ADVERTISEMENT

തങ്ങളുടെ വീട് എങ്ങനെയാകണം എന്ന് വ്യക്തമായ ധാരണയുള്ള വീട്ടുകാർ ആർക്കിടെക്ടിന്റെ ജോലി താരതമ്യേന എളുപ്പമാക്കിക്കൊടുക്കും. അത്തരമൊരു കുടുംബമായിരുന്നു മലപ്പുറം വളാഞ്ചേരിയിലെ റഫീക്കിന്റെ കുടുംബം. അലങ്കാരങ്ങൾ ഒന്നും വേണ്ട എന്നതിൽ വീട്ടുകാർ ഒറ്റക്കെട്ടായിരുന്നു. വിദേശ മലയാളികളായതിനാൽ മൂന്നോ നാലോ മാസം കൂടുമ്പോൾ മാത്രമായിരിക്കും വീട്ടിൽ ആളനക്കമുണ്ടാകുക. ലളിതജീവിതം പിൻതുടരുന്നവരാണ് വീട്ടുകാർ. ഇതെല്ലാം കണക്കിലെടുത്താണ് വീടിന്റെ ഡിസൈൻ തയാറാക്കിയത്.

aji4

മോഡേൺ എന്നാൽ മിനിമൽ
പരമ്പരാഗത ഡിസൈനിനു പകരം ചതുരത്തിനു പ്രാധാന്യമുള്ള മിനിമലിസ്റ്റിക് വീടാണ് റഫീക്കും കുടുംബവും ആവശ്യപ്പെട്ടത്. ആഡംബരവും അലങ്കാരങ്ങളും പൂർണമായി ഒഴിവാക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ലിവിങ്, ഡൈനിങ്,  കിച്ചൺ, സ്റ്റെയർകേസ് എന്നിവ അടങ്ങുന്ന ഓപ്പൺ ഹാൾ ആണ് വീടിന്റെ കേന്ദ്രഭാഗമായി കണക്കാക്കിയിരിക്കുന്നത്. കിടപ്പുമുറികൾ രണ്ടെണ്ണം താഴെയും അതിനു നേർ മുകളിൽ മറ്റു രണ്ടെണ്ണവും ക്രമീകരിച്ചു.

Ajit
ADVERTISEMENT

പ്രകൃതിയുമായി ബന്ധം വേണമെന്ന വീട്ടുകാരുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഒരു പാറ്റിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നും ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരിക്കാവുന്ന പാറ്റിയോ (patio) വീടിന്റെ അകം–പുറം അതിരുകൾ ഇല്ലാതാക്കുന്നു. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഷട്ടറാണ് ഡൈനിങ് ഏരിയയിൽ നിന്ന് പാറ്റിയോയിലേക്ക് കൊടുത്തിരിക്കുന്നത്. തടിപ്പണി കഴിഞ്ഞ് ബാക്കിയായ തടിക്കഷണങ്ങൾ കൊണ്ടാണ് പാറ്റിയോയുടെ സീലിങ് നിർമിച്ചത്. വെറുമൊരു ഡിസൈൻ എന്നതിലുപരി എസിയുടെ ഔട്ട്ഡോർ യൂണിറ്റിനെ കാഴ്ചയിൽ നിന്നു മറയ്ക്കുക എന്ന ദൗത്യവും ഈ സീലിങ്ങിനുണ്ട്.

