ADVERTISEMENT

പാഡി ഡിസൈൻ ചെയ്യുമ്പോൾ ആർക്കിടെക്ട് ശ്യാംരാജിനും സുഹൃത്ത് സണ്ണി ഡേവിസിനും ചില െഎഡിയകളുണ്ടായിരുന്നു. കോൺക്രീറ്റ് ത്രീഡി പ്രിന്റിങ് ചെയ്യുന്ന ‘konface’, നിലം, ഭിത്തി തുടങ്ങിയവ ഒരുക്കുന്ന ‘kwalkrete’ എന്നീ സ്ഥാപനങ്ങൾ നടത്തുകയാണ് സണ്ണി. തൃശൂരിലെ ഇൗ സ്ഥാപനത്തോടു ചേർന്നുള്ള പഴയ കെട്ടിടം പുതുക്കിയതാണ് ഈ കാണുന്ന പാഡി. പുതുക്കൽ ശ്യാംരാജിന്റെ വകുപ്പായിരുന്നു.

onlineimage2

ആർക്കിടെക്ടുമാർക്ക് താമസിച്ച് ത്രീഡി പ്രിന്റിങ്ങിനുള്ള ഡ‍ിസൈനുകൾ തയാറാക്കാനുള്ള അവസരമൊരുക്കുക എന്നൊരു ഉദ്ദേശ്യം ഇവർക്കുണ്ടായിരുന്നു. സണ്ണിയും ശ്യാംരാജും ഒന്നിച്ചു കളിച്ചു വളർന്നവരാണ്. അതുകൊണ്ടുതന്നെ പൊതു സുഹൃത്തുക്കൾ ധാരാളം. ഇവർക്കെല്ലാം കുടുംബവുമായി ഒന്നിച്ചു കൂടുക, എയർബിഎൻബിക്കു കൊടുക്കുക എന്നിങ്ങനെ മറ്റു ചില കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് ഇതു പണിതത്. നിലവിൽ പുറമേക്കു കൊടുത്തു തുടങ്ങിയിട്ടില്ല. ശ്യാമിന്റെയും സണ്ണിയുടെയും ക്രിയാത്മകമായ ചർച്ചകളുടെ വേദിയും ഇവിടം തന്നെ.

ADVERTISEMENT

പഴയ സാമഗ്രികൾ വീണ്ടും

വളരെ ചെലവു കുറച്ചും പഴയ സാമഗ്രികൾ പുനരുപയോഗിച്ചുമാണ് 1300 ചതുരശ്രയടിയുള്ള കെട്ടിടം പുതുക്കിയത്. ഒറ്റ മുറിയാണ്. അതിൽ ചെറിയ കിച്ചണും ഊണിടവും കിടക്കാൻ പ്ലാറ്റ്ഫോമും ഒരുക്കി. ചുമരുകൾ നൽകിയില്ല. പകരം ആറ്റിക് സ്പേസ് സൃഷ്ടിച്ച് ഇടങ്ങൾ സൃഷ്ടിച്ചു.

onlineimage3
ADVERTISEMENT

നിലവും ഭിത്തിയുമെല്ലാം ഒരുക്കിയത് സണ്ണിയുടെ സ്വന്തം സ്ഥാപനം തന്നെയാണ്. മോശം നിലയിലായ ഒരു ഷെഡ് ആയിരുന്നു അവിെടയുണ്ടായിരുന്നത്. ചുമരുകൾ പൊളിച്ച് ഇഷ്ടിക കൊണ്ട് പുതിയതു കെട്ടി. വരാന്ത മാത്രം പുതിയതായി കൂട്ടിയെടുത്തു. മേൽക്കൂരയ്ക്കു വേണ്ടി പഴയ ഓട് വാങ്ങി.

ചുറ്റുമതിലിനു പകരം ചെടികൾ കൊണ്ടാണ് ഈ വീടിന് സംരക്ഷണമൊരുക്കിയത്. പച്ചിലക്കാടിനുള്ളിൽ ഒളിച്ചിരിക്കുകയാണ് വീട്. പടിപ്പുരയും ആന്റിക് ഭംഗിയുള്ള വാതിലും പുറംകാഴ്ചയ്ക്ക് മോടി കൂട്ടുന്നു.

ADVERTISEMENT

വീടിനുള്ളിൽ കട്ടിലിനു പകരം അൽപം ഉയർത്തി ഒരു പ്ലാറ്റ്ഫോം പണിതു. കൂടുതൽ ആളുകൾക്കു താമസസൗകര്യം ഒരുക്കാൻ ഇതു വഴി സാധിച്ചു. 15 പേർക്ക് സുഖമായി താമസിക്കാം. ഇഷ്ടിക കൊണ്ടുള്ള പുറംചുമരുകൾ തേയ്ക്കാതെ എക്സ്പോസ്ഡ് ആയി നൽകി.

