ADVERTISEMENT

കോൺക്രീറ്റ് ആണോ...? എങ്കിൽ ചൂട് കൂടും! ഈ ധാരണ ശരിയല്ലെന്ന് തെളിയിക്കാൻ തീരുമാനിച്ചുറപ്പിച്ചാണ് ആർക്കിടെക്ട് ബിജു ബാലനും മുഹമ്മദ് ജസീറും ‘ധൻ ജെയ്’ എന്ന  വീട് ഒരുക്കിയത്. ഒരിടത്തു പോലും സിമൻ് തേക്കാതെയും പെയിന്റ് അടിക്കാതെയും സിമൻറ് കട്ട കൊണ്ട് നിർമിച്ച 2850 സ്ക്വയർഫീറ്റ് വീട്! ഒരുപക്ഷേ, ഇത്തരത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്.

biju2

ഭിത്തി മാത്രമല്ല, തറയും സീലിങ്ങും എല്ലാം ചാരനിറത്തിലാണ്. പഴയ രീതിയിലുളള സിമന്റ് തറയാണ് മുറികൾക്കെല്ലാം. തേക്കാതെ എക്സ്പോസ്‍ഡ് രീതിയിലാണ് സീലിങ് മുഴുവൻ.
പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ആറ് മാസമായി. ഇതിനിടയിലെത്തിയ കൊടുംവേനലിൽ ചുറ്റുപാടുള്ള വീടുകളെ അപേക്ഷിച്ച്  ധൻ ജെയ്ക്കുള്ളിൽ ചൂട് കുറവാണെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഒന്നും തനിയെ ചൂടാകില്ല!

biju2copy
ADVERTISEMENT

വെട്ടുകല്ല് കൊണ്ട് വീട് നിർമിക്കുന്നതിനോട് ജസീറിന് താൽപര്യമില്ലായിരുന്നു. മദ്രാസ് ഐഐടിയിൽ ഗവേഷണം നടത്തുന്നതിനിടെ യാദൃശ്ഛികമായി വായിച്ച ഒരു ലേഖനമാണ് കോൺക്രീറ്റ് കട്ടയിലേക്ക് വഴികാട്ടിയത്. സിമന്റ് പ്ലാസ്റ്റർ ചെയ്യാതിരുന്നാൽ കോൺക്രീറ്റ് കട്ടയുടെ ‘ബ്രീത്തിങ് കപ്പാസിറ്റി’ (Breathing Capacity) കൂടും എന്നതായിരുന്നു അതിലെ കണ്ടെത്തൽ.  മലപ്പുറം ഗവ. വുമൺസ് കോളജിൽ രസതന്ത്ര വിഭാഗം അധ്യാപകനാണ് ജസീർ. ആർക്കിടെക്ട് ബിജു ബാലനോട് ആശയം പങ്കുവച്ചപ്പോൾ അദ്ദേഹത്തിനും പൂർണസമ്മതം.

bijucopy

‘ഒരു വസ്തുവും തനിയെ ചൂടാകില്ല. താപം പ്രവഹിക്കുകയും അത് പുറത്തുപോകാൻ മാർഗമില്ലാതെ വരികയും ചെയ്യുമ്പോഴാണ് ഏത് മെറ്റീരിയലും ചൂടാകുക. ഈ രണ്ടു കാര്യങ്ങ ൾക്കും പ്രതിവിധി കണ്ടെത്താനായാൽ കോൺക്രീറ്റ് കട്ട കൊണ്ടല്ല, ഇരുമ്പുപാളികൊണ്ട് വേണമെങ്കിലും വീടുപണിയാം, ഉള്ളിൽ ചൂടുണ്ടാകില്ല,’’ ബിജു ബാലൻ വ്യക്തമാക്കുന്നു.

