ADVERTISEMENT

രാവിലെ എഴുന്നേറ്റപ്പോൾ ജോലിക്കാരെ കാണാനില്ല! തലേന്ന് രാത്രി 11 മണി വരെ വീട്ടിലുണ്ടായിരുന്നു. സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു പ്രത്യേകതയും തോന്നിയിരുന്നില്ല.

പ്രായമായ ദമ്പതികൾ തനിച്ച് താമസിക്കുന്ന അങ്കമാലിയിലെ വീട്ടിൽ അടുത്തിടെ നടന്നതാണ്. സഹായത്തിന് ഒരു മാസമായി വീട്ടിലുണ്ടായിരുന്നതാണ് അസം സ്വദേശികളായ ദമ്പതികൾ. ഔട്ട്ഹൗസിലായിരുന്നു താമസം. ശമ്പളം പോലും വാങ്ങാതെയാണ് അപ്രത്യക്ഷമായത്. വീട്ടിലെ ഒരു സാധനം പോലും നഷ്ടപ്പെട്ടുമില്ല. ഫോൺ സ്വിച്ച്ഡ് ഓഫ്. ഇതുകൊണ്ടും ദുരൂഹത തീരുന്നില്ല. ഒറ്റ സിസിടിവി ക്യാമറയിൽ പോലും ഇവർ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല!

ADVERTISEMENT

മൂന്ന് ഏക്കറിലധികമുള്ള തോട്ടത്തിന് നടുവിലാണ് വീട്. ചുറ്റും മതിലും വേലിയുമുണ്ട്. പറമ്പിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴികളിലടക്കം സിസിടിവി സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

ഉൾപ്രദേശത്തുള്ള വീട്ടിൽ നിന്നും ടൗണിലെത്തണം എങ്കിൽ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കണം. ഇവർ നടന്നു പോകുന്നതായ ദൃശ്യങ്ങൾ വഴിയരികിലുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവികളിലും പതിഞ്ഞിട്ടില്ല!

worker
ADVERTISEMENT

പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഫോൺ പിന്നീട് ഉപയോഗിച്ചിട്ടേയില്ല. അസം സ്വദേശികളാണെന്നല്ലാതെ കൃത്യമായ വിലാസം വാങ്ങിയിരുന്നില്ല.

പൊലീസ് നൽകുന്ന സൂചനകൾ ഇങ്ങനെ Ð ലഹരിമരുന്നോ സ്വർണമോ കൈമാറുന്നതിനോ മറ്റെന്തെങ്കിലും ദൗത്യം നിർവഹിക്കുന്നതിനോ കേരളത്തിലെത്തിയതായിരിക്കാം ഇവർ. ജോലി പൂർത്തിയാകുന്നതുവരെയുള്ള സുരക്ഷിത ഇടത്താവളം എന്ന നിലയിലായിരിക്കാം വീട്ടിൽ ജോലിക്കെത്തിയത്. വിദഗ്ധ പരിശീലനം നേടയവരായതിനാലാണ് ക്യാമറകളുടെ കണ്ണിൽപ്പെടാതെയും തെളിവൊന്നും അവശേഷിപ്പിക്കാതെയും കടക്കാനായത്. ഇവരുടെ സംഘത്തിൽ‌ ഉൾപ്പെട്ടവരുടെ സഹായവും ഇതിന് ലഭിച്ചിരിക്കാം.

ADVERTISEMENT

ജോലിക്കായി പരിചയമില്ലാത്തവരെ വീട്ടിൽ താമസിപ്പിക്കുന്നതിന്റെ അപകടസാധ്യത വെളിവാക്കുന്ന സംഭവങ്ങളുടെ ഒരു ‘സാംപിൾ’ മാത്രമാണിത്.

അന്യസംസ്ഥനത്തു നിന്നുള്ളവരെ വീട്ടിൽ ജോലിക്ക് നിർത്തുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ദിക്കണം.

worker3

1. മുൻപ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന എൻഐഒ സർട്ടിഫിക്കറ്റ് (നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ്) കൈവശമുള്ളവരെ മാത്രം ജോലിക്കാരായി നിയമിക്കുക. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നമ്മുടെ നാട്ടിലെ തന്നെ ജില്ലാ പൊലീസ് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ, തുണ (https://thuna.keralapolice.gov.in/) വെബ്സൈറ്റ് വഴിയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പ് (Pol App) വഴിയോ സമർപ്പിക്കാം. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെടുത്തിയുള്ള iCoPS ആപ് വഴിയാണ് വിവര പരിശോധന നടക്കുന്നത്. തന്നിരിക്കുന്ന വിലാസം കൃത്യമാണോ എന്ന് ഉറപ്പുവരുത്താനും ഇതുവഴി കഴിയും.

2. ജോലിക്കാരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി വാങ്ങിവയ്ക്കണം. ഇവരുടെ ഫോട്ടോയും എടുത്തു വയ്ക്കണം.

3. അടുത്ത ബന്ധുക്കളിൽ ഒന്നോ രണ്ടോ പേരെ ജോലിക്കാരെ പരിചയപ്പെടുത്തണം. തിരിച്ചറിയൽ കാർഡിന്റെ കോപ്പി ഇവർക്കു കൂടി നൽകണം. കൂടുതൽ പേർക്ക് തന്റെ ഐഡന്റിറ്റി അറിയാം എന്ന ബോധ്യം ജോലിക്കാർക്കുണ്ടാകണം.

4. ജോലിക്കാരുടെ നാട്ടിലുള്ള അടുത്ത ബന്ധുവിന്റെ വിലാസവും ഫോൺ നമ്പരും കൂടി കൈവശം സൂക്ഷിക്കണം. ഇവരുമായി അത്യാവശ്യ പരിചയം സ്ഥാപിക്കണം.

5. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി നിരീക്ഷിക്കണം. വിവരം പൊലീസിനെ അറിയിക്കണം.‍ വിവരങ്ങൾക്കു കടപ്പാട്: കെ.ആർ. പ്രശാന്ത് കുമാർ, എസ്എച്ച്ഒ, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