ടിടമോ അകത്തളമോ ആകാം കാരണം The Importance of Healthcare Architecture and Neurodesign
Mail This Article
ആർക്കിടെക്ചറും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറ്റവും സ്വാധീനമുള്ള പഠനം നടത്തിയത് 1980 ൽ എൻവയോൺമെന്റൽ സൈക്കോളജിസ്റ്റ് ആയ റോജർ അൽറിച്ച് ആണ്. വിരസമായ ചുമരുകളിലേക്കു നോക്കിയ രോഗികളേക്കാൾ, പ്രകൃതിയിലേക്കു തുറന്ന മുറികളിലായിരുന്ന രോഗികളായിരുന്നു ശസ്ത്രക്രിയയ്ക്കു ശേഷം വേഗത്തിൽ സുഖപ്പെട്ടത് എന്ന് അൽറിച്ച് കണ്ടെത്തി. ഇത്തരം രോഗികൾക്ക് വേദന സംഹാരികളും സങ്കീർണതകളും കുറവായിരുന്നു.
ഹെൽത്‌കെയർ ആർക്കിെടക്ചറിന്റെ പ്രാധാന്യം ഇതോടെ കൂടിവന്നു. വാസ്തുശാസ്ത്രപരമായുള്ള തിരഞ്ഞെടുപ്പുകൾ മനുഷ്യരുടെ ആരോഗ്യത്തിന് സാരമായ മാറ്റങ്ങൾ വരുത്തുന്നു എന്ന് കണ്ടെത്തി. മാനസിക പിരിമുറുക്കവും, ക്ഷീണവുമെല്ലാം സാധാരണയായ നഗരങ്ങളിൽ ആരോഗ്യവും ബുദ്ധിയും സർഗാത്മകതയും സൗഖ്യവുമെല്ലാം ഉണ്ടാവാനുള്ള സാഹചര്യം ഒരുക്കുക എന്നത് ന്യൂറോ ഡിസൈനിന്റെ ഭാഗമാണ്.
ആർക്കിടെക്ചർ ഒരു റിയലിസ്റ്റിക് അനുഭവം
ആർക്കിടെക്ചറൽ തിയറിസ്റ്റ് ആയ സാറ വില്യംസ് ഗോൾഡ്ഹേഗൻ ന്യൂറോ ഡിസൈനിന്റെ പ്രാധാന്യം എടുത്തുകാട്ടിയിട്ടുണ്ട്. Welcome to your world എന്ന പുസ്തകത്തിൽ ആർക്കിടെക്ചർ കാഴ്ചയോ കലയോ മാത്രമല്ല എന്ന് അവർ പറയുന്നുണ്ട്. പകരം, യഥാർഥത്തിൽ അനുഭവിക്കാവുന്ന ഒന്നാണ് ആർക്കിടെക്ചർ.
അതായത്, ജീവനില്ലാത്ത കാഴ്ചകളല്ല കെട്ടിടങ്ങൾ. ഇടനാഴികയിലൂടെയുള്ള നടത്തം, മൂലകളിൽ തിരിയുന്നത്, ഗോവണി കയറുന്നത്, നടുമുറ്റം കാണുന്നത്, നിഴലും വെളിച്ചവും അഭിമുഖീകരിക്കുന്നത്... എല്ലാം ജീവൻ തുടിക്കുന്ന ഓരോ അനുഭവങ്ങളാണ്. ഒാരോ ഇടങ്ങളിൽ കൂടി നടക്കുമ്പോഴും നമ്മുടെ തലച്ചോർ അതിനെ അപഗ്രഥിക്കും. ഏകാഗ്രതയും ഒാർമയും മറ്റുള്ളവരുമായ ഇടപെടലുമെല്ലാം രൂപപ്പെടാൻ അതു സഹായിക്കും. ചുരുക്കത്തിൽ, മനുഷ്യരുടെ പെരുമാറ്റത്തെയും ഇടപെടലുകളെയും ചിന്തകളെയും ആർക്കിടെക്ചർ സ്വാധീനിക്കും. അതുകൊണ്ട്, നല്ല രീതിയിൽ ഡിസൈൻ ചെയ്ത ചുറ്റുപാട് ഏകാഗ്രതയും സഹകരണവും വർദ്ധിപ്പിക്കും.
കാഴ്ചപ്പാടും ആർക്കിടെക്ചറൽ രൂപവും
ആർക്കിടെക്ചറൽ വിദഗ്ധനായ നികോസ് എ. സലിൻഗരോസ് പറയുന്നത്, നല്ല അടുക്കും ചിട്ടയുമുള്ള ചുറ്റുപാടുകളും അധികാര ശ്രേണിയിലുള്ള പാറ്റേണുകളും ആളുകൾ നല്ല രീതിയിൽ പെരുമാറാൻ ഇടയാക്കുന്നു എന്നാണ്.
പാറ്റേണുകൾ ഉള്ളതും മനുഷ്യർക്ക് ചേരുന്ന അനുപാതത്തിലുള്ളതും പല പാളികളോടുകൂടിയ കാഴ്ചാനുഭവങ്ങളുള്ള കെട്ടിടങ്ങൾ കൂടുതൽ സുഖകരവും മനഷ്യരെ പിടിച്ചിരുത്തുന്നതുമാണ്. അതേമസമയം, ബഹളമയവും തീരെ മിനിമലിസ്റ്റ് രീതിയിലുമുള്ള ചുറ്റുപാടുകൾ മനസ്സു മടുപ്പിക്കുന്നതും ശ്രദ്ധ കളയുന്നതുമായിരിക്കും.
ആധുനിക ആർക്കിടെക്ചറിൽ ഗ്രേ നിറം വളെര അധികമായി ഉപയോഗിക്കുന്നതിനെ സലിനഗ്രോസ് എതിർക്കുന്നു. അത്തരം ചുറ്റുപാടുകൾ തലച്ചോറിലെ നിറങ്ങൾ, ടെക്സ്ചറുകൾ, ദൃശ്യഭംഗി എന്നിവ ഇല്ലാതാക്കുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്.
മനുഷ്യർ സ്വാഭാവികമായും നന്നായി പ്രതികരിക്കുന്ന ഇടങ്ങൾ മൾട്ടിലെയർ സ്ട്രക്ചറുകളും വൈവിധ്യമുള്ള മെറ്റീരിയലും ആഴത്തിലുള്ള കാഴ്ചകൾ തരുന്നവയാണ്. മിനുസമുള്ളതും ഒരേപോലെയുള്ളതുമായ പ്രതലങ്ങൾ കാഴ്ചയ്ക്ക് വിരസതയുണ്ടാക്കുന്നു. അതേസമയം, നിറം, ടെക്സ്ചർ, നിഴൽ എന്നിവ കൂടുതൽ അർഥപൂർണവും സുഖകരവുമായ ചുറ്റുപാടുകൾ ഉണ്ടാക്കുന്നു.