biju5
ADVERTISEMENT

ഗ്രൈൻഡർ കൊണ്ട് കട്ട മിനുസപ്പെടുത്തി
14 x 8 x 8 ഇഞ്ച് അളവിലുള്ള കോൺക്രീറ്റ് കട്ടയാണ് ഭിത്തി കെട്ടാൻ ഉപയോഗിച്ചത്. ഹാൻഡ് ഗ്രൈൻഡർ ഉപയോഗിച്ച് കട്ട നല്ലവണ്ണം മിനുസപ്പെടുത്തി. ജോയിൻറുകൾ ഒരേ കനത്തിലും നല്ല ഫിനിഷിലും പോയ്ന്റ് ചെയ്തു. ‘ഫ്രെയിംഡ് സ്ട്രക്ചർ’ രീതിയിലാണ് നിർമാണം. അതുകാരണം കട്ടയ്ക്ക് അധികം ഭാരം താങ്ങേണ്ടി വരുന്നില്ല. ലിവിങ്, കോർട്‌യാർഡ് എന്നിവ ഡബിൾ ഹൈറ്റിൽ ആണ് നിർമിച്ചിരിക്കുന്നത്.

biju3

‘‘ചുമരിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങാത്ത രീതിയിലാണ് മുകളിൽ പാരപ്പെറ്റ് നൽകിയിരിക്കുന്നത്. പായലും പൂപ്പലും പിടിക്കും എന്ന പേടി വേണ്ട. ചുമരിൽ വെയിലടിച്ചാലും സിമൻറ് പ്ലാസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ കട്ട ഒരു പരിധിയിൽ കൂടുതൽ ചൂടാകില്ല,’’ ബിജു ബാലൻ വിശദീകരിക്കുന്നു.

biju3copy
ADVERTISEMENT

ശ്വാസം നിലയ്ക്കാത്ത വീട്
24 x 7 മണിക്കൂറും വീടിനുള്ളിൽ കാറ്റ് കയറിയിറങ്ങും! ഇതിന് വാതിലും ജനലും തുറന്നിടേണ്ട കാര്യം പോലുമില്ല. കോർട്‌യാർഡ്, സ്റ്റെയർകേസ് എന്നിവയോട് ചേർന്ന് നൽകിയിരിക്കുന്ന ജാളി ഭിത്തികളിലൂടെ എപ്പോഴും കാറ്റ് വീടിനുള്ളിലേക്ക് എത്തും. കോർട്‌യാർഡിന്  മുകളിലൂടെ പുറത്തേക്കും പോകും. നാല് ചുറ്റും വിടവ് നൽകിയാണ് കോർട്‌യാർഡിന് മുകളിൽ ഗ്ലാസ് പിടിച്ചിരിക്കുന്നത്.
വീട് അടച്ചിട്ടാലും വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ അവസ്ഥയിലാകില്ല വീട്. ‘പാസീവ് കൂളിങ്’ (Passive Cooling) പ്രക്രിയ വഴി വീടിനുള്ളിൽ തണുപ്പ് നിലനിൽക്കും. വെയിലടിച്ച് കോൺക്രീറ്റ് കട്ട ചൂടായാലും ആ ചൂട് ഉളളിൽ തങ്ങിനിൽക്കാതെ പുറത്തു പോകും.

biju4

തട്ടടിച്ചു വാർത്ത്, കസ്റ്റമൈസ്ഡ് ഡിസൈനിലാണ് കോൺക്രീറ്റ് ജാളി നിർമിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ചെറിയ സുഷിരങ്ങളുള്ള ‘പെർഫറേറ്റഡ് ഷീറ്റ്’ പിടിപ്പിച്ചിരിക്കുന്നതിനാൽ കൊതുകോ ക്ഷുദ്രജീവികളോ ഉള്ളിൽ എത്തില്ല.
 പല വലുപ്പത്തിലുളള ഗ്ലാസ് ജനലുകളും വീട്ടിലുണ്ട്. കാലാവസ്ഥയുടെ സവിശേഷത അനുസരിച്ച് ഇവയിലൂടെയും വീടിനുള്ളിലെ താപനില നിയന്ത്രിക്കാം.


Area: 2850 sqft Owner:  മുഹമ്മദ് ജസീർ & റിനിഷ റസാഖ് Location: രണ്ടത്താണി, മലപ്പുറം


Design: ബിജു ബാലൻ, ആർക്കിടെക്ട് Laurels Designers Workshop, കോഴിക്കോട്  Email: laurelsdesigners@gmail.com

Unplastered Concrete: The Secret to a Cool Home:

Discover Dhan Jey, a unique 2850 sqft home in Kerala built entirely with unplastered concrete blocks, proving that concrete houses don't have to be hot. Architects Biju Balan and Muhammed Jaseer designed this home with a focus on passive cooling and excellent ventilation, ensuring a comfortable living environment.