മൈക്രോസിമന്റിങ്

അകത്തെ ചുമരുകൾ തേച്ച് പോളിഷ് ചെയ്തു. ചുമരിൽ മഞ്ഞ നിറത്തിൽ കാണുന്ന ഭാഗമെല്ലാം മൈക്രോസിമന്റിങ് ചെയ്തതാണ്. ചുമര് തേച്ചതിനു ശേഷം അതിനു മീതേക്കാണ് മൈക്രോസിമന്റിങ് ചെയ്യുന്നത്. ഇഷ്ടനിറത്തിൽ ചെയ്തെടുക്കാം. പുട്ടിയിട്ട് പെയിന്റ് ചെയ്യുന്നതിനു സമാനമായ ചെലവ് വരും.

സ്വിമിങ് പൂൾ, ബാത്റൂമിലെ ബാത്ടബ്ബ്, വാഷ്ബേസിൻ എന്നിവയും മൈക്രോസിമന്റിങ് വഴി നിർമിച്ചതാണ്. പഴയ കിണർ മൂടിക്കളയാതെ സ്ലാബ് വാർത്ത് ഇരിപ്പിടം ക്രമീകരിച്ച് അതിന്റെ തുടർച്ചയെന്നോണം സ്വിമിങ് പൂൾ പണിതു. മൈക്രോസിമന്റിങ് ചെയ്ത് പൂൾ നിർമിച്ചതി നാൽ ജോയിന്റുകളില്ലാതെ ഓർഗാനിക് ആകൃതിയിൽ ചെയ്തെടുക്കാനായി.

കോൺക്രീറ്റ് ഫ്ലോറിങ്

നിലം കോൺക്രീറ്റ് കൊണ്ടാണ്. തറ കോൺക്രീറ്റ് ചെയ്ത് പോളിഷ് ചെയ്താൽ കുറഞ്ഞ ചെലവിൽ അടിപൊളി കോൺക്രീറ്റ് ഫ്ലോറിങ് ലഭിക്കും. ജോയിന്റുകളില്ലാതെ ലഭിക്കും എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, തറ, ചുമര്, സീലിങ് എന്നിവ മൂന്നും ഒരേ മെറ്റീരിയൽ കൊണ്ടു പണിയുന്നതാണ് ട്രെൻഡ്. അപ്പോൾ അരികുകൾ ഇല്ലാതെ മൂന്നും ഒന്നിന്റെ തുടർച്ചയെന്നോണം അനുഭവവേദ്യമാകും. ഇവിടെ ബാത്റൂമിൽ ഇതു പരീക്ഷിച്ചിട്ടുണ്ട്.

onlineimage5

കോൺക്രീറ്റ് സ്റ്റെയർ നൽകി ഒരു ആറ്റിക് സ്പേസ് സൃഷ്ടിച്ചിട്ടുണ്ട്. ഇഷ്ടനിറത്തിൽ കോൺക്രീറ്റ് ഫ്ലോർ ഒരുക്കാൻ സാധിക്കുന്നതിനാൽ ഓരോ പടികൾക്കും ഓരോ നിറമാണ്. ബെഡ്/ വർക് സ്പേസ്, ഗെയിം ഏരിയ എന്നിവയ്ക്കെല്ലാം ഈ സ്ഥലം വിനിയോഗിക്കുന്നു. തിരശ്ചീനമായി ഇടങ്ങൾ സൃഷ്ടിക്കാതെ ലംബമായി ഇടങ്ങൾ സജ്ജീകരിക്കാനാണ് ഇവിടെ ശ്രമിച്ചതെന്ന് ശ്യാംരാജ് പറയുന്നു. ഒരിടത്തെ മൂന്നു രീതിയിൽ പ്രയോജനപ്പെടുത്താനായി. തൽഫലമായി ഇടുക്കം തോന്നാതെ ഇടങ്ങൾ പിറവിയെടുക്കുന്നു. ചരിഞ്ഞ മേൽക്കൂര കൊണ്ടുണ്ടായ നേട്ടം കൂടിയാണിത്.

onlineimage4

ലൈറ്റ്, ഇലയുടെ ആകൃതിയിലുള്ള ഷവർ, ബൾബിന്റെ എൻഡ് ക്യാപ് കൊണ്ടുള്ള സ്വിച്ച്, ലാൻഡ്സ്കേപ്പിലെ ഹെൽമറ്റ് കൊണ്ടുള്ള ചിലന്തി വല എന്നിങ്ങനെ സർഗാത്മകത തുളുമ്പുന്ന വ്യത്യസ്തമായ കാഴ്ചകൾ ഒട്ടേറെയുണ്ട് ഇവിടെ. ബസ്സിന്റെ ബോഡി വർക് ചെയ്യുന്നിടത്തു നിന്ന് കണ്ടെത്തിയ പഴയ ഇരുമ്പു മേശയാണ് ഡൈനിങ് ടേബിൾ. പമ്പിൽ പെട്രോൾ അടിക്കുന്ന ഹോസാണ് ടാപ്. അങ്ങനെ വ്യത്യസ്തതകളുടെ പറുദീസയാണ് ഈ പാഡി.

ആർക്കിടെക്ട് ടീം: ശ്യാംരാജ് ചന്ത്രോത്ത്,

ആസിയ എച്ച്. മൊണ്ടാൽ, 7th Hue Architecture Collective, തൃശൂർ