പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവണം ഇനിയുള്ള കാലത്തെ നിർമാണങ്ങളെല്ലാം. പരിസ്ഥിതിയോടു ചേർന്നു നിൽക്കുന്ന നിർമാണവസ്തുക്കൾക്കായുള്ള പരീക്ഷണങ്ങളും ചർച്ചകളും എല്ലാ മേഖലയിലും നടക്കുന്നുണ്ട്. പെയിന്റിന്റെ കാര്യത്തിലാണെങ്കിൽ അതൊരു ആരോഗ്യപ്രശ്നം കൂടിയാണ്. അടച്ചിട്ട മുറികളിൽ പെയിന്റിന്റെ വിഷാംശം എത്രമാത്രം പ്രശ്നങ്ങളുണ്ടാക്കുമെന്നത് കൂടുതൽ പഠിക്കേണ്ട വിഷയമാണ്.
ഈ അവസരത്തിലാണ് പ്രകൃതിയിലുള്ള നിറങ്ങൾ എന്തുകൊണ്ട് പെയിന്റിൽ ഉപയോഗിച്ചുകൂടാ എന്ന ചോദ്യം പ്രസക്തമാകുന്നത്. അത്തരം പെയിന്റുകൾ കേരളത്തിലെ വിപണിയിൽ എത്തിഎന്നതാണ് പുതിയ വാർത്ത. മണ്ണും ഇലകളും പോലെ പ്രകൃതിയിൽ നിന്നു തന്നെ പെയിന്റിനാവശ്യമായ നിറങ്ങൾ ശേഖരിക്കാം എന്നാണ് നാച്വറൽ പിഗ്‌മെന്റ് ഉപയോഗിക്കുന്ന പെയിന്റ് കമ്പനികൾ അവകാശപ്പെടുന്നത്.
നിറങ്ങൾ ഒട്ടേറെ
95% പ്രകൃതിദത്ത നിർമാണവസ്തുക്കളും ബാക്കി അഞ്ച് ശതമാനം മാത്രം കെമിക്കൽ കോംപൗണ്ടുകളുമടങ്ങുന്ന ലോ വൊളാറ്റെയിൽ പെയിന്റാണ് തൃശൂർ ആസ്ഥാനമായ ഭൂമി നാച്വറലിന്റേത്. മണ്ണ്, ഇലകൾ, മണ്ണിൽ നിന്നു ലഭിക്കുന്ന മറ്റു മൂലകങ്ങൾ എന്നിവയിൽ നിന്നാണ് നിറങ്ങൾ വേർതിരിക്കുന്നത്. കൂടുതലും നാച്വറൽ, എർത്തേൺ നിറങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. വെള്ള, കറുപ്പ്, പിങ്ക്, പച്ച, ഇളം നീല, ബേജ് എന്നിവയുടെ വ്യത്യസ്ത ഷേഡുകൾ ഇത്തരം പെയിന്റുകളിൽ ലഭിക്കും. നാല്, പത്ത് ലീറ്റർ ബോട്ടിലുകളാണ് വിപണിയിൽ എത്തുന്നത്. മറ്റ് പെയിന്റുകൾ പോലെ ബേസ് കളർ വാങ്ങിയശേഷം കളർ ടിന്റ് ചേർക്കുകയല്ല ഇവിടെ ചെയ്യുന്നത്. പകരം ഓരോ ടിന്നിലുമുള്ള പെയിന്റിന് നിറമുണ്ടായിരിക്കും. വാട്ടർ ബേസ്ഡ് പെയിന്റ് ആയതിനാൽ വെള്ളം ചേർത്താണ് ഉപയോഗിക്കുന്നത്. ഒരു ലീറ്റർ പെയിന്റിൽ 200 മില്ലി ലീറ്റർ എന്ന കണക്കിന് വെള്ളം ചേർക്കണം. പെയിന്റ് ഏത് വലുപ്പമുള്ള ടിൻ തിരഞ്ഞെടുത്താലും ലീറ്ററിന് 280 രൂപ നിരക്കിലാണ് വില.
