തിരക്കുകളിൽ നിന്ന് ഓടിയെത്തുമ്പോൾ കൈനീട്ടി വരവേൽക്കാൻ ഒരു വീടുവേണമെന്നത് ഏതു പ്രവാസിയും കൊതിക്കുന്ന കാര്യമാണ്. തൃശൂർ അടാട്ട് നിർമിച്ച ‘ശ്രീരമണീയം’ എന്ന വീടിന്റെ നിർമാണത്തിനു പിന്നിലും ഇത്തരമൊരു ഗൃഹാതുരത ഒളിഞ്ഞിരിപ്പുണ്ട്. പ്രവാസിയായ സനീഷിനും കുടുംബത്തിനും നാടിനോടും പച്ചപ്പിനോടുമുള്ള സ്നേഹം മുഴുവൻ ഈ വീട്ടിൽ കാണാം.
ആറ് സെന്റേയുള്ളൂവെങ്കിലും ജനലുകളെല്ലാം പച്ചപ്പിലേക്കു തുറക്കണം എന്നു വീട്ടുകാർ ആഗ്രഹിച്ചു.
മരച്ചില്ലകൾക്കിടയിലൂടെ വീട് കാര്യമായൊന്നും പുറത്തുകാണാത്തതിനാൽ എലിവേഷനിലേക്കല്ല ഈ വീട്ടിലെ ശ്രദ്ധ പോകുന്നത്. മറിച്ച് വീട്ടുകാർക്ക് ഓരോ ഇഞ്ചും ആസ്വദിക്കാവുന്ന വിധം സൗകര്യപ്രദവും സുന്ദരവുമായി ക്രമീകരിച്ച ഇന്റീരിയറിലേക്കാണ്.
വാസ്തുവനുസരിച്ച് മുറികൾ
ട്രോപ്പിക്കൽ–ട്രെഡീഷണൽ ശൈലിയിലുള്ള വീടാണ് സനീഷും കുടുംബവും ആർക്കിടെക്ട് ടീമിനോട് ആവശ്യപ്പെട്ടത്. വീട് അടച്ചിടേണ്ടിവരുമെന്നതിനാൽ പരിപാലനച്ചെലവ് കൂടുകയുമരുത് എന്നതും വീട്ടുകാരുടെ ആവശ്യമായിരുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് മുറികളുടെ സ്ഥാനം കണക്കാക്കിയ ഒരു പ്ലാൻ തയാറാക്കിയതിനുശേഷമാണ് വീട്ടുകാർ ആർക്കിടെക്ട് ടീമിനെ സമീപിച്ചത്. മുറികളുടെ സ്ഥാനത്തിനു കാര്യമായ മാറ്റം വരുത്താതെ, എന്നാൽ സ്വഭാവത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്ലാൻ പൂർത്തിയാക്കി.
കോമൺ ഏരിയ മുഴുവൻ ഒരേ ഹാളിന്റെ ഭാഗമായി ക്രമീകരിക്കുന്ന വിധത്തിൽ ഓപ്പൺ പ്ലാൻ സ്വീകരിച്ചു. വീടിന്റെ കേന്ദ്രഭാഗമായ ഡൈനിങ് ഏരിയയിലേക്ക് എല്ലാ മുറികളിൽ നിന്നും ശ്രദ്ധ കിട്ടുന്ന വിധത്തിലാണ് മുറികളുടെ ക്രമീകരണം. വർക്ഏരിയ പ്രത്യേകമായി വേണ്ട എന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓപ്പൺ കിച്ചൺ അവർക്ക് ഇഷ്ടവുമായിരുന്നു. ഒരു നീളൻ അടുക്കള പകുതി തുറന്നും മറുപകുതി ഭിത്തി കൊണ്ടു മറച്ചും വീട്ടുകാരുടെ ഇഷ്ടങ്ങൾ പൂർത്തീകരിച്ചു.