aji

ഫോർമൽ ലിവിങ് ഏരിയ മറ്റ് മുറികളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കേണ്ടതില്ല എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ  ഡൈനിങ്ങിൽ നിന്നു വേർതിരിക്കാൻ പ്ലെയിൻ ഗ്ലാസ്ലും ഫ്ലൂട്ടഡ് ഗ്ലാസ്സും പതിച്ച വാതിലാണ് ഉപയോഗിച്ചിരിക്കുന്നത്.  
ഇവിടത്തെ ഗോവണിക്കുമുണ്ട് ഒരു പ്രത്യേകത. ആദ്യത്തെ പ്ലാൻ അനുസരിച്ച് കോൺക്രീറ്റ് കൊണ്ടുള്ള സാധാരണ ഗോവണിയാണ് നിർമിച്ചത്. എന്നാൽ പിന്നീട് ഗോവണിയുടെ ചുറ്റും കുറച്ചധികം സ്ഥലമുണ്ടെന്നും അത് പ്രയോജനപ്പെടുത്താമെന്നും കൂട്ടായ ചർച്ചകളിലൂടെ ആർക്കിടെക്ട് ടീമും വീട്ടുകാരും തീരുമാനമെടുത്തു. ആദ്യത്തെ കുറച്ചു പടികളോടു ചേർത്ത് മെറ്റൽ ഫ്രെയിം അടിച്ച് മഹാഗണിയുടെ പലകകൾ സ്ക്രൂ ചെയ്തു പിടിപ്പിച്ചു. നീട്ടിയെടുത്ത പടികളിലിരുന്ന് ഫാമിലി ലിവിങ്ങിലെ ടിവി കാണുകയോ സംസാരിക്കുകയോ ആകാം.

aji2
ADVERTISEMENT

ഫിനിഷിന്റെ മികവ്
ഐവറി നിറമുള്ള പെയിന്റാണ് വീടിന്റെ പുറംഭിത്തികൾക്കു നൽകിയത്. വെള്ളയ്ക്കും പേസ്റ്റൽ നിറങ്ങൾക്കും മുൻഗണന നൽകിയ ഇന്റീരിയറാണ്. സോഫ്റ്റ് ഫർണിഷിങ്ങിന്റേതല്ലാതെ, കാര്യമായി മറ്റു നിറങ്ങളൊന്നും വീടിനകത്തില്ല.
കാഴ്ചയിലെ തിളക്കത്തേക്കാളേറെ, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുക എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. മികച്ച ഫിനിഷുകൾ അകത്തളത്തിനെ മറ്റൊരു ലെവലിലേക്ക് ഉയർത്തുകയും ചെയ്തു.
തേക്കും മഹാഗണിയുമാണ് തടിയുടെ ആവശ്യങ്ങൾക്ക് പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറികളുടെ വാഡ്രോബുകൾക്ക് മൈക്ക ലാമിനേറ്റ് ചെയ്ത മൾട്ടിവു‍ഡ് ഉപയോഗിച്ചു. അടുക്കളയുടെ കാബിനറ്റുകൾക്ക് ഇറക്കുമതി ചെയ്ത ബിർച്ച് പ്ലൈവുഡും കൊടുത്തു.

Ajit2

ഇറ്റാലിയൻ മാർബിളിന്റെ ലക്ഷ്വറിയാണ് സിറ്റ്‌ഔട്ടിൽ സ്വാഗതമോതുന്നത്. അകത്തെ മുറികളിൽ ഇന്ത്യൻ മാർബിൾ വിരിച്ചു. പാറ്റിയോയിലും ബാത്റൂമുകളിലും സ്ലാബ് വലുപ്പമുള്ള ടൈൽ വിരിച്ചു.
ടെർമിനാലിയ, പ്ലുമേറിയ, ഹെലിക്കോണിയ, ഫിഡൽ ലീഫ് പ്ലാന്റ്, ഫിഗ്, ജിഞ്ചർ പ്ലാന്റ്, ഗ്രൗണ്ട് ഓർക്കിഡ് പോലുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികൾ ഗാർഡനിലേക്ക് തിരഞ്ഞെടുത്തു.

Area: 4500 sqft Plot: 20 Cents
Owner:  റഫീഖ്  Location: വളാഞ്ചേരി, മലപ്പുറം
Design: അജിത് രാമകൃഷ്ണൻ, മുഹമ്മദ് സബീൽ, Ar dot architects, വളാഞ്ചേരി, മലപ്പുറം

Email: ardotarchitects@gmail.com

ADVERTISEMENT
Minimalist Marvel: A Modern Kerala Home Designed for Simplicity:

This minimalist 4500 sqft house in Valanchery, Malappuram, prioritizes a simple lifestyle with a modern, square-focused design, eschewing excessive ornamentation. The open hall serves as the heart of the home, connecting living, dining, and kitchen areas, while a thoughtfully designed patio blurs the lines between indoor and outdoor spaces, reflecting the owners' desire for nature.