ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി. കാലഘട്ടത്തിന്റെ ആവശ്യമായതു കൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകൾ ചുവടു മാറിത്തുടങ്ങി. പുതിയ കാര്യമായതു കൊണ്ട് സംശയങ്ങളും ഒട്ടേറെയാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പണിയാകും.
ഫ്ലാറ്റുകളിൽ ഓരോരുത്തർക്കും പ്രത്യേകം ബില്ലിങ് ആണ്. അവിടെ നിന്ന് കണക്‌ഷൻ താഴേക്ക് കൊണ്ടു പോകാൻ ചട്ടം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ അത് അപാർട്മെന്റിന്റെ മുഴുവൻ സുരക്ഷയെയും ബാധിക്കും. അപാർട്മെന്റിൽ വയറിങ്ങിൽ എന്തെങ്കിലും പരിഷ്കാരങ്ങൾ വരുത്തണമെങ്കിൽ ‘എ ക്ലാസ്’ കോൺട്രാക്ടർ ഡിസൈൻ ചെയ്ത്, അനുമതി നേടി മാത്രമേ ചെയ്യാൻ സാധിക്കൂ.
അനുമതി ഇല്ലാതെ പ്രത്യേകമായി ഓരോരുത്തരും ലോഡ് നൽകിയാൽ അത് മൊത്തത്തിലുള്ള അപാർട്മെന്റ് ലോഡ് കൂട്ടും. മൊത്തത്തിലുള്ള ലോഡിന്റെ ശേഷി അനുസരിച്ചായിരിക്കും ട്രാൻസ്ഫോർമർ, സ്വിച്ച് ബോർഡ് എന്നിവയുടെ റേറ്റിങ് നിശ്ചയിച്ചിട്ടുണ്ടാകുക. അപ്പോൾ ലോഡ് കൂടിയാൽ ട്രാൻസ്ഫോർമറിന്റെ ശേഷി പോരാതെ വരും. അതോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളുണ്ടാകാം. അതിനാൽ പൊതുവായ ചാർജിങ് പോയിന്റ് നൽകുന്നതാണ് നല്ലത്. അതിന്റെ ബില്ലിങ് അസോസിയേഷനോ കെഎസ്ഇബി പോലെയുള്ള തേർഡ് പാർട്ടി ചാർജിങ് പോയിന്റ് സ്ഥാപിച്ച് അതിനു പ്രത്യേകം താരിഫ് കൊടുക്കുന്നതു പോലെയുള്ളതോ ആയ കാര്യങ്ങൾ ആലോചിക്കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ജയകുമാർ നായർ, ഡയറക്ടർ, സസ്റ്റെനർജി ഫൗണ്ടേഷൻ, കോട്ടയം