തൃശൂരിൽ സുലഭമായ ഇഷ്ടിക ഉപയോഗിച്ചാണ് നിർമാണം. ചില ഭിത്തികൾ ഇഷ്ടിക പുറത്തുകാണുന്ന വിധത്തിൽ തേക്കാതെ വിടാം എന്നു തീരുമാനിച്ചെങ്കിലും നിർമാണത്തിന്റെ പല ഘട്ടങ്ങളിലും ആശങ്കയ്ക്കിടയുണ്ടായിട്ടുണ്ട്. പണിക്കാർ പലപ്പോഴും അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ ഫലമായി ഭിത്തിയിൽ സിമന്റ് പറ്റിയതൊക്കെ വൃത്തിയാക്കിയെടുക്കാൻ കുറച്ചധികം പരിശ്രമിക്കേണ്ടിവന്നു. ഒടുവിൽ ആഗ്രഹിച്ചതുപോലെത്തന്നെ തേക്കാത്ത ഭിത്തികൾ നിലനിർത്താനായി.
ട്രെഡീഷണൽ വീട് ഇഷ്ടമാണെങ്കിലും വീട്ടുകാർക്ക് പതിവായി ശ്രദ്ധിക്കാനാവില്ല എന്നതാണ് ഓടിട്ട മേൽക്കൂര ഒഴിവാക്കിയതിന്റെ പ്രധാന കാരണം. വാർത്ത് മുകളിൽ ട്രസ്സിടുമ്പോഴുള്ള അധികച്ചെലവും ഒഴിവാക്കാം. സിറ്റ്ഔട്ടും സ്വീകരണമുറിയും മാത്രം ട്രസ്സിട്ട് ഓടിട്ടു.
ഫ്ലോറിങ്ങിലൂടെ ഭംഗി
വീടിനുള്ളിലൊരു കോർട്‌യാർഡ് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വെള്ളം അകത്തുവരാത്ത വിധത്തിൽ മുകളിൽ ഗ്ലാസ്സിട്ടാണ് ഈ കോർട്‌യാർഡിന്റെ നിർമാണം. എന്നാൽ, ഭിത്തിയിൽ ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച ജാളിയിലൂടെ അകത്തെ ചൂടുവായു പുറത്തുപോകാൻ സൗകര്യവുമുണ്ട്.
ഫ്ലോറിങ്ങാണ് വീടിനുള്ളിൽ നിറങ്ങൾ വാരിവിതറുന്നത്. ജയ്സാൽമീർ സ്റ്റോണും കോട്ട സ്റ്റോണുമാണെന്ന് തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള ഗാൽവനൈസ്ഡ് വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്. രണ്ട് നിറങ്ങൾ ഉപയോഗിച്ചതിനാൽ ഓപ്പൺ ഏരിയയിലെ മുറികളെ വേർതിരിക്കാനും ഫ്ലോറിങ്ങിന്റെ സഹായം തേടിയിട്ടുണ്ട്. കോർട്‌യാർഡിനു മുന്നിലെ ആത്തംകുടി ടൈലിനോടു സാമ്യമുള്ള ഫ്ലോറിങ്ങും ടൈൽ തന്നെയാണ്.
പല ഏരിയകളും മറ്റു മുറികളോട് ചേർത്ത് സ്ഥലം ലാഭിക്കാൻ ശ്രമിച്ചു. പൂജാമുറി ഉദാഹരണം. പ്രാർഥിക്കാൻ പ്രത്യേകം ഏരിയയുണ്ടെങ്കിലും സ്ഥലം നഷ്ടപ്പെടുന്നില്ല. ഗോവണിക്കു വേണ്ടിയും കൂടുതൽ സ്ഥലം വിനിയോഗിക്കുന്നില്ല. ഗോവണിയോടു ചേർന്ന ഭിത്തിയുടെ ഏറ്റവും മുകളിൽ കൊടുത്ത ജനാലയിലൂടെ ചൂടുവായു പുറത്തേക്കു പോകും.
Area: 1895 sqft Plot: 6.2 cent Owner: സനീഷ് & ജിനുഷ Location: അടാട്ട്, തൃശൂർ
Design: ഫാത്തിമ നസ്മിൻ, ഒ. കെ. ഫജാസ്,ആർക്കിടെക്ട് ടീം FaFa Architects, കോഴിക്കോട് Email: fafa.architects@gmail.com