മണമില്ലാ പെയിന്റ്
വൊളാറ്റെയിൽ കോംപൗണ്ട് കുറവായതുകൊണ്ട് മറ്റു പെയിന്റുകൾക്കുള്ളതുപോലെ പ്രത്യേക മണമില്ല എന്നതാണ് പ്രത്യേകത.‘‘ രോഗികളും ചെറിയ കുട്ടികളും ഉപയോഗിക്കുന്ന മുറികളിലേക്ക് ഏറ്റവും അനുയോജ്യമാണ് ഇത്. മദ്രാസ് ഐഐടിയിൽ നിന്നുള്ള ഗവേഷണഫലമാണ് ഈ പെയിന്റ്,’’ ഭൂമി നാച്വറൽ പിഗ്മെന്റ് പെയിന്റിന്റെ എംഡി ഡോ. അജിത് കുമാർ പറയുന്നു. പ്രൈമർ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് നാച്വറൽ പിഗ്മെന്റ് പെയിന്റിന്റെ മറ്റൊരു മേന്മയായി നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇത് ചെലവ് നിയന്ത്രണത്തിൽ നിർത്താനും സഹായിക്കും.
ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഭിത്തിയിലും സീലിങ്ങിലും മേൽക്കൂരയിലും ഇന്റർലോക്ക് കട്ടയിലുമൊക്കെ ഈ പെയിന്റ് അടിക്കാൻ സാധിക്കും. സാധാരണ പെയിന്റ് ചെയ്യുന്നതു പോലെത്തന്നെ ബ്രഷ്, റോളർ, സ്പ്രേയർ ഇതൊക്കെ ഉപയോഗിക്കാം. പ്രകൃതിദത്ത സാമഗ്രികളാണ് കൂടുതൽ എന്നതിനാൽ ഭിത്തിക്ക് കൂടുതൽ നാച്വറൽ ലുക്ക് കൊണ്ടുവരാൻ ഈ പെയിന്റ് സഹായിക്കും.
ഉണങ്ങാൻ സമയം
സാധാരണ പെയിന്റിനെ അപേക്ഷിച്ച് ഉണങ്ങാൻ കുറച്ചധികം സമയമെടുക്കും വേനൽക്കാലത്ത് നാലോ അഞ്ചോ മണിക്കൂർ കൊണ്ട് ആദ്യത്തെ കോട്ട് ഉണങ്ങും. അതിനുശേഷം രണ്ടാമത്തെ കോട്ട് അടിക്കാം. എന്നാൽ മഴക്കാലത്ത് ഓരോ കോട്ടും ഉണങ്ങാൻ അല്പം കൂടുതൽ സമയമെടുക്കും. ആറോ ഏഴോ മണിക്കൂർ എടുക്കും ആദ്യത്തെ കോട്ട് പെയിന്റ് ഉണങ്ങാൻ. എന്നാൽ പ്രകൃതിദത്ത സാമഗ്രികൾ ആയതിനാൽ പെയിന്റ് പൂർണമായി ഉണങ്ങുന്നതിനു മുൻപ് മുറി ഉപയോഗിക്കാം. പ്രകൃതിദത്ത നിറങ്ങളായതിനാൽ മ്യൂറൽ പെയിന്റിങ്ങിനും ഈ പെയിന്റ് ഉപയോഗിക്കുന്നുണ്ട്.
മറ്റ് പെയിന്റുകളെ അപേക്ഷിച്ച് പൂപ്പലിനെയും ഈർപ്പത്തെയും കൂടുതൽ പ്രതിരോധിക്കുമെന്നും കൂടുതൽ കാലം ഈടുനിൽക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്:
ഭൂമി നാച്വറൽ പിഗ്‌മെന്റ് പെയിന്റ്, തൃശൂർ
Instagram: drkuttysformulations